|    Nov 15 Thu, 2018 3:37 am
FLASH NEWS

‘സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത ഭരണം നഷ്ടപ്പെടുത്തി’

Published : 3rd December 2015 | Posted By: SMR

ഈരാറ്റുപേട്ട: അര നൂറ്റാണ്ടിലേറെക്കാലം തെക്കന്‍ കേരളത്തില്‍ മുസ്‌ലിം ലീഗ് ഭരിച്ച പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടാന്‍ കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും ജില്ലാ പ്രസിഡന്റിന്റെ ചില ഏകപക്ഷീയമായ തീരുമാനങ്ങളും ആണെന്ന് യോഗത്തില്‍ വിമര്‍ശനം.
തോല്‍വി സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാര്‍ഡ് തലത്തിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള നേതൃയോഗത്തിലാണ് ജില്ലാ പ്രസിഡന്റിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. യോഗത്തില്‍ പ്രസംഗിച്ച ഭൂരിഭാഗം പേരും ജില്ലാ പ്രസിഡന്റിന്റെ നിലപാടിനെതിരെയാണു സംസാരിച്ചത്. എന്നാല്‍ ഇത്ര കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും ഭരണം നഷ്ടപ്പെടാന്‍ കാരണമായതും പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ എ മുഹമ്മദ് ഹാഷിമിന്റെ ജനവിരുദ്ധ ഭരണമായിരുന്നെന്നും ആരോപണമുയര്‍ന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തമ്മില്‍ തന്നെ കടുത്ത ഭിന്നതയില്‍ ആയിരുന്നു. സര്‍വ രംഗത്തും അഴിമതിയുണ്ടായി.
പാര്‍ട്ടിയുടെയും ജനങ്ങളുടെയും പ്രതീക്ഷക്കൊത്ത ഭരണം മുന്നോട്ടു പോയില്ല. മാത്രമല്ല മുനിസിപ്പാലിറ്റിയ്ക്ക് എതിരേ പാര്‍ട്ടി രംഗത്ത് വന്നത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയെന്നും ഭരണം നഷ്ടപ്പെടാന്‍ കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടുതന്നെയാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതില്‍ നിന്നു ജില്ലാ പ്രസിഡന്റിനോ പഞ്ചായത്ത് പ്രസിഡന്റിനോ നേതൃത്വത്തിനോ ഒഴിഞ്ഞുമാറാനാവില്ലെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെന്നും വാര്‍ഡ് തല ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കെ എ മുഹമ്മദ് ഹാഷിമിന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാ സെക്രട്ടറിയും സഹോദരനും മല്‍സരിക്കാന്‍ ഇറങ്ങിയതും തിരിച്ചടിയായി. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ഒറ്റപ്പെട്ടുപോയി എന്നും പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും നേരിയ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചതെന്നും വിമര്‍ശനമുയര്‍ന്നു. എസ്ഡിപിഐയുടെ നാല് കൗണ്‍സിലര്‍മാരും വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തതും എസ്ഡിപിഐയുടെ വളര്‍ച്ച പാര്‍ട്ടിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശനമുണ്ടായി.
സംഘര്‍ഷം ഭയന്ന് ലീഗ് ഹൗസില്‍ യോഗം ചേരാതെ നടയ്ക്കല്‍ ബറക്കാത്ത് ഓഡിറ്റോറിയത്തിലാണ് യോഗം ചേര്‍ന്നത്. ഇതിനിടെ കഴിഞ്ഞ മാസം 18ന് നടന്ന മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കു ലീഗ് കൗ ണ്‍സിലര്‍മാര്‍ മല്‍സരിക്കേണ്ടതില്ലെന്ന ജില്ലാ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. നഗരസഭാ സ്ഥിരം സമിതിയില്‍ പ്രതിപക്ഷത്തിന് ലഭിക്കേണ്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അധ്യക്ഷ സ്ഥാനം ലഭിക്കേണ്ടതു പാര്‍ലമെന്ററി ലീഡര്‍ വി എം സിറാജിനാണ്. എന്നാല്‍ വി എം സിറാജും ജില്ലാ പ്രസിഡന്റും തമ്മിലുള്ള ഭിന്നത മൂലം കഴിഞ്ഞ ദിവസം ലീഗ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് വി എം സിറാജിനെയും വി പി നാസറിനെയും സ്ഥാനാര്‍ഥികളായി നിശ്ചയിച്ച് വോട്ടിങ് നടത്തി. ഇതില്‍ ഒരു വോട്ട് സിറാജിനും അഞ്ചുവോട്ട് വി പി നാസറിനും ലഭിച്ചു. രണ്ട് കൗണ്‍സിലര്‍മാര്‍ യോഗത്തിന് എത്തിയിരുന്നില്ല. ജില്ലാ പ്രസിഡന്റിന്റെ ഈ നടപടി തെറ്റായ കീഴ്‌വഴക്കമാണെന്നും വി എം സിറാജിനെ ഒതുക്കാന്‍ ജില്ലാ പ്രസിഡന്റ് തന്ത്രപരമായികളിക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഒരു വിഭാഗം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss