|    Mar 22 Thu, 2018 11:55 am

സ്ഥല സൗകര്യമില്ല; ചങ്ങനാശ്ശേരി എക്‌സൈസ് ഓഫിസ്് വീര്‍പ്പുമുട്ടലില്‍

Published : 30th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: ആഴ്ചയില്‍ രണ്ട് എന്ന കണക്കില്‍ കഞ്ചാവു-മയക്കു മരുന്നുവേട്ട നടത്തുന്ന ചങ്ങനാശ്ശേരി എക്‌സൈസ് ഓഫിസ് സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടലില്‍. ഇതേ തുടര്‍ന്ന് ഇവിടുത്തെ ജീവനക്കാരും ഏറെ ബുദ്ധിമുട്ടിലായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഓടിട്ട ചെറിയ കെട്ടിടത്തില്‍ ആരംഭിച്ച ഓഫിസ് അന്നത്തെപ്പോലെ തന്നെ ഇന്നും നിലകൊള്ളുകയാണ്. തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കാന്‍ പോലും ഇവിടെയിടമില്ല. ഒരു നഗരസഭ, 11 പഞ്ചായത്തുകള്‍, 15 വില്ലേജ്, ഏഴു പോലിസ് സ്‌റ്റേഷനുകള്‍, ഉള്‍ക്കൊള്ളുന്ന വിശാല അതിര്‍ത്തിയാണ് ഈ ഓഫിസിന്റെ കീഴിലുള്ളത്. എന്നാല്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഈ കോംപൗണ്ടില്‍ തന്നെ എക്‌സൈസ് സിഐ ഓഫിസും പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടു ഓഫിസിനും കൂടി രണ്ടു ജീപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ റേഞ്ച് ഓഫിസിലെ ജീപ്പിനു 10 വര്‍ഷം പഴക്കം പിന്നിട്ടുകഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഓഫിസിലെ ഒരു ജീവനക്കാരന്‍ മരിച്ചതും ഇതേ ജീപ്പുമറിഞ്ഞായിരുന്നു. സര്‍ക്കിള്‍ ഓഫിസില്‍ സിഐ, രണ്ടു പ്രിവന്റീവ് ഓഫിസര്‍മാര്‍, അഞ്ചു സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജീവനക്കാരുടെ എണ്ണം.എന്നാല്‍ ഡ്രൈവര്‍ ഒരു ദിവസം അവധിയെടുത്താല്‍ പകരം ജീപ്പ് ഓടിക്കാന്‍ ആളില്ലാത്തതും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. റേഞ്ച് ഓഫിസില്‍ എസ്‌ഐ, 18 സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍, നാലു പ്രിവന്റീവ് ഓഫിസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിവരാണുള്ളത്. ഇവിടേയും ഡ്രൈവര്‍ അവധിയെടുത്താലും പകരക്കാരനില്ല. ഇടുങ്ങിയ കെട്ടിടത്തിനുള്ളില്‍ ജീവനക്കാര്‍ അസൗകര്യം നേരിട്ട് ജോലി ചെയ്യേണ്ട അവസ്ഥയാണ്. ചുറ്റും കാടു കയറിയതിനാല്‍ ഇഴ ജന്തുക്കളുടെ ശല്യവും വ്യാപകമാണ്. ഋഷിരാജ് സിങ് വകുപ്പു മേധാവി ആയിരുന്നപ്പോള്‍ ചങ്ങനാശ്ശേരി എക്‌സൈസ് ഓഫിസിനു കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും  അദ്ദേഹം വകുപ്പില്‍ നിന്നും മാറിയതോടെ നടപടികള്‍ എങ്ങുമെത്തിയില്ല. ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ ഭക്ഷണം കഴിച്ചാല്‍ കൈ കഴുകാന്‍ വെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. പലപ്പോഴും സമീപ കിണറുകളില്‍ നിന്നു വെള്ളം കോരിയെടുത്താണ് ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടൂതല്‍ കഞ്ചാവു വില്‍പ്പനക്കാരെ പിടികൂടാനായതും ഇതേ ഓഫിസിലാണ്. എന്നാല്‍ അതിന് അനുസരണമായ വികസന പ്രവര്‍ത്തനം ഇവിടെ നടക്കുന്നില്ല. നിലവില്‍ ആവശ്യത്തിനു സ്ഥലം ഉണ്ടെങ്കിലും അവിടെ പുതിയ കെട്ടിടം നിര്‍മിച്ചു ജീവനക്കാര്‍ക്കു സൗകര്യപ്രദമായ നിലയില്‍ സജ്ജീകരിച്ചാല്‍ കുറേ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവും. ഒപ്പം ആവശ്യത്തിനു ജീവനക്കാരെയും നിയമിക്കേണ്ടതായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss