|    Oct 16 Tue, 2018 1:08 pm
FLASH NEWS
Home   >  Sports  >  Cricket  >  

സ്പിന്‍ മഴയില്‍ കംഗാരുക്കള്‍ വഴുതി വീണു

Published : 21st September 2017 | Posted By: ev sports


കൊല്‍ക്കത്ത: കൊല്‍ക്കത്ത: എന്നും മികച്ച വിജയങ്ങള്‍ സമ്മാനിച്ച കൊല്‍ക്കത്തയിലെ ഭാഗ്യഗ്രൗണ്ടില്‍ ഇത്തവണയും ഇന്ത്യന്‍ തേരോട്ടം. ഇന്ത്യ ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 50 റണ്‍സിനാണ് ഇന്ത്യ കംഗാരുക്കളെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസീസ് 43.1 ഓവറില്‍ 202 റണ്‍സിന് പുറത്തായി. ഹാട്രിക്ക് നേടിയ കുല്‍ദീപ് യാദവിന്റെ ഉജ്ജ്വ ബൗളിങ്ങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ മുന്നിലെത്തി. ബാറ്റിങ് നിരയില്‍  92 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും 55 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
ചെന്നെയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്തയിലും ടീം ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ചാം ഓവറില്‍ സ്‌കോര്‍19ലെത്തി നില്‍ക്കേയാണ്  ആദ്യ വിക്കറ്റ് വീണത്. ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മയെ കോള്‍ട്ടര്‍ നൈല്‍ കര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ  ക്യാപ്റ്റന്‍ കോഹ്‌ലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. ശ്രദ്ധാപൂര്‍വ്വം ബാറ്റ് വീശിയ ഇരുവരും മോശം പന്തുകള്‍ തിരഞ്ഞെടുത്ത് ഓസീസ് ബൗളര്‍മാരെ പ്രഹരിക്കുകയും ചെയ്തു. 107 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി 92 റണ്‍സെടുത്തത്. 64 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെയാണ് രഹാനെ 55 റണ്‍സെടുത്തത്. 23ാം ഓവറിലാണ് റണ്ണൗട്ടിലൂടെ രഹാനെ പുറത്തായതോടെയാണ് ഈ കൂട്ട് കെട്ട് അവസാനിച്ചത്. പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാരെല്ലാം ഒന്നിനു പുറകേ ഒന്നായി കൂടാരം കയറി.  രോഹിത് ശര്‍മ (ഏഴ്), മനീഷ് പാണ്ഡെ (മൂന്ന്), കേദാര്‍ ജാദവ് (24), ഹാര്‍ദ്ദിക് പാണ്ഡ്യ (20), ഭുവനേശ്വര്‍ കുമാര്‍ (20) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. മുന്‍ ക്യാപ്റ്റന്‍ ധോണി അഞ്ച് റണ്‍സെടുത്തു പുറത്തായി.  ജസ്പ്രീത് ബുംറ (10)  പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനും തുടക്കം പിഴച്ചു. ഓപണര്‍മാരായ കാര്‍ട്ട്‌റൈറ്റും ഡേവിഡ് വര്‍ണറും ഓരോ റണ്‍സ് വീതമെടുത്ത് പുറത്തായി. ഭുവനേശ്വര്‍കുമാറിന്റെ പന്തിലാണ് ഇരുവരും കൂടാരം കയറിയത്.  രണ്ടാം ഓവറില്‍ കാര്‍ട്ട്‌റൈറ്റ് മടങ്ങിയപ്പോള്‍ സ്‌കോര്‍ ഒമ്പതിലെത്തി നില്‍ക്കേ നാലാം ഓവറില്‍ വര്‍ണറും മടങ്ങി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രഹാനെക്കു ക്യാച്ച് നല്‍കിയാണ് വര്‍ണര്‍ മടങ്ങിയത്. മുന്‍നിര കളിക്കാര്‍ പുറത്തായതോടെ ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്റ്റീവന്‍ സ്മിത്ത് ജാഗ്രതയോടെ ബാറ്റ് വീശി. 76 പന്തില്‍ നിന്നും എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു സ്മിത്ത് അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മധ്യനിരയില്‍ മാര്‍ക്കസ് സ്‌റ്റോണിസ് നടത്തിയ ചെറുത്തു നില്‍പ്പാണ് വന്‍ തകര്‍ച്ചയില്‍ നിന്നും ഓസീസിനെ കരകയറ്റിയത്. 65 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും മൂന്നു സിക്‌സറുകളടക്കം 62 റണ്‍സുമായി സ്റ്റോണിസ് പുറത്താവാതെ നിന്നു. വാലറ്റനിരയിലെ ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടക്കം തികയ്ക്കാതെ പുറത്തായതോടെ ഓസീസ് സ്‌കോര്‍ 43.1 ഓവറില്‍  202 ലൊതുങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss