|    May 29 Mon, 2017 9:04 pm
FLASH NEWS

സ്പാനിഷ് ലീഗ്: അഞ്ചടിച്ച് ബാഴ്‌സ; റയലിന് സമനിലക്കുരുക്ക്

Published : 26th September 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ മറ്റൊരു മല്‍സരത്തില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക് നേരിട്ടു.
ലീഗിലെ ആറാം റൗണ്ട് പോരാട്ടത്തില്‍ ബാഴ്‌സ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഗിജോണിനെ മുക്കുകയായിരുന്നു. എന്നാല്‍, ലാസ് പാല്‍മസാണ് റയലിനെ 2-2ന് സമനിലയില്‍ പിടിച്ചുക്കെട്ടിയത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റിക് ബില്‍ബാവോ 3-1ന് സെവിയ്യയെയും ഐബര്‍ 2-0ന് റയല്‍ സോസിഡാഡിനെയും തോല്‍പ്പിച്ചു.
സൂപ്പര്‍താരം ലയണല്‍ മെസ്സിയില്ലെങ്കിലും വിജയക്കുതിപ്പ് തുടരാന്‍ തങ്ങള്‍ക്കറിയാമെന്ന് ബാഴ്‌സ ഒരിക്കല്‍ കൂടി തെളിയിച്ചു. പരിക്കിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മെസ്സി കളിക്കളത്തിന് പുറത്താണ്. ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ ഇരട്ട ഗോളുകളാണ് ഗിജോണിനെതിരേ ബാഴ്‌സയ്ക്ക് വമ്പന്‍ ജയം നേടിക്കൊടുത്തത്. കളിയുടെ 81, 88 മിനിറ്റുകളിലായിരുന്നു നെയ്മറിന്റെ ഗോള്‍ നേട്ടം. നെയ്മറിനു പുറമേ ഉറുഗ്വേ സ്റ്റാര്‍ ലൂയിസ് സുവാറസ്, റഫീഞ്ഞ, ആര്‍ത്യുറോ ടുറാന്‍ എന്നിവര്‍ ഓരോ തവണ ബാഴ്‌സ ഗോള്‍ നേട്ടത്തില്‍ പങ്കാളികളായി.
വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ റയലുമായുള്ള പോയിന്റ് അകലം ഒന്നാക്കി കുറയ്ക്കാനും ബാഴ്‌സയ്ക്കായി. ആറ് മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് റയലിന്റെ സമ്പാദ്യം.
അതേസമയം, പാല്‍മസിനെതിരായ സമനിലയോടെ ബദ്ധവൈരികളായ ബാഴ്‌സയുമായുള്ള പോയിന്റ് അകലം വര്‍ധിപ്പിക്കാനുള്ള അവസരമാണ് റയല്‍ കളഞ്ഞുകുളിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 72ാം മിനിറ്റില്‍ കളിക്കളത്തില്‍ നിന്ന് തിരിച്ചുവിളിച്ച റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്റെ തീരുമാനം പാളുകയായിരുന്നു. മല്‍സരത്തില്‍ പാല്‍മസില്‍ നിന്ന് ശക്തമായ വെല്ലുവിളിയാണ് റയലിന് നേരിടേണ്ടിവന്നത്.
33ാം മിനിറ്റില്‍ മാര്‍കോ അസെന്‍സിയോയിലൂടെ റയല്‍ ആദ്യ ഗോള്‍ നേടിയെങ്കിലും അഞ്ച് മിനിറ്റുകള്‍ക്കകം ടൗനസുവിലൂടെ പാല്‍മസ് തിരിച്ചടിച്ചു. 67ാം മിനിറ്റില്‍ കരീം ബെന്‍സെമയിലൂടെ റയല്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍, റയലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സെര്‍ജിയോ അറൗജോ പാല്‍മസിന് സമനില ഗോള്‍ നേടിക്കൊടുക്കുകയായിരുന്നു. 68ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയതിനു ശേഷമാണ് അറൗജോ പാല്‍മസിന്റെ രക്ഷകനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day