|    Jan 24 Tue, 2017 4:45 am

സ്പീക്കര്‍ തിരഞ്ഞെടുപ്പ്: രാജഗോപാലിന്റെ വോട്ടിനെച്ചൊല്ലി ബിജെപിയില്‍ അമര്‍ഷം

Published : 5th June 2016 | Posted By: SMR

o rajagopal

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഏക ബിജെപി എംഎല്‍എ ആയ ഒ രാജഗോപാല്‍ സിപിഎം സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തതിനെച്ചൊല്ലി ബിജെപിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. രാജഗോപാലിന്റെ നിലപാട് ഉള്‍ക്കൊള്ളാന്‍ പല നേതാക്കള്‍ക്കും ഇനിയുമായിട്ടില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥികളും നിയോജകമണ്ഡലം ഇന്‍ചാര്‍ജുമാരും പങ്കെടുത്ത തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലും രാജഗോപാലിന്റെ നിലപാട് രൂക്ഷമായ വിമര്‍ശനത്തിനിടയാക്കി. സിപിഎമ്മിന് വോട്ട് രേഖപ്പെടുത്തിയ നടപടി പാര്‍ട്ടി പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷമാണുളവാക്കിയതെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.


വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന നിലപാടാണു പാര്‍ട്ടി നേതൃത്വം സ്പീക്കര്‍ തിരഞ്ഞെടുപ്പുദിവസം രാവിലെ വരെയും സ്വീകരിച്ചിരുന്നത്. രാജഗോപാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നിഷ്പക്ഷത പാലിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം വോട്ടെടുപ്പില്‍ പങ്കെടുക്കുകയായിരുന്നു. കൂടാതെ സിപിഎം സ്ഥാനാര്‍ഥിക്കാണു വോട്ടുചെയ്തതെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടിയോട് ആലോചിക്കാതെ ഇത്തരമൊരു നിലപാടു സ്വീകരിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു പാര്‍ട്ടിയിലെ ഒരുവിഭാഗം. സിപിഎമ്മിന്റെ കായികമായ അതിക്രമങ്ങളെ ചെറുക്കാന്‍ അണികള്‍ പാടുപെടുന്നതിനിടയില്‍ സിപിഎമ്മിനു വോട്ടു ചെയ്തത് ഒരുതരത്തിലും നീതീകരിക്കാനാവില്ലെന്ന് യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
തന്റെ വോട്ടുവേണ്ടെന്നു പറഞ്ഞ പ്രതിപക്ഷനേതാവിന് വിഷമമുണ്ടാവാതിരിക്കാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതെന്നായിരുന്നു രാജഗോപാലിന്റെ ന്യായീകരണം. ഇതിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎമ്മിനു വോട്ടുചെയ്ത ശേഷം അതു പരസ്യമായി വെളിപ്പെടുത്താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നല്ല പേരുള്ളയാള്‍ക്കു വോട്ടുചെയ്‌തെന്ന രാജഗോപാലിന്റെ പ്രതികരണം തീര്‍ത്തും അപക്വമായിപ്പോയെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. രാജഗോപാലിന്റെ നിലപാടിനെ പരസ്യമായി ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തുവന്നതും യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടതോടെ അദ്ദേഹവും പ്രതിരോധത്തിലായി. രാജഗോപാലിന്റെ നടപടിയില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന കുമ്മനത്തിന്റെ ന്യായീകരണമാണ് ഇതോടെ പൊളിഞ്ഞത്. മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം രാജഗോപാലിനുണ്ടെന്നായിരുന്നു യോഗത്തിന് മുമ്പ് കുമ്മനം പറഞ്ഞത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതകളില്ല. പാര്‍ട്ടി ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് ചോര്‍ന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കണം. ഉമ്മന്‍ചാണ്ടിയുടെ വോട്ടാണോ ചോര്‍ന്നത് അതല്ല മറ്റാരെങ്കിലുമാണോ ചോര്‍ത്തിയതെന്ന കാര്യം വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. അതേസമയം, അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നിയമസഭയില്‍ രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാംഗങ്ങളായ സുരേഷ്‌ഗോപി, റിച്ചാര്‍ഡ് ഹേ, ഒ രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സമിതി രൂപീകരിക്കാന്‍ അവലോകനയോഗത്തില്‍ തീരുമാനമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 201 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക