|    Mar 27 Mon, 2017 2:19 pm
FLASH NEWS

സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ സിപിഎമ്മിന് കടുകട്ടി

Published : 4th March 2016 | Posted By: SMR

ഹനീഫ എടക്കാട്

കണ്ണൂര്‍: പതിവില്‍ നിന്ന് വിപരീതമായി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിയര്‍ത്ത് സിപിഎം. ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും യുഡിഎഫ് സീറ്റുവിഭജനം ഏഴിനു തീരുമാനിക്കുമെന്ന് വ്യക്തമാക്കുമ്പോഴും സിപിഎമ്മിലും എല്‍ഡിഎഫിലും കാര്യങ്ങള്‍ വേണ്ടവിധം പുരോഗമിച്ചില്ല.
പാര്‍ട്ടി പ്രവര്‍ത്തനത്തിന് മുന്‍ഗണന കൊടുക്കുകയും അനിവാര്യ സാഹചര്യത്തില്‍ മാത്രം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്യുക എന്ന കമ്മ്യൂണിസ്റ്റ് രീതിയൊന്നും ആര്‍ക്കും ദഹിക്കുന്നില്ലെന്നതാണ് വസ്തുത. മുന്‍ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും നേരത്തെ പൂര്‍ത്തിയാക്കാറുള്ളത് സിപിഎമ്മും എല്‍ഡിഎഫുമായിരുന്നു. എന്നാല്‍, ഇക്കുറി കാര്യങ്ങള്‍ തകിടം മറിഞ്ഞു. വി എസ് മല്‍സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഉയര്‍ന്ന ആശയക്കുഴപ്പം ഇതുവരെ പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. വിഎസും പിണറായി വിജയനും മല്‍സരിക്കട്ടെയെന്ന് സംസ്ഥാന ഘടകത്തില്‍ തത്വത്തില്‍ തീരുമാനമായെങ്കിലും അന്തിമ പ്രഖ്യാപനം പിബിയില്‍ നിന്നു വരണം.
കേരള കോണ്‍ഗ്രസ്സി(എം)ലെ പിളര്‍പ്പ് കാത്തിരുന്ന് എല്‍ഡിഎഫിലെ സീറ്റുവിഭജനവും പൂര്‍ത്തിയാക്കാനായിട്ടില്ല. സിപിഐയും ജനതാദള്‍ എസും മറ്റുകക്ഷികളും കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലാണ്. എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സിഎംപി (അരവിന്ദാക്ഷന്‍) വിഭാഗത്തിനും മല്‍സരിക്കണമെന്നുണ്ട്. 13നകം മല്‍സരിക്കുന്നവരുടെ പ്രാഥമിക പട്ടിക കൈമാറണമെന്ന് സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്.പ്രതിപക്ഷനേതാവാകാനും മുഖ്യമന്ത്രിയാവാനും അവസരം ലഭിച്ചിട്ടും ഇനിയും പോരാട്ടത്തിനിറങ്ങാന്‍ വയസ്സ് 90 കഴിഞ്ഞ വിഎസ് വരെ സന്നദ്ധനാണ്.
2006ലും 2011ലും വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ പ്രതിഷേധിച്ചവര്‍ തന്നെയാണ് വിഎസിന്റെ മല്‍സര സന്നദ്ധതയെ പാര്‍ലമെന്ററി വ്യാമോഹമായി ഇപ്പോള്‍ വ്യാഖ്യാനിക്കുന്നത്. 2006ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും വിഎസ് മന്ത്രിസഭയില്‍ അംഗങ്ങാളായിരുന്നു. സിറ്റിങ് എംഎല്‍എമാര്‍ വിവിധ പദ്ധതി ഉദ്ഘാടനങ്ങളിലും മറ്റും തങ്ങളുടെ സ്ഥാനാര്‍ഥിത്വം അനൗപചാരികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂരില്‍ സിപിഎം സിറ്റിങ് എംഎല്‍എമാരില്‍ സി കൃഷ്ണന്‍, കെ കെ നാരായണന്‍ എന്നിവര്‍ മാറുമെന്ന് ഉറപ്പായി. സംസ്ഥാന സെക്രട്ടറിയായതിനാല്‍ കോടിയേരി ബാലകൃഷ്ണനും മല്‍സരിക്കില്ല. എ എന്‍ ഷംസീര്‍ തലശ്ശേരിയില്‍ നിന്ന് ജനവിധി തേടുമെന്ന് അറിയുന്നു. ധര്‍മടത്ത് പിണറായി വിജയനും മല്‍സരിക്കും. പയ്യന്നൂരില്‍ മുന്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്റെ പേരിനാണ് മുന്‍തൂക്കം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക