|    Jan 19 Thu, 2017 10:10 am

സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കടലോരവാസികള്‍

Published : 4th July 2016 | Posted By: SMR

പൊന്നാനി: പൊന്നാനിയിലെ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് കടലാക്രമണ ദുരിതബാധിതര്‍. വിങ്ങിപ്പൊട്ടിയ കടലോരവാസികള്‍ക്ക് മുന്നില്‍ മറുവാക്ക് പറയാനാവാതെ സ്പീക്കര്‍ മൗനിയായി. ആശ്വാസ വാക്കുകള്‍ക്കപ്പുറം പരിഹാര നടപടികളാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് അവര്‍ പറഞ്ഞപ്പോള്‍ സ്പീക്കര്‍ എല്ലാം എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.
അഴീക്കല്‍ ലൈറ്റ് ഹൗസിലെ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സ്പീക്കര്‍.’കിടപ്പാടം നഷ്ടപ്പെട്ട് ഞങ്ങള്‍ക്ക് കോടികളുടെ പുതിയ വാണിജ്യ തുറമുഖം വേണ്ടെന്ന് ദുരിത ബാധിതര്‍ പറഞ്ഞു. ഒരു രാത്രി കൊണ്ട് ചെങ്കൊടി പിടിച്ചവരാണ് സാറേ ഞങ്ങള്‍…കടലാക്രമണത്തില്‍ പള്ളി തകരുമെന്നായപ്പോള്‍ ഒറ്റ രാത്രി കൊണ്ട് പരിഹാരം ഉണ്ടാക്കിയ ഇമ്പിച്ചിബാവയാണ് ഞങ്ങളെ കൊടിപിടിപ്പിച്ചത്. പിന്നീട് വന്നവര്‍ക്ക് ആ പാരമ്പര്യം കണ്ടില്ലെന്നും കരച്ചിലും ക്ഷോഭവും ഉള്ളിലൊതുക്കി അവര്‍ പറഞ്ഞു. അഴീക്കലില്‍ തീരങ്ങള്‍ കടലെടുത്ത് വീടുകളിലേക്ക് തിരകള്‍ അടിച്ച് തുടങ്ങി. ദുരിതത്തില്‍ പൊതിഞ്ഞ നോമ്പ് തുറകളാണ് ഞങ്ങളുടെതെന്ന് ചെക്കന്റെകത്ത് നഫീസ കരച്ചിലടക്കി പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ പൊന്നാനിയില്‍ 2 ഏക്കറിലധികം ഭൂമിയാണ് കടലെടുത്തത്.
ഞങ്ങള്‍ക്ക് ജീവിക്കണം പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളര്‍ന്ന മകള്‍ റൈഹാനത്തുമായാണ് നഫീസ സ്പീക്കറെ കാണാനെത്തിയത്. വീടും പുരയിടവും കടലെടുത്തി ഒത്തിരി കുടുംബങ്ങള്‍ ആ കൂട്ടത്തിലുണ്ടായിരുന്നു. കറുത്ത കുഞ്ഞാലിന്റെ ഫാത്തിമയുടെയും കുടുംബത്തിന്റെയും കഥയും ഏകദേശം ഇതൊക്കെ തന്നെയാണ്. കലിയിളകിയ കടലിന്റെ രൗദ്രഭാവത്തിന് മുന്നില്‍ ജിവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട തീരത്തെ കുടുംബങ്ങളുടെ കണ്ണിരിന് മുന്നില്‍ സ്പീക്കറുടെ ശബ്ദം പലപ്പോഴും ഇരുണ്ടായിരുന്നു. കടല്‍ഭിത്തി നിര്‍മിക്കാന്‍ രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും സ്പീക്കര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക