|    Jan 23 Mon, 2017 12:00 pm
FLASH NEWS

സ്ഥാപനങ്ങള്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് നിയന്ത്രിക്കാന്‍ ഉത്തരവ്

Published : 3rd September 2016 | Posted By: SMR

കൊച്ചി: എസ്എന്‍ഡിപി യോഗം, ശിവഗിരി മഠം പോലെയുള്ള സ്ഥാപനങ്ങള്‍ വ്യത്യസ്ത മതവിഭാഗത്തില്‍പെട്ടവര്‍ക്ക്  വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി.
വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള സ്ത്രീയും പുരുഷനും വിവാഹിതരായാല്‍ എസ്എന്‍ഡിപി യോഗം പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. നിയമവിധേയമല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരം നടപടി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ടു മതത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ നിയമസാധുതയുള്ളൂവെന്നും കോടതി നിഷ്‌കര്‍ഷിച്ചു.
ക്രിസ്ത്യന്‍ സമുദായാംഗമായ പെണ്‍കുട്ടിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മുത്തശ്ശി ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കോടതി ഉത്തരവ്. ബിഎ വിദ്യാര്‍ഥിനി ഹിന്ദു സമുദായത്തില്‍പെട്ട വ്യക്തിക്കൊപ്പം താമസമാക്കിയെന്നും ഇവര്‍ നിയമപരമായി വിവാഹിതരായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയും യുവാവും കോടതിയില്‍ ഹാജരായിരുന്നു. തങ്ങള്‍ വിവാഹം ചെയ്തതായി അവകാശപ്പെട്ടു അവര്‍  തെളിവായി നെടുമങ്ങാട് എസ്എന്‍ഡിപിയോഗം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച കോടതി എസ്എന്‍ഡിപി യോഗം തെറ്റിദ്ധരിപ്പിച്ച് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ വിമര്‍ശിച്ചു.
ഇരു വിഭാഗത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹം 1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ കേസും മുമ്പ് കോടതിയുടെ പരിഗണനയിലെത്തിയ ശിവഗിരി മഠത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസടക്കം ധാരാളം സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്ഥാപനങ്ങളുടെ ഇത്തരം നടപടി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരം വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് വിശ്വസിച്ചാണ് ഇത്തരക്കാര്‍ ജീവിക്കുന്നത്. ഇവര്‍ ബന്ധം വേര്‍പെടുത്തിയാല്‍ സ്വത്ത് അടക്കമുള്ള ഒരാനുകൂല്യങ്ങളും ദമ്പതികളെന്ന രീതിയില്‍ ലഭിക്കില്ല. അതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നിയന്ത്രിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക