|    Jul 22 Sun, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലാ ലിഗ :’മെസ്സി’ കൊടുങ്കാറ്റ്

Published : 11th September 2017 | Posted By: fsq

 

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് ഗോളുകളുമായി കളം നിറഞ്ഞ കാറ്റലന്‍ ഡെര്‍ബിയില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ എസ്പാന്യോളിനെ മുക്കിയത്. സുവാരസും പിക്വെയും ഓരോ ഗോളുകളും സംഭാവന ചെയ്തു. ഇതോടെ, മൂന്ന് തുടര്‍ ജയങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റുമായി  ബാഴ്‌സലോണ ഒന്നാംസ്ഥാനത്തേക്കെത്തി. റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും സമനിലയില്‍ കുരുങ്ങി പോയിന്റ് നഷ്ടമാക്കിയ ദിവസം ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിച്ചിരുന്നില്ല ബാഴ്‌സ. ഇരുകൂട്ടരും 4-3-3 ശൈലിയില്‍ അണിനിരന്ന കാംപ് നൗ പോരാട്ടത്തില്‍ 26ാം മിനിറ്റില്‍ തന്നെ മെസ്സി തന്റെ മാജിക്ക് ആരംഭിച്ചു. റാകിച്ചിക്കിന്റെ പാസ്സില്‍ നിന്നായിരുന്നു ഗോള്‍. 35ാം മിനിറ്റില്‍ ആല്‍ബയുടെ പാസ്സില്‍ നിന്ന് മെസ്സി തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ തന്നെ ബാഴ്‌സ ജയമുറപ്പിച്ചു. ഗോള്‍ വഴങ്ങുന്നതിനൊപ്പം സമ്മര്‍ദത്തിലായ എസ്പാന്യോളിനെ രക്ഷിക്കാന്‍ പകരക്കാര്‍ക്കും കഴിഞ്ഞില്ല. 67ാം മിനിറ്റില്‍ വീണ്ടും ആല്‍ബയെ കൂട്ടുപിടിച്ച് മെസ്സി തന്റെ ഹാട്രിക് തികച്ചപ്പോള്‍ കാംപ് നൗവില്‍ മെസ്സി എന്ന ആരവം മാത്രം. കരിയറിലെ 42ാം ഹാട്രിക്കായിരുന്നു മെസ്സിയുടേത്. ബാഴ്‌സലോണയ്ക്കു വേണ്ടി 38ാം ഹാട്രിക്കും. അതോടൊപ്പം കാറ്റലന്‍ ഡെര്‍ബിയില്‍ കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോഡും മെസ്സിയുടെ പേരിലായി. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സയിലെത്തിയ ഡെംബലെ 68ാം മിനിറ്റില്‍ പകരക്കാരനായി അരങ്ങേറി. കളിയുടെ അവസാന മിനിറ്റില്‍ സുവാരസ് വല കുലുക്കിയപ്പോള്‍ അതിനു പിന്നില്‍ ഡെംബലെയുടെ കാലുകളുണ്ടായിരുന്നു. മൂന്ന് മിനിറ്റ്് മുമ്പ് റാകിച്ചിക്കിന്റെ അസിസ്റ്റില്‍ നിന്ന് പിക്വെയും ഗോള്‍ നേടിയതോടെ മല്‍സരം അവസാനിക്കുമ്പോള്‍ ബാഴ്‌സയുടെ ഗോള്‍ പട്ടിക അഞ്ചില്‍ എത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss