|    Jun 20 Wed, 2018 5:20 pm
FLASH NEWS
Home   >  Arts & Literature  >  Art  >  

സ്പന്ദിക്കുന്ന ചിത്രങ്ങള്‍

Published : 26th August 2015 | Posted By: admin

ശ്രീകുമാര്‍ നിയതി
സുനില്‍ അശോകപുരത്തിന്റെ വരയ്ക്ക് 25 വയസ്സ്

സുനില്‍ അശോകപുരത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി. സുനില്‍ അന്നും ഇന്നും വരയ്ക്കുന്ന ചിത്രങ്ങള്‍ തന്റെ നെഞ്ചിലെ വിശ്വാസങ്ങളെയാണ്. സത്യസന്ധമായ സാധനയുടെ കാല്‍നൂറ്റാണ്ട്. അനന്തതയുടെ സൂചകങ്ങളായി അവ വാരികകളിലെ താളുകളിലിരുന്ന് എന്തൊക്കെ വേവലാതികള്‍ നമ്മോടു പറയുന്നു. ചിത്രങ്ങളിലെല്ലാമുണ്ട് ദുഃഖത്തിന്റെ മൃതിതാളം. സുനില്‍ വരയ്ക്കുന്നത് കഥയെഴുത്തുകാരന്റെ കഥാപാത്രങ്ങളെയാണ്, ഇല്ലസ്‌ട്രേഷന്‍ കഥകള്‍ക്കൊപ്പം ചേര്‍ക്കുന്നത് വായനക്കാരനില്‍ പെട്ടെന്ന് കഥയും കഥാപാത്രങ്ങളും കയറി ച്ചെല്ലാനാണ്. അതുകൊണ്ടു തന്നെ എല്ലാ ഇല്ലസ്‌ട്രേഷനുകളിലെയും കഥാപാത്രങ്ങള്‍ക്ക് കഥയുമായി ഒട്ടിനില്‍ക്കുന്ന സ്വഭാവമുണ്ട്. എന്നാല്‍, സുനില്‍ അശോകപുരത്തിന്റെ കൈയില്‍ കഥകള്‍ എത്തിക്കഴിഞ്ഞാല്‍ ആ കഥകളിലെ ജീവിതങ്ങള്‍ പിടഞ്ഞുകൊണ്ട് സ്പന്ദിക്കുന്നു. അതിന്റെ കാരണവും സുനിലിലുണ്ട്. അടുപ്പില്‍ പുകയൂതി കലങ്ങിയ കണ്ണുകളും പറന്നുപോവാതെ പറ്റിനില്‍ക്കുന്ന വെണ്ണീറിന്റെ ബാക്കി തലമുടികളില്‍ അവശേഷിപ്പിച്ചും ഉള്ള മുഖമായിരുന്നു അമ്മയ്ക്ക്. കുട്ടിക്കാലത്ത് ഉച്ചയ്ക്ക് ഉണ്ണാന്‍ വീട്ടിലെത്തുന്ന സുനിലിന് അമ്മ ചോറുവിളമ്പി കൊടുക്കുമ്പോള്‍ അമ്മയുടെ രൂപം ഇങ്ങനെയൊക്കെയായിരുന്നു. ആ ചിത്രമായിരുന്നു സുനിലിന്റെ ആദ്യ പോര്‍ട്രെയ്റ്റ് രചന. ”ഗൃഹാന്തരീക്ഷത്തില്‍ ബന്ധിതമായ ഈ ആള്‍ രൂപങ്ങള്‍ പക്ഷേ, കീഴ്‌മേല്‍ മറിയുന്ന പുറംലോകത്തിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ്. മനുഷ്യരൂപങ്ങളുടെ അംഗവിക്ഷേപണങ്ങള്‍ക്ക് അപൂര്‍വമായൊരു ദ്യോതകക്ഷമതയുണ്ട്. സംഘര്‍ഷപൂരിതമായ ദൈനംദിന ഗാര്‍ഹികാന്തരീക്ഷമാണ് സുനിലിന്റെ ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത്.” എ. സോമന്‍ 92ല്‍ അഭിപ്രായപ്പെട്ടതുപോലെ അതേ ശാഠ്യതാളത്തില്‍ തന്നെയാണ് സുനില്‍ സൃഷ്ടിയില്‍ ഏര്‍പ്പെടുന്നത്. ഇല്ലസ്‌ട്രേഷനുകള്‍ പല ചിത്രകാരന്മാര്‍ക്കും തൊഴിലിന്റെ ഭാഗമാവുമ്പോള്‍ സുനില്‍ അശോകപുരത്തിന് അതല്ല. അതൊരു വിപ്ലവമാകുന്നു. കലാപരമായ വിപ്ലവം. ചിത്രകാരന്റെ കൈയിലെത്തുന്ന കഥകള്‍ വായിച്ച് ഒരുപാടു നേരം കരഞ്ഞുപോയ സംഭവങ്ങളുണ്ട് സുനിലിന്. കഥകളിലെ കഥാപാത്രങ്ങള്‍ വല്ലാതെ സ്വാധീനിച്ച സന്ദര്‍ഭങ്ങള്‍. സുനില്‍ പറയുന്നു: ”ഞാന്‍ ഒരിക്കലും കഥയിലെ അതേപോലുള്ള കഥാപാത്രങ്ങളെയല്ല വരയ്ക്കാറ്. എന്നിലുള്ള എന്നെ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. കഥാപാത്രത്തെയും കഥാപശ്ചാത്തലത്തെയും എന്റെ കോണില്‍ നിന്നാണ് ഞാന്‍ നോക്കിക്കാണാറ്. ആ ചിത്രങ്ങള്‍ എഴുത്തുകാരനില്‍ അത് എന്റെ കഥാപാത്രങ്ങള്‍ തന്നെയാണ് എന്ന് സംശയം കൂടാതെ പറയാനാവുന്നുമുണ്ട്.”നിസ്സഹായനായ മനുഷ്യക്കൂട്ടങ്ങള്‍ കഥയുടെ ചിത്രീകരണമല്ല. അതെന്റെ മാനസികാവസ്ഥകൂടിയാണ്. സുനിലിന്റെ സ്ത്രീകഥാപാത്രങ്ങളെ ‘അകത്തുകൂടി’ കാണണം. അവര്‍ക്കൊക്കെ പാതിയടഞ്ഞമനസ്സാണ്. തെളിച്ചത്തോടെ പ്രസരിക്കുന്ന മുഖങ്ങളില്‍ തന്നെ കണ്ണിനു താഴെയോ നെറ്റിത്തടങ്ങളിലോ എവിടെയെങ്കിലും ഒരു ദുഃഖച്ഛാവി പടരുന്നതുകാണാം. എല്ലാം സഹിച്ചുസഹിച്ച് കഴിയുന്ന പെണ്ണുങ്ങള്‍ അവരെത്ര മൂടിവച്ചാലും സുനില്‍ വരയ്ക്കുന്ന പെണ്‍മുഖങ്ങളില്‍ അവ ഒരു കറുത്ത മേഘക്കഷണം പോലെ വീണു കിടപ്പുണ്ടാവും. ചിത്രകലയില്‍ ഒരിക്കലും ഒരു കൃത്രിമ രാസപ്രയോഗം നടത്താത്ത സുനിലിന്റെ ‘നേരായവരകള്‍’ ഇനിയുമുണ്ടാവട്ടെ.

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക