|    Nov 15 Thu, 2018 1:55 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സ്പീക്കര്‍ അപമാനിതനാവുന്ന സഭ

Published : 20th December 2015 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

രണ്ടു ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സിനെയും വിശ്വാസ്യതയെയും ബാധിക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. കേരള നിയമസഭയും ഹൈക്കോടതിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാതെപോകുന്നതു ശരിയല്ല. അസംബ്ലിയുടെ അധ്യക്ഷന്‍ സ്പീക്കറുമായി ബന്ധപ്പെട്ട വിഷയമാണ് ആദ്യത്തേത്. സഭാ ബഹിഷ്‌കരണം പ്രതിപക്ഷത്തിന്റെ നിത്യാനുഷ്ഠാനകലയായി മാറിയിട്ടുണ്ടെങ്കിലും ഇതുവരെ സ്പീക്കര്‍ നിയമസഭ ബഹിഷ്‌കരിച്ചതായി കേട്ടിട്ടില്ല. കേരള അസംബ്ലിയില്‍ കഴിഞ്ഞ ദിവസം അതും സംഭവിച്ചു. സ്പീക്കര്‍ അധ്യക്ഷപീഠത്തിലേക്കു വരാതെ ഉച്ച വരെ ചേംബറില്‍ കുത്തിയിരിപ്പുസമരം നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും മണിക്കൂറുകള്‍ പാടുപെട്ടാണ് തീരുമാനം മാറ്റിച്ച് ഒടുവില്‍ ഡെപ്യൂട്ടി സ്പീക്കറെ അധ്യക്ഷപീഠത്തില്‍ നിന്നിറക്കി സ്പീക്കറെ ആസനസ്ഥനാക്കിയത്. സ്പീക്കര്‍ ശക്തന്റെ കുത്തിയിരിപ്പുസമരം അങ്ങനെയാണ് അവസാനിപ്പിച്ചത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സ്പീക്കര്‍ ശക്തന്റെ പ്രതിഷേധം. മുഖ്യമന്ത്രിക്കോ ഏതെങ്കിലും മന്ത്രിക്കോ സൂപ്പര്‍ സ്പീക്കര്‍ ചമയാന്‍ പറ്റില്ല. പരസ്യമായി സ്പീക്കറെ വിമര്‍ശിക്കാനോ സ്പീക്കറോട് നിര്‍ദേശിക്കാനോ കുറ്റപ്പെടുത്താനോ മന്ത്രിമാര്‍ക്കു സഭാചട്ടം ഒരവകാശവും നല്‍കുന്നില്ല. എല്ലാ അംഗങ്ങളെയും സഭയെയും നിയന്ത്രിക്കുന്നത് സ്പീക്കറാണ്.
എന്തെങ്കിലും അഭിപ്രായം സഭയെ അറിയിക്കണമെങ്കില്‍ കുറിപ്പായി അതു സ്പീക്കര്‍ക്ക് എത്തിക്കുകയല്ലാതെ, അനുവാദമില്ലാതെ എഴുന്നേറ്റുനിന്നു സംസാരിക്കാന്‍ പോലും മന്ത്രിമാര്‍ക്ക് അനുവാദമില്ല. പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോകാന്‍ സൗകര്യപ്പെടുത്തുമാറ് സഭ നേരത്തേ പിരിയാന്‍ ഭരണ-പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിച്ച് സ്പീക്കര്‍ തീരുമാനമെടുത്തതായിരുന്നു. അതനുസരിച്ചുള്ള സ്പീക്കറുടെ നിയന്ത്രണത്തെയാണ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തത്.
ബില്ലുകള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ട സമയം നല്‍കാതെ ദോശ ചുട്ടെടുക്കുംപോലെ പാസാക്കുന്നു എന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. സ്പീക്കര്‍ പദവിയില്‍ ഇരിക്കാനുള്ള യോഗ്യതയടക്കം ശക്തനെ വ്യക്തിപരമായി ഇടിച്ചുതാഴ്ത്തുന്ന പല അര്‍ഥതലങ്ങളും മന്ത്രിയുടെ വാക്പ്രയോഗത്തിലുണ്ട്. ആഢ്യത്വത്തിന്റെയും ജന്മിത്വത്തിന്റെയും പ്രകടനം പോലെ. ആത്മാഭിമാനത്തെ ബാധിച്ചതുകൊണ്ടുകൂടിയാണ് മുഖ്യമന്ത്രിയോട് ശക്തന്‍ വാക്കാല്‍ പരാതിപ്പെട്ടത്. പ്രതിപക്ഷം പോലും നടത്താത്ത ആക്ഷേപമെന്നു വ്യക്തമാക്കിയത്.
സഭാനേതാവു കൂടിയായ മുഖ്യമന്ത്രി അപമാനിതനായ സ്പീക്കറെ സമാശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. ഭരണപ്രതിപക്ഷ നേതാക്കളുമായി ആലോചിച്ച് സ്പീക്കര്‍ എടുത്ത സമയം നിയന്ത്രിക്കാനുള്ള തീരുമാനം രമേശ് അറിയാഞ്ഞതുകൊണ്ട് സംഭവിച്ചതാണെന്ന്. എന്നാല്‍, പത്രപ്രതിനിധികളോട് രമേശ് അങ്ങനെ സ്വയം വിശദീകരിക്കണമെന്ന വ്യവസ്ഥ സ്പീക്കറും മുന്നോട്ടുവച്ചു. അത് രമേശ് ചെന്നിത്തല ചെയ്തില്ല. അതുകൊണ്ടാണ് സഭ അടുത്ത ദിവസം ചേര്‍ന്നപ്പോള്‍ ശക്തന്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ചുമതലയില്‍ നിന്നു വിട്ടുനിന്നതും ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി സ്പീക്കറുടെ ചുമതല നിര്‍വഹിച്ചതും.
ശക്തന്‍ മണിക്കൂറുകള്‍ വിട്ടുനിന്നു സമരമുഖം തുറന്നിട്ടും മന്ത്രി രമേശ് ചെന്നിത്തല വഴങ്ങിയില്ല. ടെലിഫോണില്‍ സ്പീക്കറോട് സംസാരിക്കാനേ തയ്യാറായുള്ളൂ. താന്‍ വച്ച ഉപാധി പോലും പാലിച്ചില്ലെങ്കിലും ശക്തനു പിന്‍വാങ്ങേണ്ടിവന്നു.
എന്നാല്‍, സംസ്ഥാന സ്പീക്കര്‍ പദവിയുടെ മാന്യതയും വിശ്വാസ്യതയും തകര്‍ക്കുന്ന മാധ്യസ്ഥ്യമാണ് നടന്നതെന്നാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. സഭാംഗമെന്ന നിലയില്‍ നടത്തിയ തെറ്റിനു സഭാചട്ടമനുസരിച്ചുള്ള നടപടിക്കു സ്പീക്കര്‍ രമേശിനെ വിധേയനാക്കിയില്ല. ഒരു കോണ്‍ഗ്രസ്സുകാരനെന്ന നിലയ്ക്കുള്ള വിധേയത്വം തെളിയിച്ചു പിന്മാറുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ കടമെടുക്കാമെങ്കില്‍, മുഖ്യമന്ത്രിക്കും സഭയില്‍ തെറ്റു ചെയ്ത മന്ത്രി രമേശിനും മുമ്പില്‍ സ്പീക്കര്‍ കീഴടങ്ങി. ശങ്കരനാരായണന്‍ തമ്പി, സി എച്ച് മുഹമ്മദ്‌കോയ തുടങ്ങി കോണ്‍ഗ്രസ്സുകാരനായ ജി കാര്‍ത്തികേയന്‍ പോലും ഉയര്‍ത്തിപ്പിടിച്ച സ്പീക്കര്‍ പദവിയുടെ മാന്യതയ്ക്കു കളങ്കമേറ്റു. സ്പീക്കറായ ശേഷം പരസ്യമായി ശക്തന്‍ പ്രകടിപ്പിക്കുന്ന പാര്‍ട്ടിവിധേയത്വം സൃഷ്ടിച്ച ദുരന്തം.
ചെന്നിത്തല സ്പീക്കറോട് പ്രകടിപ്പിച്ച ഞാനെന്ന ഭാവവും ‘ബോസിസ’വും സഭയോടു കാണിച്ച അഹങ്കാരം കൂടിയാണ്; തെറ്റിദ്ധാരണ കൊണ്ടുണ്ടായ അബദ്ധമല്ല. അംഗങ്ങള്‍ക്കു ചേരാത്ത പ്രകടനം നടത്തിയതിന് എംഎല്‍എമാരുടെ പേരില്‍ പോലിസില്‍ പരാതി എഴുതിക്കൊടുത്ത സ്പീക്കര്‍, പരാതി സഭാനേതാവായ മുഖ്യമന്ത്രിക്ക് രേഖാമൂലം കൊടുത്തിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നു. രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു മുമ്പില്‍ അടുത്ത നിമിഷം എത്തി ക്ഷമ പറയുമായിരുന്നു. വിനീതവിധേയത്വം ഉപേക്ഷിച്ച്, സ്പീക്കറാണെന്ന് ഒരു നിമിഷം ഉറച്ചു ശക്തന്‍ ചിന്തിച്ചിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രി സഭയില്‍ തെറ്റ് ഏറ്റുപറഞ്ഞു തിരുത്താന്‍ നിര്‍ബന്ധിതനാവുമായിരുന്നു. സ്വന്തം മാനാപമാനത്തേക്കാള്‍ സ്പീക്കര്‍ പദവിയുടെ മാന്യതയെപ്പറ്റി ശക്തന്‍ ചിന്തിച്ചില്ല എന്നതാണ് പ്രശ്‌നം.
സോമനാഥ് ചാറ്റര്‍ജിയുടെ ‘വിശ്വാസ്യതയുടെ ഓര്‍മക്കുറിപ്പുകള്‍’ എന്ന ആത്മകഥയെങ്കിലും നമ്മുടെ സ്പീക്കര്‍ വായിച്ചിരുന്നെങ്കില്‍! ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ ഭരണം അവസാനിക്കുന്നത് ഒട്ടേറെ അപമാനങ്ങള്‍ അടയാളപ്പെടുത്തിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു തുടങ്ങി സ്പീക്കറുടെ ഓഫിസ് വരെ അതു വ്യാപിച്ചു. രാഷ്ട്രീയം ഒരു തൊഴിലാണെന്നും അതിന്റെ ഉറപ്പും ഉയര്‍ച്ചയുമാണ് ഭരണനേതാക്കളുടെ കര്‍മമണ്ഡലത്തെ നയിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശും സ്പീക്കര്‍ എന്‍ ശക്തനും തെളിയിക്കുകയാണ്.
നിയമസഭാകാണ്ഡത്തിന്റെ മറുപുറമാണ് ഹൈക്കോടതി വിഷയത്തില്‍ കാണുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലിസുകാര്‍ ഹൈക്കോടതി ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. രണ്ടു പോലിസുകാരെയും കോടതിയില്‍ വിളിച്ചുവരുത്തി. പോലിസ് ആക്റ്റിലെ ഭാഗം പകര്‍ത്തി എഴുതിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. തീര്‍ന്നില്ല, പോലിസ് കമ്മീഷണറോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. പെരുമാറ്റം സംബന്ധിച്ച് ഡിജിപി അയച്ച സര്‍ക്കുലറിന്റെ കോപ്പിയും ഈ സംഭവത്തിലെ മേല്‍നടപടി എടുത്ത റിപോര്‍ട്ടുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകാപരമായി പെരുമാറണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, കോടതിയുടെ അന്തസ്സും ആദരവും നിലനിര്‍ത്തേണ്ടത് ഇങ്ങനെത്തന്നെയാണോ എന്നു ചോദിക്കാതെ വയ്യ. മോശം പെരുമാറ്റത്തിന് ഇരയായ ഒരു ജഡ്ജി ഏകപക്ഷീയമായി ശിക്ഷ വിധിക്കുക. അതിനുള്ള കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. നീതി നടത്തിയാല്‍ പോരാ, അതു ബോധ്യപ്പെടുത്തുകയും വേണമെന്നത് ഇവിടെ കോടതി നിര്‍വഹിച്ചോ എന്ന ചോദ്യം അവശേഷിക്കുന്നു. ഇത്രയൊക്കെ ബഹുമാനപ്പെട്ട കോടതി പോകണമായിരുന്നോ എന്നും. കോടതിയലക്ഷ്യത്തില്‍ സുപ്രിംകോടതി പോലും കാണിക്കുന്ന സംയമനവും പക്വതയും ഓര്‍മപ്പെടുത്തുന്നു.
സ്വയം കുറ്റം ആരോപിച്ച് പോലിസുകാരെ വിളിച്ചുവരുത്തി ഒരു വട്ടം ശിക്ഷിക്കുന്നു- അതും ഏകപക്ഷീയമായി. പരാതിക്കാരനും പ്രോസിക്യൂട്ടറും നീതിപാലകനും ഒരാള്‍ തന്നെയെന്നാണ് വാര്‍ത്തകളില്‍ നിന്നു മനസ്സിലാകുന്നത്. പ്രതികളെ മണിക്കൂറുകള്‍ കോടതിയില്‍ നിര്‍ത്തിയതും പകര്‍ത്തിയെഴുതിച്ചതും ശിക്ഷ തന്നെ.
സംസ്ഥാനത്തെ ഉന്നത നീതിപീഠം ഇന്നു നേരിടുന്ന യഥാര്‍ഥ അവസ്ഥ കൂടി ചേര്‍ത്തുവായിക്കണം. പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവു പോലും അനുസരിക്കാത്ത സ്ഥിതി. അതേസമയം, ടാറ്റയെപ്പോലുള്ള വന്‍കിടക്കാര്‍ക്കെതിരേയുള്ള കേസില്‍ വിചാരണ കഴിഞ്ഞു വര്‍ഷങ്ങളായിട്ടും വിധി എഴുതാത്ത സ്ഥിതി. രണ്ട് അവസ്ഥയും കൂട്ടിച്ചേര്‍ത്തു നോക്കുമ്പോള്‍ ചോദിച്ചുപോകുന്നു: പാവപ്പെട്ട രണ്ടു പോലിസുകാരോട് ഇത്രയൊക്കെ വേണമായിരുന്നോ ബഹുമാനപ്പെട്ട കോടതീ?

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍) $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss