|    Oct 21 Sun, 2018 7:54 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലീഗ്: റയല്‍ മാഡ്രിഡ് തിരിച്ചെത്തി

Published : 24th September 2017 | Posted By: fsq

 

വിക്‌റ്റോറിയ ഗസ്‌റ്റെയിസ്: തോല്‍വിയുടെ  ഭാരമിറക്കി  സ്പാനിഷ്  ലീഗില്‍ റയല്‍ മാഡ്രിഡിന് സൂപ്പര്‍ ജയം.  അലാവസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിദാന്റെ ശിഷ്യന്‍മാര്‍ മുട്ടുകുത്തിച്ചത്. ഇരട്ടഗോളുകളുമായി നിറഞ്ഞാടിയ സെബല്ലോസാണ് റയലിന് ആശ്വാസ ജയം സമ്മാനിച്ചത്.  മല്‍സരത്തിലെ മൂന്ന് ഗോളും പിറന്നത് ഒന്നാം പകുതിയിലാണ്.4-3-3 എന്ന പതിവ് ശൈലിയിലാണ് സിദാന്‍ റയലിനെ കളത്തിലിറക്കിയത്. കളി തുടങ്ങി  10ാം മിനിറ്റില്‍ തന്നെ സെബല്ലോസിലൂടെ റയല്‍ അക്കൗണ്ട് തുറന്നു. വലത് വിങില്‍ നിന്ന് ലഭിച്ച പാസിനെ മനോഹരമായി സെബല്ലോസ് വലയിലാക്കുകയായിരുന്നു. അലാവസിന്റെ മൂന്ന് പ്രതിരോധ നിര താരങ്ങളെ കാഴ്ചക്കാരാക്കിയാണ് സെബല്ലോസ് വലകുലുക്കിയത്. അക്കൗണ്ട് തുറന്നതോടെ ആത്മവിശ്വാസത്തോടെ മുന്നേറിയ റയലിനെ 40ാം മിനിറ്റില്‍ അലാവസ് ഞെട്ടിച്ചു. ഹദാദിയുടെ അസിസ്റ്റിനെ ഗാര്‍ഷ്യ വലയിലെത്തിച്ചതോടെ മല്‍സരം 1-1 സമനിലയിലേക്ക്്. ഒന്നാം പകുതി പിരിയുന്നതിന് മുമ്പ് ലീഡ് നേടാനുള്ള റയലിന്റെ ശ്രമം 43ാം മിനിറ്റില്‍ ലക്ഷ്യത്തിലെത്തി.  അലാവസ് ഗോളിയുടെ കൈയില്‍ തട്ടി റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ മികച്ച ഷോട്ടിലൂടെ സെബല്ലോസ് പോസ്റ്റിന്റെ ഇടത് മൂലയിലെത്തിച്ചു. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 2-1 ന്റെ ആധിപത്യം നിലവിലെ ലാ ലിഗ ചാംപ്യന്‍മാര്‍ക്കൊപ്പം നിന്നു.രണ്ടാം പകുതിയില്‍ പ്രതിരോധം മുറുക്കി ഇരുകൂട്ടരും പന്ത് തട്ടിയതോടെ ഗോള്‍വല ശൂന്യമായിക്കിടന്നു. ജയത്തോടെ 11 പോയിന്റുകളുമായി റയല്‍ നാലാം സ്ഥാനത്തേക്കെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss