|    Apr 30 Sun, 2017 6:41 am
FLASH NEWS

സ്മാര്‍ട്ട്‌സിറ്റി: കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് 29ന്

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റിക്ക് രൂപരേഖയൊരുക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് ഈ മാസം 29ന്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണു തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കുക. തദ്ദേശഭരണ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നംഗ ഉപസമിതിയെയും ഇതിലേക്കു നിയോഗിച്ചു. നവംബര്‍ 21, 23 തിയ്യതികളില്‍ കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പു നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. അതിനു ശേഷമാണു 29നു തിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ അസൗകര്യമാണു യോഗം മാറ്റിവയ്ക്കാന്‍ കാരണമെന്നാണു വിവരം. പദ്ധതിക്കു വേണ്ടിയുള്ള രൂപരേഖ മാര്‍ച്ചിന് മുമ്പ് സമര്‍പ്പിക്കാനാണു കേന്ദ്രം കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പു നീളുന്നതോടെ അനുബന്ധ പ്രവര്‍ത്തനങ്ങളും വൈകുമെന്നാണ് അറിയുന്നത്. ഇതു രൂപരേഖ തയ്യാറാക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നതിനും തടസ്സമാവും. എട്ടു കണ്‍സള്‍ട്ടന്‍സികളാണു പരിഗണനയിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ ചുരുക്കപ്പട്ടികയില്‍പ്പെടുത്തിയ 48 ഏജന്‍സികള്‍ക്ക് നഗരസഭ അറിയിപ്പു നല്‍കിയിരുന്നെങ്കിലും എട്ടു പേര്‍ മാത്രമാണു പ്രതികരണം അറിയിച്ചത്. അടുത്തമാസം അഞ്ചിനു മുമ്പു രൂപരേഖ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ നിര്‍ദേശം. ഇതനുസരിച്ച് ആദ്യം താല്‍പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറു കമ്പനികള്‍ പങ്കെടുത്തു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ക്കു വേണ്ടി സ്മാര്‍ട്ട്‌സിറ്റി രൂപരേഖ തയ്യാറാക്കാന്‍ 11 കമ്പനികളെയാണ് കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കമ്പനികളും ആദ്യ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുവെന്നു കണ്ടെത്തി. മറ്റു കമ്പനികള്‍ ഇതിനെ ചോദ്യംചെയ്താല്‍ പദ്ധതി അനിശ്ചിതത്വത്തിലാവുമെന്നു ബോധ്യമായപ്പോഴാണു വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതിനിടെ രൂപരേഖ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 25ലേക്കു കേന്ദ്രം നീട്ടിയിരിക്കുകയാണ്. കേന്ദ്രം നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട 11 എണ്ണത്തിനു പുറമെ രാജ്യത്തൊട്ടാകെയുള്ള 48 കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ക്കും കോര്‍പറേഷന്‍ അറിയിപ്പു നല്‍കുകയായിരുന്നു. കേന്ദ്രം നിര്‍ദേശിച്ച 11 ഏജന്‍സികള്‍ക്ക് പുറമെ സ്‌റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റ് യൂനിറ്റ് സ്വന്തം താല്‍പര്യപ്രകാരം നിര്‍ദേശിച്ച നാല് ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തിയാണു കഴിഞ്ഞ തവണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാമതു പട്ടികയില്‍ ഇടംപിടിച്ച ഒരു ഏജന്‍സി പ്രവര്‍ത്തനമികവിനു മറ്റുള്ളവയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയതു സംശയത്തിനിടയാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് ഈ പോരായ്മ കണ്ടെത്തി കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പിനായി വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത്. അത് അടിസ്ഥാനമാക്കിയുള്ള കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പാണു 29നു നടക്കുക. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണു സ്മാര്‍ട്ട്‌സിറ്റി പദവി ലഭിച്ചാല്‍ തലസ്ഥാനത്തിനു ലഭിക്കുക. ഇതിനായി കേന്ദ്രം നിര്‍ദേശിച്ചുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രൂപരേഖ തയ്യാറാക്കി നല്‍കണം. പ്രവര്‍ത്തന മികവ്, ചെലവ് എന്നിവ കണക്കാക്കിയാണു കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day