|    Apr 26 Wed, 2017 1:42 am
FLASH NEWS

സ്പാനിഷ് ലീഗിലിന്ന് വമ്പന്‍ പോരാട്ടം; ജയം തുടരാന്‍ ലിവര്‍പൂളും

Published : 19th November 2016 | Posted By: SMR

ബാഴ്‌സലോണ/മാഡ്രിഡ്: സ്പാനിഷ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇന്ന് തീപാറും പോരാട്ടം. ജയം തുടരാന്‍ റയല്‍ മാഡ്രിഡും ബാഴ്‌ലോണയും മഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഉറച്ച് ലിവര്‍പൂള്‍ സതാംപ്റ്റനെതിരേ ബൂട്ടണിയും.
ബാഴ്‌സലോണ മലാഖയ്‌ക്കെതിരേ
സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനം നിലനിര്‍ത്തുന്ന ബാഴ്‌സലോണ ഇന്ന് ശക്തരായ മലാഖയെ നേരിടും. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ഉറുഗ്വേ താരം ലൂയി സുവാരസും ബാഴ്‌സ വിടുന്നു എന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ ഇന്നത്തെ ബാഴ്‌സയുടെ പ്രകടനത്തെ ഫുട്‌ബോള്‍ ലോകം ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം വിജയം കണ്ടെത്തി മികച്ച ഫോമില്‍ നില്‍ക്കുന്ന ബാഴ്‌സയെ കീഴടക്കുക എന്നത് നിലവിലെ ഫോമില്‍ മലാഖയ്ക്ക് അത്ര എളുപ്പമല്ല. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരമായതിനാല്‍ ബാഴ്‌സന്‍ നിര കൂടുതല്‍ കരുത്തു കാട്ടുമെന്നുറപ്പാണ്.
ലീഗിലെ കഴിഞ്ഞ അറു മല്‍സരങ്ങളില്‍ മഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ മാത്രമാണ് ബാഴ്‌സ മുട്ടുമടക്കിയത്. സിറ്റിയോട് 3-1 ന്റെ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നേടിയ സൂപ്പര്‍ ജയത്തോടെ ബാഴ്‌സലോണ മറുപടി പറഞ്ഞു. അവസാന മല്‍സരത്തില്‍ സെവില്ലയെ 2-1 ന് തളച്ചാണ് ബാഴ്‌സ മലാഖയ്‌ക്കെതിരേ ഇറങ്ങുന്നത്.
അത്‌ലറ്റികോ മാഡ്രിഡിനോട് 4-2 ന് തോല്‍വി ഏറ്റുവാങ്ങിയ മലാഖ അവസാന മല്‍സരത്തില്‍ സ്‌പോര്‍ട്ടിങ് ജിയെ 3-2 ന് തകര്‍ത്താണ് ഇന്ന് ബാഴ്‌സലോണയെ നേരിടാനിറങ്ങുന്നത്. ലീഗില്‍ 11 മല്‍സരങ്ങളില്‍ നിന്ന് 25 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണയുള്ളത്. 15 പോയിന്റുകളുള്ള മലാഖ 10ാം സ്ഥാനത്താണുള്ളത്.
റയല്‍ മാഡ്രിഡിഡിന് ഇന്ന് അഗ്നി പരീക്ഷ
ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ പോയിന്റു പട്ടികയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാകും അത്‌ലറ്റികോ മാഡ്രിഡും ഇറങ്ങുക. സീസണില്‍ 11 മല്‍സരങ്ങളില്‍നിന്നായി എട്ടു ജയത്തോടെ 27 പോയിന്റുകളുമായി പോയിന്റ് പട്ടികയുടെ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡുള്ളത്. അത്‌ലറ്റികോ മാഡ്രിഡ് 11 മല്‍സരങ്ങളില്‍നിന്ന് അറ് ജയത്തോടെ 21 പോയിന്റുകളുമായി നാലാം സ്ഥാനത്തുമാുള്ളത്.
മികച്ച ഫോമില്‍ കളിക്കുന്ന സൂപ്പര്‍ ക്ലബാണ് റയല്‍ എങ്കിലും അത്‌ലറ്റികോയെ തളക്കാന്‍ റയലിനു നന്നായി വിയര്‍ക്കേണ്ടി വരും. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ക്രിസ്റ്റിയാനോ റോണാള്‍ഡോ തന്നെയാണ് റയലിന്റെ തുറുപ്പ് ചീട്ട്. സൂപ്പര്‍ കോച്ച് സിനദിക് സിദാന്റെ പരിശീലനത്തില്‍ റയല്‍ കൂടുതല്‍ കരുത്തു കാട്ടുന്നുണ്ടെങ്കിലും ജയിക്കണമെങ്കില്‍ കടുത്ത പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്-മഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഴ്‌സനല്‍ പോരാട്ടം
ലീഗിലെ  നാലും ആറും സ്ഥാനക്കാരായ മഞ്ചസ്റ്റര്‍ യുണൈറ്റഡും അഴ്‌സനലും ഇന്ന് നേര്‍ക്കുനോര്‍ വരുമ്പോള്‍ മല്‍സരം കടുക്കുമെന്നുറപ്പാണ്. 11 മല്‍സരങ്ങളില്‍നിന്ന് അഞ്ച് ജയത്തോടെ 18 പോയിന്റുകളാണ് യുണൈറ്റഡിന്റെ സമ്പാദ്യം. 11 മല്‍സരങ്ങളിന്‍നിന്ന് ഏഴു ജയത്തോടെ 24 പോയിന്റുകളുമായി നാലാം സ്ഥാനത്താണ് ആഴ്‌സനല്‍ ഉള്ളത്.
പ്രമുഖ പരിശീലകരായ ജോസ് മൗറീഞ്ഞോയും അര്‍സന്‍ വെങ്ങറും പരസ്പരം കൊമ്പുകോര്‍ക്കുന്ന മല്‍സരം കൂടിയാണ് ഇന്നത്തേത്. കളിക്കളത്തില്‍ ഇന്ന് ഇരു ടീമുകളും ബലപരീക്ഷണം നടത്തുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകുമെന്ന് പ്രവചനാതീതമാണ്.
ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലിവര്‍പ്പൂള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിജയക്കുതിപ്പ് തുടരുന്ന ലിവര്‍പൂളിനെ പിടിച്ചുകെട്ടാന്‍ ഇന്ന് സതാംപ്റ്റന്‍ ഇറങ്ങും. സതാംപ്റ്റന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരമായതിനാല്‍ ലിവര്‍പൂള്‍ വിജയത്തിനായി നന്നായി പൊരുതേണ്ടി വരുമെന്നുറപ്പാണ്.
11 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റുകളാണ് ലിവര്‍പൂളിനുള്ളത്. ഇതില്‍ ഏട്ടു ജയവും  രണ്ട്‌സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടും. 11 മല്‍സരങ്ങളില്‍നിന്ന് മൂന്ന് ജയം മാത്രമുള്ള സതാംപ്റ്റണ്‍ 13 പോയിന്റുകളുമായി നാലാം സ്ഥാനത്താണുള്ളത്.
സിറ്റിക്ക് എതിരാളി ക്രിസ്റ്റല്‍ പാലസ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബുകളിലൊന്നായ മഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ക്രിസ്റ്റല്‍ പാലസിനെ നേരിടും. 11 മല്‍സരങ്ങളില്‍നിന്ന് ഏഴു ജയത്തോടെ മികച്ച ഫോമില്‍ നില്‍ക്കുന്ന സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. 11 മല്‍സരങ്ങള്‍ കളിച്ച ക്രിസ്റ്റല്‍ പാലസ് മൂന്ന് ജയത്തോടെ ആറ് പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ 16ാം സ്ഥാനത്താണുള്ളത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറ്റം  നടത്താന്‍ സിറ്റി ഇറങ്ങുമ്പോള്‍ പിടിച്ചുനിര്‍ത്താനുള്ള കെല്‍പ്പ് നിലവിലെ ഫോമില്‍ ക്രിസ്റ്റല്‍ പാലസിനില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day