|    Jul 22 Sun, 2018 2:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലീഗ് : നാണക്കേട് തീര്‍ക്കാന്‍ റയല്‍ ഇന്ന് കളത്തില്‍

Published : 23rd September 2017 | Posted By: fsq

 

മാഡ്രിഡ്: തോല്‍വിയുടെ നാണക്കേട് ഒഴിവാക്കാന്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇന്ന് കളത്തില്‍. കരുത്ത് കുറഞ്ഞ അലാവസ് ആണ് എതിരാളികള്‍. സ്പാനിഷ് ലീഗ് ആരംഭിച്ച് അഞ്ച് റൗണ്ട് പിന്നിട്ട ശേഷവും മികച്ച നില കണ്ടെത്താന്‍ കഴിയാത്ത റയല്‍ മാഡ്രിഡിന് ഇന്ന് ജയത്തോടെ പോയിന്റ് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 20 വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡ് ഇത്രയും പിന്നോട്ടുപോയ സ്പാനിഷ് ലീഗ് തുടക്കം ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ 19ാം സ്ഥാനക്കാരായ അലാവസിനെ ഗോളില്‍ മുക്കാന്‍ ഉറപ്പിച്ചാണ് സിനദിന്‍ സിദാന്റെ ശിഷ്യന്മാര്‍ ബൂട്ടണിയുന്നത്. ഇതുവരെ ഒറ്റ മല്‍സരം പോലും ജയിക്കാത്ത അലാവസ് കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനാവും ഇന്ന് ശ്രദ്ധിക്കുക. അതേസമയം, സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം മുന്നേറ്റത്തില്‍ കരിം ബെന്‍സെമ ഇന്ന് കളത്തിലുണ്ടാവില്ല. അതിനാല്‍ മുന്നേറ്റത്തില്‍ ക്രിസ്റ്റിയാനോയെയും ബെയ്‌ലിനെയും മാത്രം അണിനിരത്തുന്ന ഫോര്‍മാറ്റാവും സിദാന്‍ പരീക്ഷിക്കുക. പരിക്ക് വില്ലനായ റയല്‍ നിരയില്‍ സൂപ്പര്‍ ഡിഫന്‍ഡര്‍ മാഴ്‌സലോ, ഹെര്‍ണാണ്ടസ്, കൊവാചിച്ച് എന്നിവരും ബൂട്ടണിയുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. പരിക്കിനെ തുടര്‍ന്ന് അലാവസ് നിരയിലും മൂന്ന് താരങ്ങള്‍ കളിക്കുന്നില്ല. അതിനിടെ, ലീഗില്‍ മോശം തുടക്കം ലഭിച്ചതില്‍ തങ്ങള്‍ സമ്മര്‍ദ്ദത്തിലല്ലെന്ന് റയല്‍ കോച്ച് സിനദിന്‍ സിദാന്‍ പറയുന്നു. അവസാന മല്‍സരത്തില്‍ ബെറ്റിസിനെതിരേ 1-0ന് തോറ്റത് റയല്‍ മാഡ്രിഡിന് വലിയ നാണക്കേട് ഉണ്ടാക്കി. മല്‍സരത്തില്‍ ഇത് സ്വാഭാവികമാണെന്നും വരും കളികള്‍ മികച്ചതാക്കുമെന്നും സിദാന്‍ പ്രതികരിച്ചു. നിലവില്‍ എട്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് ആകെ രണ്ട് കളികള്‍ മാത്രമേ ജയം കണ്ടിട്ടുള്ളൂ. രണ്ട് സമനിലകള്‍ അക്കൗണ്ടിലാക്കിയ റയല്‍ ഒമ്പത് ഗോളുകള്‍ കണ്ടെത്തിയെങ്കിലും അഞ്ച് ഗോളുകള്‍ അനുവദിച്ചിട്ടുണ്ട്. ചിരവൈരികളായ ബാഴ്‌സലോണ ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇരുവരും തമ്മില്‍ ഏഴ് പോയിന്റ് വ്യത്യാസമുണ്ട്. അഞ്ച് മല്‍സരങ്ങളിലും ബാഴ്‌സ ജയിച്ചിട്ടുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss