|    Jan 19 Thu, 2017 10:38 pm
FLASH NEWS

സ്ഥാനാര്‍ഥികളെ പാട്ടുംപാടി ജയിപ്പിക്കാന്‍ പാട്ടുകാരുടെ സംഘങ്ങള്‍ ഒരുങ്ങി

Published : 11th October 2015 | Posted By: RKN

കെ എം അക്ബര്‍

ചാവക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങുന്ന സ്ഥാനാര്‍ഥികളെ പാട്ടുംപാടി ജയിപ്പിക്കാന്‍ പാട്ടുകാരുടെ സംഘങ്ങള്‍ ഒരുങ്ങി. ഇനി സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രം നല്‍കിയാല്‍ മതി മണിക്കൂറുകള്‍ക്കുള്ളില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് അനുസരിച്ചുള്ള പാരഡിഗാനം തയ്യാറാവും. മാപ്പിളപ്പാട്ട് മുതല്‍ ന്യൂജനറേഷന്‍ പാട്ടുവരെ പാടി വോട്ടര്‍മാരുടെ മനസ്സിളക്കാനാണു പാരഡി പാട്ടുകാരുടെ സംഘം ഒരുക്കംനടത്തുന്നത്. പുതിയ സൂപ്പര്‍ ഹിറ്റ് സിനിമാ ഗാനങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെയും പാരഡിയൊരുക്കാനാണ് അധികം പേരും ഇഷ്ടപ്പെടുന്നതെന്നതിനാല്‍ ജനശ്രദ്ധയാകര്‍ഷിച്ച പാട്ടുകളുടെ പതിപ്പുകള്‍ തന്നെയാണു തിരഞ്ഞെടുപ്പിനുവേണ്ടി മാറ്റങ്ങളോടെ അവതരിപ്പിക്കുന്നതിലധികവും.

ന്യൂജനറേഷന്‍ തലമുറയെ പിടിക്കുക എന്ന ലക്ഷ്യത്തോടെ അടിപൊളി ഹിറ്റ് ഗാനങ്ങളും പാരഡിക്ക് വിധേയമാവുന്നുണ്ട്. ഏതു പാട്ടു വേണമെന്നതിനോടൊപ്പം മറ്റു വിവരങ്ങളും നല്‍കിയാല്‍ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാവുംവിധം പാട്ട് തയ്യാറാക്കും. പാര്‍ട്ടികള്‍ക്കനുസരിച്ച് കാലിക വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്താണു പാട്ടെഴുത്തെന്ന് ഈരംഗത്തു പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശി അബ്ബാസ് കാളത്തോട് പറയുന്നു. പ്രാദേശിക വിഷയങ്ങള്‍ക്കു പുറമെ അഴിമതി, വിലക്കയറ്റം, വര്‍ഗീയത എന്നിങ്ങനെ ഒട്ടുമിക്ക സമകാലിക വിഷയങ്ങളും പാരഡിക്കു വിഷയമാവുന്നുണ്ട്. മികച്ച സ്റ്റുഡിയോകളില്‍വച്ചുതന്നെയാണു തിരഞ്ഞെടുപ്പു ഗാനങ്ങള്‍ തയ്യാറാക്കുന്നത്.

വരികളും ഈണവും സ്റ്റുഡിയോകളില്‍ റെഡിയാണെങ്കിലും പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷമേ പൂര്‍ണരൂപത്തില്‍ പാരഡി പുറത്തിറങ്ങൂ. എല്ലാ തിരഞ്ഞെടുപ്പുകാലത്തും പാരഡി ഗാനങ്ങള്‍ പ്രചാരണങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നതുപോലെ ഇത്തവണയും അതിനൊരു കുറവുമുണ്ടാവില്ലെന്നാണു കരുതുന്നതെന്നും അബ്ബാസ് പറയുന്നു. പാട്ടുകള്‍ക്കു പുറമെ അനൗ ണ്‍സ്‌മെന്റുകളും ഇവര്‍ റെക്കോ ര്‍ഡ് ചെയ്തു കൊടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കൊഴുക്കണമെങ്കില്‍ പാട്ടും അനൗണ്‍സ്‌മെന്റും കൂടിയേ തീരൂവെന്നതുകൊണ്ടുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടൊപ്പംതന്നെ പാട്ടുകാരെയും അനൗണ്‍സര്‍മാരെയുംകൂടി ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണു നേതാക്കള്‍. നൂറ് ഫഌക്‌സ് ബോര്‍ഡിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഒരു നല്ല പാരഡി ഗാനമാണെന്നാണു കക്ഷിരാഷ്ട്രീയ ഭേദമെന്യേ പാര്‍ട്ടിക്കാരുടെ പക്ഷം. വോട്ടെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പുപ്രചാരണരംഗത്തെ കൊഴുപ്പിക്കാന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കാതെതന്നെ എതിരാളികളുടെ വീഴ്ചകളും പോരായ്മകളും പരമാവധി ആക്ഷേപഹാസ്യമാക്കാനുള്ള ശ്രമത്തിലാണു പാട്ടുസംഘങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക