|    Oct 21 Sun, 2018 4:44 am
FLASH NEWS

സ്ഥാനങ്ങളെ ചൊല്ലി അസ്വാരസ്യം; സിപിഐ ജില്ലാ ഘടകത്തില്‍ തര്‍ക്കം മുറുകുന്നു

Published : 25th August 2016 | Posted By: SMR

കല്‍പ്പറ്റ: സിപിഐ ജില്ലാ ഘടകത്തില്‍ തര്‍ക്കം മുറുകുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്കുള്ള പാര്‍ട്ടി നോമിനിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വവുമായി ഉരസിയ മീനങ്ങാടി ലോക്കല്‍ കമ്മിറ്റി ഒന്നടങ്കം രാജിക്ക് മുതിര്‍ന്നതായും സൂചനയുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം സിപിഐ നോമിനിക്കായിരിക്കുമെന്ന് അഭ്യൂഹം പരന്നിരിക്കെ ഇതേച്ചൊല്ലിയും പാര്‍ട്ടിയില്‍ അസ്വാരസ്യം തലപൊക്കിയിരിക്കുകയാണ്.
ഇടതുമുന്നണിയിലെ വീതംവയ്പില്‍ സിപിഐയ്ക്ക് ലഭിച്ച ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്ക് 10 വര്‍ഷമായി സിപിഐയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ബാറിലെ സീനിയര്‍ അഭിഭാഷനെയാണ് ജില്ലാ നേതൃത്വം പരിഗണിച്ചത്. ഇദ്ദേഹത്തേക്കാള്‍ കൂടുതല്‍ പാര്‍ട്ടി-പോഷക സംഘടനാബന്ധമുള്ള ചില അഭിഭാഷകര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം ആഗ്രഹിച്ചിരിക്കെയാണ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ചിലരും എതിര്‍ നിലപാട് സ്വീകരിച്ചത്.
പിപി നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ വിവിധ മണ്ഡലം, ലോക്കല്‍ കമ്മിറ്റികള്‍ ജില്ലാ നേതൃത്വത്തെ താല്‍പര്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, നോമിനിയെ നിര്‍ണയിക്കുന്നതില്‍ ജില്ലാ നേതൃത്വം കീഴ്ഘടകങ്ങളെ കണക്കിലെടുത്തതേയില്ല. ഈ പശ്ചാത്തലത്തിലാണ് മീനങ്ങാടി ലോക്കല്‍ കമ്മിറ്റി ഒന്നടങ്കം രാജിക്കൊരുങ്ങിയത്. പാര്‍ട്ടിക്ക് ലഭിക്കുന്ന സ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കുന്നതില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഏറെ വൈകിയാണ് ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്തത്.
കഴിഞ്ഞ 21നാണ് യോഗം ചേര്‍ന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ജില്ലയില്‍നിന്നു രണ്ടു പേരെ ഉള്‍പ്പെടുത്തിയത് പ്രദേശിക നേതാക്കളുമായി ആലോചിക്കാതെയും അവര്‍ നിര്‍ദേശിച്ചവരെ അവഗണിച്ചുമായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഇതിലുള്ള നീരസം മണ്ഡലം, ലോക്കല്‍ കമ്മിറ്റി നേതാക്കളില്‍ തളംകെട്ടിക്കിടക്കുന്നതിനിടെയാണ് പിപി നിയമനത്തെ ചൊല്ലിയുള്ള പൊല്ലാപ്പുകള്‍.
എഐഎസ്എഫിലൂടെ സിപിഐയിലെത്തിയ മീനങ്ങാടിക്കാരനായ അഭിഭാഷകന്‍ പിപി സ്ഥാനത്ത് വരുന്നതിലായിരുന്നു ലോക്കല്‍ കമ്മിറ്റിക്ക് താല്‍പര്യം. പാര്‍ട്ടിക്കു വേണ്ട ഫണ്ട് ഇറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നതാണ് ഈ അഭിഭാഷകന്‍. ഇദ്ദേഹത്തിനു വേണ്ടി ലോക്കല്‍ കമ്മിറ്റി ചരടുവലി നടത്തുന്നതിനിടെയാണ് ജില്ലാ നേതൃത്വം മറ്റൊരാളെ തീരുമാനിച്ചത്. ഈ വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ മണ്ഡലം സെക്രട്ടറിക്കും മീനങ്ങാടി ലോക്കല്‍ കമ്മിറ്റി ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം സിപിഐ നോമിനിക്ക് ലഭിക്കുമെന്നു സൂചന ഉയര്‍ന്നതോടെ കായികതാരവും എഐഎസ്എഫ് പ്രവര്‍ത്തകനുമായിരുന്ന കാക്കവയല്‍ സ്വദേശി പദവിക്കായി രംഗത്തുവരികയുണ്ടായി.
ചെന്നലോട് സ്വദേശിയായ പാര്‍ട്ടി ബന്ധുവും പ്രസിഡന്റ് പദവിയില്‍ വട്ടമിട്ടു. ഈ ഘട്ടത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ കണിയാമ്പറ്റ നിവാസി സിപിഐ ജില്ലാ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പാര്‍ട്ടിയില്‍ ചേരാനും പ്രസിഡന്റ് പദവിയില്‍ വീണ്ടുമെത്താനും ശ്രമം തുടങ്ങി. ഇതു മണത്തറിഞ്ഞ കാക്കവയല്‍ സ്വദേശി പാര്‍ട്ടി വിടുമെന്നു ഭീഷണി മുഴക്കി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നല്‍കുന്നതില്‍ മുന്നണി തലത്തില്‍ തീരുമാനം ആയില്ലെന്നു പറഞ്ഞാണ് ഈ വിഷയത്തില്‍ ജില്ലാ നേതൃത്വം പ്രദേശിക ഘടകങ്ങളെ പിടിച്ചുനിര്‍ത്തുന്നത്. മീനങ്ങാടി ലോക്കലില്‍ നിന്നുള്ളവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ മൂന്നു പേര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss