|    Feb 23 Thu, 2017 4:11 am
FLASH NEWS
Home   >  Sports  >  Cricket  >  

സ്പിന്‍ തുണച്ചു തുടങ്ങി, ഇംഗ്ലണ്ട് പതറുന്നു

Published : 19th November 2016 | Posted By: SMR

വിശാഖപട്ടണം: ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം പിന്നിട്ടപ്പൊള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 455 റണ്‍സിന്റെ പ്രതിരോധം തീര്‍ത്ത ആഥിതേയര്‍ക്കുമുന്നില്‍ ഇന്നലെ കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 103  എന്ന തകര്‍ച്ചയുടെ വക്കിലാണ്. ഇംഗ്ലണ്ടിന് ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാന്‍ 153 റണ്‍സുകൂടിവേണം. അതേസമയം മല്‍സരം മുന്നാം ദിനത്തിലേക്ക് കടക്കുന്നതോടെ  പിച്ച  സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നത് സന്ദര്‍ശകര്‍ക്കു വീണ്ടും വെല്ലുവിളിയാകും.
ഒന്നാമിന്നിങ്‌സില്‍ രവിചന്ദ്ര അശ്വിന്‍ തന്റെ എട്ടാം അര്‍ധശതകവുമായി തിളങ്ങിനിന്നപ്പോള്‍ ഇന്ത്യ 455 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തി. മികച്ച സ്‌കോറിലേക്ക് കുതിച്ച ഇന്ത്യന്‍ ഇന്നിങ്‌സിന് ബ്രേക്കിട്ടത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയുടെ മൂന്നു വിക്കറ്റ് പ്രകടനമാണ്.
ഒന്നാമിന്നിങ്‌സിന്റെ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കിനെ(2) മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാമനായി ക്രീസിലെത്തിയ ജോയ് റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് പതിയെ മുന്നോട്ട് നയിച്ചു. കഴിഞ്ഞ മല്‍സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത  ഹസീഫ് ഹമീദ്(13) റണ്‍ഔട്ടായി മടങ്ങിയപ്പോള്‍ ഇംഗ്ലീഷ് നിര സമ്മര്‍ദത്തിലായി. പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കും മുന്‍പേ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കി.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിശാഖപട്ടണത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നടത്തിയ പ്രകടനം ഇന്നലെയും ആവര്‍ത്തിച്ചു. മികച്ച ലൈനിലും ലെങ്തിലും കറക്കിത്തിരിച്ച് പന്തെറിഞ്ഞ അശ്വിനും പുതുമുഖം ജയന്ത് യാദവും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കി. മൂന്നാമായി ഇറങ്ങിയ ബെന്‍ ഡക്കറ്റിനെ(5) അശ്വിന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മടക്കുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് മൂന്ന് വിക്കറ്റിന് 72 എന്ന നിലയിലായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മറുവശത്ത് മികച്ച പ്രകടനം പുറത്തെടുത്ത റൂട്ട് (53) തന്റ അര്‍ധശതകവും തികച്ചു. 98 പന്തില്‍ 53 റണ്‍സെടുത്ത് നില്‍ക്കെ ജോ റൂട്ടിനെ അശ്വിന്‍ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചു. മോയിന്‍ അലിയും(1) ചെറുത്തുനില്‍ക്കാതെ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് അഞ്ചിന് 80 എന്ന നിലയിലേക്ക് കൂപ്പു കുത്തി. രണ്ടാം ദിനം കളി പിരിയുമ്പോള്‍ 12 റണ്‍സുവീതം എടുത്ത് ബെന്‍ സ്റ്റോക്‌സും ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍
നാലിന് 317 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 455 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 80 റണ്‍സെടുക്കുന്നതിനിടയില്‍ ബാക്കിയുള്ള ആറു വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ആര്‍.അശ്വിന്‍ അര്‍ധ സെഞ്ച്വറി കണ്ടെത്തിയത് മാത്രമാണ് ഇന്ത്യക്ക് രണ്ടാം ദിനം ആശ്വസിക്കാനുള്ളത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് രണ്ടാം ദിനം ആദ്യം പുറത്തായത്. 267 പന്ത് നേരിട്ട കോഹ്‌ലി 167 റണ്‍സെടുത്ത് നില്‍ക്കെ മോയിന്‍ അലിയുടെ പന്തില്‍ സ്‌റ്റോക്ക്‌സിന് ക്യാച്ച് നല്‍കുകയായിരുന്നു. ക്യാപ്റ്റന്‍ മടങ്ങിയതോടെ അടിതെറ്റിയ നിലയിലായി ഇന്ത്യ. മൂന്ന് റണ്ണെടുത്ത വൃദ്ധിമാന്‍ സാഹയെയും റണ്ണൊന്നുമെടുക്കാത്ത രവീന്ദ്ര ജഡേജയെയും ഒറ്റ ഓവറില്‍ മോയിന്‍ അലി മടക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക