|    Dec 11 Tue, 2018 8:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്പീക്കര്‍ ഏകാധിപതി; പ്രതിപക്ഷത്തിന് നീതി ലഭിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

Published : 1st December 2018 | Posted By: kasim kzm

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഏകാധിപതിയാണെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സഭാസമ്മേളനം റദ്ദാക്കിയതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് ഭക്തര്‍ വരുന്ന ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ വിഷയം ഉയര്‍ത്തിക്കാട്ടിയുള്ള പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
റൂള്‍ 15 പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും ഇതുപ്രകാരം അവതരണാനുമതി ചോദിച്ചപ്പോള്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതായും ചെന്നിത്തല ആരോപിച്ചു. കേരള നിയമസഭയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ സമാന സാഹചര്യങ്ങളില്‍ മുന്‍ സ്പീക്കര്‍മാര്‍ അനുമതി നല്‍കിയതായി കാണാം.
പ്രതിപക്ഷം മാന്യതയുടെ പരിധി ലംഘിക്കുകയാണെന്നാണ് സ്പീക്കറുടെ പരാതി. പ്രതിപക്ഷാംഗങ്ങള്‍ ആരും സ്പീക്കറുടെ ചെയര്‍ താഴെയിടുകയോ മുണ്ട് മടക്കിക്കുത്തി സ്പീക്കറുടെ കസേര മറിച്ചിടുകയോ ചെയ്യുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് തങ്ങള്‍ സഭയില്‍ വരുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
144 പിന്‍വലിക്കണമെന്നും ഭക്തര്‍ക്കുണ്ടാവുന്ന അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നുമാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. രണ്ടും രണ്ടു വിഷയങ്ങളാണെന്നിരിക്കെ എങ്ങനെയാണ് സ്പീക്കര്‍ക്ക് പ്രതിപക്ഷം ഒരേ വിഷയങ്ങളാണ് ഉന്നയിക്കുന്നതെന്നു പറയാനാവുക. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷം സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന ഭയമുള്ളതുകൊണ്ടാണ് ശബരിമല വിഷയം സഭയില്‍ ഉന്നയിക്കാന്‍ അനുമതി നിഷേധിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss