|    Dec 12 Wed, 2018 4:03 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

സ്ഥിരം സമരവേദിയും പൊല്ലാപ്പുകളും

Published : 28th May 2017 | Posted By: fsq

പിണറായി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ചില സംഭവങ്ങളുണ്ടായിട്ടുണ്ട് എന്ന് പത്രദ്വാരത്തിലൂടെ വായനക്കാര്‍ ഗ്രഹിച്ചതാണല്ലോ. എന്നാല്‍, അവയുടെ പിന്നാമ്പുറ കഥകള്‍ അനന്തപുരിയിലെ കള്ളുകുടിയന്‍മാരായ ചില പരുന്തുകള്‍ പരമരഹസ്യമാക്കിവച്ചിട്ടുണ്ട്. പെയ്ഡ് ന്യൂസിന്റെ ഇക്കാലത്ത് രഹസ്യം എത്രകാലം മൂടിവയ്ക്കാന്‍ കഴിയും എന്റിഷ്ടാ! ച്ചാല്‍ സംഭവങ്ങളുടെ കിറുകിറുത്യവിവരങ്ങള്‍ പരുന്തുകള്‍ തന്നെ ചില ദുര്‍ബല നിമിഷങ്ങളില്‍ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ സിഡി മാധ്യമ ചാരനായ കോരന്റെ കംപ്യൂട്ടറില്‍ ഭദ്രമാണ്. ഒന്നാമത്തെ കാര്യം പിണറായി സര്‍ക്കാര്‍ നേട്ടങ്ങളുടെ പട്ടിക നിരത്തി എന്നതാണ്. മ്മളെ ഭരണം പത്തരമാറ്റാണ് കുട്ടപ്പാ എന്നാണ് സര്‍ക്കാര്‍ പെരുമ്പറ കൊട്ടുന്നത്. കണ്ണൂര്‍ കേരളത്തിലല്ലാത്തതിനാല്‍ അതിനെക്കുറിച്ച് പറയുന്നതില്‍ അര്‍ഥവുമില്ല. മാത്രമല്ല, അവിടെ അഫ്‌സ്പ എന്ന ഇസ്‌പേഡ് ഏഴാംകൂലി ഭീകരമനോജ്ഞ നിയമം നടപ്പാക്കാന്‍ പോവുകയുമാണല്ലോ! കുമ്മനത്തിന് തിരക്കായതിനാല്‍ മോദിതമ്പ്രാനെ നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല. കണ്ടുകഴിഞ്ഞാല്‍ പിന്നെ അഫ്‌സ്പ ഏമാനെ എകെ-47 റൈഫിളുകളുമായി കണ്ണൂരിലേക്ക് താലപ്പൊലിയോടെ എഴുന്നള്ളിക്കും. അപ്പോള്‍ കോടിയേരി വിലാപം കൂട്ടും: ”അഫ്‌സ്പ ഏമാന്‍ ഇങ്ങനെ ധൃതിപിടിച്ചുവന്നാല്‍ നാലാള്‍ കൂടുന്നിടത്ത് വെടിവയ്ക്കും. പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യും. വടക്കുകിഴക്കന്‍ മേഖല നരകിക്കുന്നതു കണ്ടില്ലേ.” കോടിയേരിയുടെ മനോജ്ഞസുന്ദരമായ വിലാപഗാനം കുമ്മേട്ടനും മോദിതമ്പ്രാനും കണക്കിലെടുക്കുമോ എന്റെ പടച്ചോനെ എന്നാണ് തങ്കപ്പെട്ട സംഘപരിവാരക്കാര്‍ ചോദിക്കുന്നത്.  പ്രശ്‌നത്തിന്റെ കാതലായ വശത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പൊടിപൂരമാണല്ലോ വിഷയം. കേന്ദ്രത്തില്‍ മൂന്നാംവാര്‍ഷിക പൊടിപൂരം നടക്കുന്നുണ്ട്. അതിന്റെ ഫീഡ്ബാക്ക് ചാരനായിട്ടും കോരന് ലഭിച്ചിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങളിലേക്കു കടക്കാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് അനന്തപുരിയിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാം. പിണറായി സര്‍ക്കാര്‍ ഒരു കുന്തവും ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഇ പി ജയരാജന്‍, ബന്ധു നിയമനം, മണിപ്രവാള ആംഗ്യസാഹിത്യം, സെന്‍കുമാര്‍, സുപ്രിംകോടതി തുടങ്ങിയ അദ്ഭുത പ്രതിഭാസങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടംതട്ടിച്ചു എന്നും അവര്‍ ഉദ്‌ഘോഷിക്കുന്നു. ഉദ്‌ഘോഷിക്കട്ടെ. അങ്ങനെ ചെയ്തില്ലെങ്കില്‍ ജനാധിപത്യത്തിന് എന്തര്‍ഥം. എന്നാല്‍, ആരാണ് യഥാര്‍ഥ പ്രതിപക്ഷം എന്ന ചോദ്യം ഉയര്‍ന്നുവന്നിരിക്കുന്നു. നിയമസഭയില്‍ ഏകാംഗം മാത്രമുള്ള രാജേട്ടന്റെ ബിജെപിയോ എമ്പാടും അംഗങ്ങളുള്ള ചെന്നിത്തലച്ചേട്ടന്റെ കോണ്‍ഗ്രസ്സോ? നിരവധി അംഗങ്ങളുള്ള കോണ്‍ഗ്രസ്സാണ് യഥാര്‍ഥ പ്രതിപക്ഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്നതാണ്. എന്നാല്‍, അതൊരു മിഥ്യാധാരണ മാത്രമാണ്. നിയമസഭയിലെ എണ്ണമല്ല, തെരുവിലെ കൈയൂക്കാണ് മോനേ, യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തെ നിര്‍ണയിക്കുന്നത്. സംശയമുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന ദൃശ്യ-ശ്രാവ്യ നാടകം പരിശോധിക്കാവുന്നതാണ്. സെക്രട്ടേറിയറ്റ് വളഞ്ഞ് പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുവകിങ്കരന്മാരെയാണ് കോണ്‍ഗ്രസ്സും ബിജെപിയും കളത്തിലിറക്കിയത്. ഇവന്‍മാര്‍ രണ്ടുംകൂടി ചേര്‍ന്നാല്‍ സര്‍ക്കാര്‍ വീണതു തന്നെ എന്ന് സന്തോഷിച്ചവരും ഏറെയുണ്ടായിരുന്നു. അപ്പോഴാണ് സ്ഥിരം സമര നാടകവേദി വില്ലനായത്. സ്ഥിരം വേദിയില്‍ നമ്മള്‍ കയറിപ്പറ്റിയില്ലെങ്കില്‍ മുഖ്യ പ്രതിപക്ഷപദവി മറ്റവര്‍ തട്ടിക്കളയുമെന്ന് ഇരുപക്ഷത്തെയും ബുദ്ധിരാക്ഷസന്‍മാര്‍ നടത്തിയ മഷിനോട്ടത്തില്‍ വ്യക്തമായി. താമസിയാതെ വടി, കല്ല്, മുളകുപൊടി തുടങ്ങി തദ്ദേശനിര്‍മിതമായ മനോഹരവസ്തുക്കള്‍ ആരൊക്കെയോ എത്തിച്ചു. ആരും എറിയാതെ തന്നെ അവ സ്വയം മറുപക്ഷത്തേക്ക് എറിയാന്‍ തുടങ്ങി എന്നതാണ് വിസ്മയാവഹം. കുറേപേര്‍ക്കു പരിക്കുണ്ട്. സാരമില്ല. ജനാധിപത്യത്തിനുവേണ്ടി ഇത്രയും ത്യാഗം സഹിച്ചില്ലെങ്കില്‍ എന്തിനുപറ്റും. ഒരു പോലിസുകാരനെ ചമ്മന്തിയാക്കി എന്നും കേട്ടു. പോലിസ് നിലയ്ക്കുനിന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും. എന്നാല്‍, ഇതിനൊക്കെ ഉത്തരവാദി പിണറായി സര്‍ക്കാരാണ്. എന്തുകൊണ്ട് രണ്ട് സ്ഥിരം സമരവേദി സര്‍ക്കാര്‍ നിര്‍മിച്ചില്ല!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss