|    Oct 24 Wed, 2018 7:50 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലീഗ് : ബെര്‍ണബുവില്‍ കാലിടറി റയല്‍ മാഡ്രിഡ്

Published : 22nd September 2017 | Posted By: fsq

 

മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയെത്തിയിട്ടും ലാ ലിഗയില്‍ റയലിന്റെ തലവര തെളിഞ്ഞില്ല. സ്വന്തം തട്ടകത്തിലെ തുടര്‍ച്ചയായ രണ്ടു സമനിലകള്‍ക്ക് ശേഷം വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ നിലവിലെ ചാംപ്യന്‍മാര്‍ക്ക് റയല്‍ ബെറ്റിസെന്ന ദുര്‍ബലരോട് അടിതെറ്റി. ഇഞ്ച്വറി ടൈമില്‍ മുന്നേറ്റ നിരയിലെ താരം അന്റോണിയോ സാനിബ്രി നേടിയ ഗോളാണ് വമ്പന്‍മാരെ വീഴ്ത്തി ബെറ്റിസിന് വിജയം സമ്മാനിച്ചത്.ലാ ലിഗയിലെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ മോശം തുടക്കമാണ് റയലിന്റേത്. ഇക്കാലയളവില്‍ ആദ്യമായിട്ടാണ് റയല്‍ മാഡ്രിഡ് ആദ്യ അഞ്ച് മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലും പരാജയം കാണാതെ പിരിയുന്നത്. ചിരവൈരികളും നിലവിലെ ഒന്നാം സ്ഥാനക്കാരുമായ ബാഴ്‌സലോണയേക്കാള്‍ ഏഴ് പോയിന്റ്് പിന്നിലാണ് ഇപ്പോള്‍ റയലുള്ളത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗാരെത് ബെയ്‌ലുമടങ്ങുന്ന പേരുകേട്ട താരങ്ങള്‍ ആക്രമണത്തിന്റെ കുന്തമുനകളായി 4-3-1-2 ശൈലിയിലാണ് കോച്ച് സിദാന്‍ രംഗത്തിറക്കിയത്. 4-3-3 ശൈലിയില്‍ എതിരാളികളും കളത്തിലിറങ്ങി. ആദ്യ പകുതിയില്‍ റൊണാള്‍ഡോ-ബെയ്ല്‍ സഖ്യം മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തി. 22ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിന്റെ വോളി ക്രോസ്ബാറിന് മുകളിലൂടെ പറന്നു. ആദ്യ പകുതിയില്‍ പന്ത് ഭൂരിഭാഗം കൈവശം വച്ചതും റയല്‍ ആയിരുന്നിട്ടും ഗോള്‍ നേടാനാവാതെ പോയി. ആദ്യ പകുതിക്കു ശേഷം കളത്തിലിറങ്ങിയ റയല്‍ വീണ്ടും ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ആകെ 27 ഗോള്‍ ശ്രമങ്ങള്‍ റയല്‍ ബെറ്റിസിനെതിരേ നടത്തിയെങ്കിലും ഒന്നു പോലും ഗോളാക്കി മാറ്റാന്‍ നിലവിലെ യൂറോപ്യന്‍ ചാംപ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല. സൂപ്പര്‍താരങ്ങളെ തടഞ്ഞു നിര്‍ത്തുന്നതില്‍ ബെറ്റിസ് താരങ്ങള്‍ വിജയിക്കുക തന്നെ ചെയ്തു. 75ാം മിനിറ്റില്‍ ബെയ്‌ലിന്റെ ഗോള്‍ശ്രമവും ഗോള്‍കീപ്പര്‍ ഏഡന്‍ തട്ടിയകറ്റി. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിലാണ് മുന്‍ചാംപ്യന്‍മാര്‍ക്ക് കനത്ത ആഘാതം നല്‍കി ബെറ്റിസിന്റെ ഗോള്‍ പിറന്നത്. അന്റോണിയോ ബറാഗനില്‍ നിന്നും പന്ത് സ്വീകരിച്ച സാനിബ്രിയുടെ ഉഗ്രന്‍ ഹെഡര്‍ ഗോള്‍പോസ്റ്റിന്റെ വലതു മൂലയിലേക്ക് പറന്നിറങ്ങി (1-0).      ആറ് ഗോളില്‍ എയ്ബറിനെ മുക്കി ബാഴ്‌സലോണ അവസാന മല്‍സരം ആഘോഷമാക്കിയപ്പോഴാണ് റയല്‍ പരാജയം നേരിട്ടത്. ഇതോടെ റയല്‍ മാഡ്രിഡ് ലീഗില്‍ ഏഴാം സ്ഥാനത്തായി. അഞ്ചു മല്‍സരങ്ങളില്‍ നിന്ന് എട്ടു പോയിന്റ് മാത്രമാണ് റയലിനുള്ളത്. അഞ്ചു മല്‍സരങ്ങളും വിജയിച്ച ബാഴ്‌സലോണയാണ് ഒന്നാമത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss