|    Jan 24 Tue, 2017 2:41 am

സ്പാനിഷ് ലീഗ്: മധുരപ്പതിനേഴിനരികെ റയല്‍

Published : 20th September 2016 | Posted By: SMR

മാഡ്രിഡ്: കോച്ച് സൈനുദ്ദീന്‍ സിദാനു കീഴില്‍ സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡിന്റെ പടയോട്ടം തുടരുന്നു. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ സീസണിലേതുള്‍പ്പെടെ തുടര്‍ച്ചയായി 16 ജയങ്ങളുമായി റയ ല്‍ ചരിത്രം കുറിച്ചു. തങ്ങളുടെ മുഖ്യ എതിരാളികളായ ബാഴ്‌സലോണ പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ 2010-11 സീസണില്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്താനും ഇതോടെ റയലിനു സാധിച്ചു. അടുത്ത കളിയിലും ജയിക്കാനായാല്‍ റയലിനു പുതിയ റെക്കോഡ് കുറിക്കാം.
ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന എവേ മ ല്‍സരത്തില്‍ എസ്പാന്യോളിനെയാണ് റയല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്. പരിക്കേറ്റ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരെത് ബേലുമില്ലാതെയാണ് റയല്‍ ഇത്രയും മികച്ച ജയം സ്വന്തമാക്കിയത്. ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും കൊളംബിയ ന്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസ് ഗോളോടെ കോച്ചിന്റെ പ്രശംസ പിടിച്ചുപറ്റുന്ന പ്രകടനം നടത്തി. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമിലായിരുന്നു താരത്തിന്റെ ഗോ ള്‍. 71ാം മിനിറ്റില്‍ ഫ്രഞ്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയുടെ ഗോളില്‍ റയല്‍ വിജയവും വിലപ്പെട്ട മൂന്നു പോയിന്റും കരസ്ഥമാക്കി.
ഈ വിജയത്തോടെ ബാഴ്‌സയെ പിന്തള്ളി റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു. നാലു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ റയലിന് 12ഉം ബാഴ്‌സയ്ക്ക് ഒമ്പതും പോയിന്റാണുള്ളത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റിക് ബില്‍ബാവോ 2-1ന് വലന്‍സിയയെയും വിയ്യാറയല്‍ ഇതേ സ്‌കോറിന് റയല്‍ സോസിഡാഡിനെയും തോല്‍പ്പിച്ചു. സെല്‍റ്റാവിഗോ-ഒസാസുന മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.
ക്രിസ്റ്റിയുടെയും ബേലിന്റെയും അഭാവത്തില്‍ പ്ലെയിങ് ഇലവനില്‍ത്തന്നെ ഇടം ലഭിച്ച റോഡ്രിഗസ് അവസരം ശരിക്കും മുതലെടുത്തു. കളിയുടെ ആദ്യപകുതിയില്‍ കാര്യമായ മേല്‍ക്കൈ നേടാന്‍ സാധിക്കാതിരുന്ന റയല്‍ രണ്ടാംപകുതിയില്‍ മികച്ച പ്രകടനം നടത്തി. ആറാം മിനിറ്റില്‍ റയലാണ് കളിയിലെ ആദ്യ ഗോള്‍ നീക്കം നടത്തിയത്. വലതുമൂലയില്‍ നിന്നു ബോക്‌സിനു കുറുകെ വാസ്‌ക്വസ് തൊടുത്ത ക്രോസ് എതിര്‍ താരത്തിന്റെ ശരീത്തില്‍ തട്ടി കോര്‍ണറില്‍ കലാശിക്കുകയായിരുന്നു. കോര്‍ണറില്‍ റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.
11ാം മിനിറ്റില്‍ എസ്പാന്യോള്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാ ല്‍ ഗോള്‍കീപ്പര്‍ കാസ്റ്റില്ലയുടെ പ്രകടനം റയലിനെ രക്ഷിച്ചു. ഹൈ ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റയല്‍ ഡിഫന്റര്‍ പെപെയ്ക്കു പിഴച്ചപ്പോ ള്‍ ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലിയോ ബാപ്റ്റിസ്റ്റയ്ക്കു മുന്നില്‍ ഗോളി മാത്രം. ബാപ്റ്റിസ്റ്റയുടെ ഗ്രൗണ്ട് ഷോട്ട് ഗോളി കാല്‍ കൊണ്ട് തട്ടിയകറ്റുകയായിരുന്നു.
37ാം മിനിറ്റില്‍ റയലിന്റെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് ബോക്‌സിനു പുറത്തു വച്ച് ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും ഗോള്‍കീപ്പര്‍ക്ക് ഭീഷണിയുയര്‍ത്താതെ കടന്നുപോയി. രണ്ടു മിനിറ്റിനകം റയല്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. മാര്‍സെലോ ബോക്‌സിനുള്ളിലേക്ക് അളന്നു മുറിച്ചു നല്‍കിയ ക്രോസ് ബെന്‍സെമ കരുത്തുറ്റ ഹെഡ്ഡറിലൂടെയാണ് വലയിലാക്കിയ ത്. എന്നാല്‍ ഓഫ്‌സൈഡ് കെണി ബെന്‍സെമയെ ചതിച്ചു.
ഒന്നാംപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്നിരിക്കെയായിരുന്നു റോഡ്രിഗസിന്റെ സൂപ്പര്‍ ഗോള്‍. രണ്ടു ഡിഫന്റര്‍മാരെ വെട്ടിയൊഴിഞ്ഞ് റോഡ്രിഗസ് ബോക്‌സിനു പുറത്തു വച്ച് തൊടുത്ത ഇടംകാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയി ല്‍ കയറുകയായിരുന്നു. 59ാം മിനിറ്റില്‍ റയല്‍ ലീഡുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഗോളി ലോപസിന്റെ തകര്‍പ്പന്‍ സേവ് അവര്‍ക്കു ഗോള്‍ നിഷേധിച്ചു. ബെന്‍സെമയുടെ ഗോളെന്നുറപ്പിച്ച ക്ലോസ്‌റേഞ്ച് ഷോട്ട് ഗോളി ഒരു കൈ കൊണ്ട് തടുക്കുകയായിരുന്നു. 69ാം മിനിറ്റി ല്‍ വീണ്ടും ഗോളി എസ്പാന്യോളിനെ കാത്തു. ഇത്തവണയും ബെന്‍സെമയ്ക്കാണ് ഗോ ള്‍ നഷ്ടമായത്. ബെന്‍സെമയുടെ കരുത്തുറ്റ ഇടംകാല്‍ ഷോട്ട് ഗോളി ഡൈവ് ചെയ്ത് കുത്തിയകറ്റുകയായിരുന്നു. എന്നാല്‍ 70ാം മിനിറ്റില്‍ ബെന്‍സെമയുടെ പഴുത്തില്ലാത്ത ഫിനിഷിങിനു മുന്നില്‍ ഗോളിക്കു പിഴച്ചു. മികച്ച ഒരു മുന്നേറ്റത്തിനൊടുവി ല്‍ വലതു മൂലയില്‍ നിന്ന് വാസ്‌ക്വസ് നല്‍കിയ മനോഹരമായ ക്രോസ് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമെ ബെന്‍സെമയ്ക്കുണ്ടായിരുന്നുള്ളൂ.
75ാം മിനിറ്റില്‍ എസ്പാന്യോളിന് ആശ്വാസഗോളിനുള്ള അവസരം ഗോളി കാസ്റ്റില്ല നിഷേധിച്ചു. കെയ്‌സഡോ ബോക്‌സിനുള്ളില്‍ വച്ച് പരീക്ഷിച്ച ഷോട്ട് ഗോളി കാസ്റ്റില്ല ചാടിയുയര്‍ന്ന് കുത്തിയകറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക