|    Jan 23 Mon, 2017 6:11 am
FLASH NEWS

സ്മാര്‍ട്ട്‌സിറ്റി: കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ച തുടങ്ങി

Published : 17th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നഗരത്തെ സ്മാര്‍ട്ട്‌സിറ്റിയാക്കാനുള്ള രൂപരേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചു. അഞ്ച് ഏജന്‍സികളാണു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. പ്രവര്‍ത്തന മികവ് സംബന്ധിച്ച് ഓരോ കമ്പനികളും അവതരണം നടത്തി. ഫിനാന്‍സ് ബിഡിന്റെ കൂടി അടിസ്ഥാനത്തിലാവും അന്തിമ തിരഞ്ഞെടുപ്പു നടത്തുക. പ്രവര്‍ത്തന മികവ്, രൂപരേഖ തയാറാക്കാന്‍ ചെലവാക്കാനുദ്ദേശിക്കുന്ന പണം എന്നിവയുടെ അടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നത്. സ്മാര്‍ട് സിറ്റി പദ്ധതിക്കു വേണ്ടിയുള്ള ആശയങ്ങള്‍ സ്വരൂപിച്ചു കഴിഞ്ഞാല്‍ രൂപരേഖ തയ്യാറാക്കുന്നത് കണ്‍സള്‍ട്ടന്‍സിയുടെ ചുമതലയാണ്. സംസ്ഥാനാന്തര മത്സരത്തില്‍ പങ്കെടുക്കുന്ന 47 നഗരങ്ങളില്‍ നിന്നു തിരഞ്ഞെടുക്കുന്ന 40 നഗരങ്ങള്‍ക്കാണ് സ്മാര്‍ട്ട് സിറ്റി പദവി ലഭിക്കുക. പട്ടികയില്‍ ഇടംപിടിച്ചാല്‍ കേന്ദ്ര സര്‍ക്കാറിന്റെ 500 കോടി സഹായം ലഭിക്കും. ഈ പട്ടികയില്‍ ഇടംപിടിക്കുന്നതിനുള്ള തീവ്രശ്രമങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. പൊതുഗതാഗതം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, ഐടി, ഊര്‍ജം, കുടിവെള്ളം, നഗരവികസനം, സംസ്‌കാരവും പൈതൃകവും, സുരക്ഷ എന്നീ മേഖലകളിലാണു സ്മാര്‍ട്ട് സിറ്റിയില്‍ പ്രധാന പ്രാമുഖ്യം നല്‍കുന്നത്. ശുദ്ധജല വിതരണം, സ്വീവേജ് നെറ്റ് വര്‍ക്ക്, റോഡ് വീതികൂട്ടല്‍ തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതാണ് ഒന്നാമത്തെ മാതൃക. കുറഞ്ഞത് 500 ഏക്കര്‍ സ്ഥലമാണ് ഇതിനു വിനിയോഗിക്കുക. നിലവിലെ സംവിധാനങ്ങള്‍ മാറ്റി പുതിയ സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ മാതൃക. ചുരുങ്ങിയത് 50 ഏക്കര്‍ സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കുക. ജനനിബിഡമല്ലാത്ത നഗരപ്രാന്ത പ്രദേശങ്ങളുടെ സമഗ്ര വികസനമാണു മൂന്നാമത്തെ മാതൃക. ദുര്‍ബല വിഭാഗങ്ങളുടെ പുനരധിവാസം ഇതില്‍ ഉള്‍പ്പെടുത്തും. ചുരുങ്ങിയത് 250 ഏക്കര്‍ പ്രദേശമാണ് ഇതിനായി വേണ്ടത്. പൊതുജനങ്ങള്‍ക്കു നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ടതാക്കുക, മാലിന്യ സംസ്‌കരണം, വാട്ടര്‍ മാനേജ്‌മെന്റ്, ഊര്‍ജ സംരക്ഷണം തുടങ്ങിയ നഗരം മൊത്തത്തില്‍ സ്മാര്‍ട് ആക്കുകയാണു നാലാമത്തെ മാതൃക. കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കാനുള്ള രൂപരേഖയില്‍ 43 ചോദ്യങ്ങളാണുള്ളത്. കോര്‍പറേഷന്‍ നല്‍കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചിത വാക്കുകളില്‍ ഇവയ്ക്കു കൃത്യമായ മറുപടി തയാറാക്കുക എന്നതാണ് കണ്‍സള്‍ട്ടന്‍സിയുടെ ജോലി. അഞ്ചു പേരില്‍ നിന്ന് ഒരു കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക