|    Oct 18 Thu, 2018 8:49 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്ക് സെല്‍ഫ് ഗോള്‍ സമ്മാനം

Published : 25th September 2017 | Posted By: fsq

 
മാഡ്രിഡ്: ലാലിഗയില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. ലീഗിലെ തങ്ങളുടെ ആറാം മല്‍സരത്തിനിറങ്ങിയ ബാഴ്‌സലോണ സ്‌പെയിനില്‍ നിന്നുതന്നെയുള്ള ഇത്തിരിക്കുഞ്ഞന്‍മാരായ ജിറോണയെയാണ് പരാജയപ്പെടുത്തിയത്. രണ്ട് ഗോള്‍ സംഭാവനയായി ജിറോണയില്‍ നിന്നും നേടിയപ്പോള്‍ ലാലിഗയില്‍ തന്റെ നൂറാം മല്‍സരത്തിനിറങ്ങിയ സുവാരസിന്റെ വകയായിരുന്നു ബാഴ്‌സയുടെ മൂന്നാം ഗോള്‍. ലീഗില്‍ ബാഴ്‌സലോണയുടെ തുടര്‍ച്ചയായ ആറാം ജയം കൂടിയായിരുന്നു ഇത്.  4-3-3 ശൈലിയിലാണ് ബാഴ്‌സ കോച്ച് താരങ്ങളെ അണിനിരത്തിയത്. ബാഴ്‌സയുടെ ലോകോത്തര മുന്നേറ്റ നിരയെ തളയ്ക്കാന്‍ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയുള്ള 5-4-1 ശൈലിയില്‍ ജിറോണയും കളത്തിലിറങ്ങി. കഴിഞ്ഞ മല്‍സരങ്ങളിലെയെല്ലാം ഗോള്‍വേട്ടക്കാരനായ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ തളച്ചിടുന്നതിലായിരുന്നു ജിറോണന്‍ താരങ്ങള്‍ ശ്രദ്ധ പതിപ്പിച്ചത്. സ്പാനിഷ് പ്രതിരോധ നിരയിലെ താരം പാബ്ലോ മഫിയോയുടെ നേതൃത്വത്തില്‍  മെസ്സിയെ തളക്കുന്നതില്‍ അവര്‍ പൂര്‍ണമായും വിജയിക്കുകയും ചെയ്തു. എന്നാല്‍ മറുവശത്ത് സുവാരസും വിദാലും നിരന്തരം ജിറോണ ഗോള്‍മുഖം വിറപ്പിച്ചു കൊണ്ടിരുന്നു. ഇതിനിടെയാണ് നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളുമെത്തിയത്. 17, 48 മിനിറ്റുകളില്‍ യഥാക്രമം അദയ്യും ഇറൈസോസും ആയിരുന്നു ബാഴ്‌സക്കായി സെല്‍ഫ് ഗോളുകള്‍ സംഭാവന ചെയ്തത്. തുടര്‍ന്ന് 87ാം മിനിറ്റില്‍ സുവാരസിന്റെ മൂന്നാം ഗോളുമെത്തി. പെനല്‍റ്റി ബോക്‌സിനുളളിലേക്ക് സെര്‍ജി റോബര്‍ട്ടോ നല്‍കിയ പാസില്‍ സുവാരസിന്റെ ഷോട്ട് ഗോള്‍പോസ്റ്റിന്റെ ഇടതു മൂലയില്‍ പതിച്ചു. സീസണില്‍ സുവാരസിന്റെ രണ്ടാം ഗോള്‍ കൂടിയായിരുന്നു ഇത്.  ആറു മല്‍സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ബാഴ്‌സ പട്ടികയില്‍ ഒന്നാം സ്ഥാനത്തു തന്നെയാണ്. 14 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്തുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss