|    Nov 21 Wed, 2018 2:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്ഥിതി അതീവഗുരുതരം; രാജ്‌നാഥ് സിങ് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

Published : 13th August 2018 | Posted By: kasim kzm

കൊച്ചി/നെടുമ്പാശ്ശേരി: മഴക്കെടുതിയെ തുടര്‍ന്ന് കേരളത്തിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ബോധ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളും എറണാകുളം പറവൂരിലെ ദുരിതാശ്വാസ ക്യാംപും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കെടുതിയും അണക്കെട്ടുകള്‍ തുറന്നതും മൂലമുള്ള ദുരിതം കണക്കിലെടുത്ത് കേരളത്തിന് അടിയന്തര ധനസഹായമായി 100 കോടി രൂപ അനുവദിച്ചു. നേരത്തേ രണ്ടു തവണയായി 80 കോടി രൂപ വീതം കേന്ദ്രസഹായം അനുവദിച്ചിരുന്നു. കൂടുതല്‍ ധനസഹായത്തിനായുള്ള ആവശ്യം പരിഗണിക്കും. മഴക്കെടുതി വിലയിരുത്തുന്നതിനും അധിക സഹായം ലഭ്യമാക്കുന്നതിനുമായി കേന്ദ്രസംഘം സന്ദര്‍ശനം നടത്തും. ഇവരുടെ ശുപാര്‍ശപ്രകാരമാവും സഹായം അനുവദിക്കുക.
പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചതില്‍ നിന്നു കേരളത്തിലുണ്ടായ നഷ്ടം വളരെ വലുതാണെന്ന് ബോധ്യമായി. റോഡ്, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ കെടുതി ബാധിച്ചു. വിനോദസഞ്ചാര മേഖലയ്ക്കും വലിയ നഷ്ടം സംഭവിച്ചു. ഒരു ലക്ഷത്തോളം പേര്‍ മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നു. മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിവേദനം അനുഭാവപൂര്‍വം പരിഗണിക്കും. ദേശീയ ദുരന്തനിവാരണ സേനയെ വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സേനയെ അയക്കാമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ കേന്ദ്രമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് എറണാകുളം, ഇടുക്കി, ചെറുതോണി ഡാമുകളും ദുരിതബാധിത പ്രദേശങ്ങളും വീക്ഷിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിക്കൊപ്പം പറവൂര്‍ ഇളന്തിക്കര ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ സന്ദര്‍ശനം നടത്തി. ക്യാംപില്‍ കഴിയുന്നവര്‍ കേന്ദ്രമന്ത്രിയോട് വിവരങ്ങള്‍ പങ്കുവച്ചു.
ഇതിനുശേഷം നെടുമ്പാശ്ശേരിയില്‍ നടന്ന അവലോകന യോഗത്തില്‍ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ സമഗ്ര ചിത്രം ആഭ്യന്തരമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍, മാത്യു ടി തോമസ്, വി എസ് സുനില്‍ കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഐജി വിജയ് സാഖറെ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല യോഗത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss