|    Nov 18 Sun, 2018 8:18 pm
FLASH NEWS

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍

Published : 19th May 2017 | Posted By: fsq

 

മാനന്തവാടി: പരാധീനതകളാലും അസൗകര്യങ്ങളിലും വീര്‍പ്പ് മുട്ടുകയാണ് മാനന്തവാടി ഫയര്‍ റെസ്‌ക്യു സ്‌റ്റേഷന്‍. മാനന്തവാടി മുന്‍സിപ്പാലിറ്റി എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച താത്ക്കാലിക കെട്ടിടത്തിലാണ് ഇപ്പോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 2004 നവംബര്‍ 24 നാണ് അഗ്‌നി രക്ഷാ നിലയം പ്രവര്‍ത്തനമാരംഭിച്ചത്. സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്ത ജില്ലയിലെ ഏക അഗ്‌നി രക്ഷാ യൂനിറ്റ് കൂടിയാണ് മാനന്തവാടിയിലേത്. 24 ഫയര്‍മാന്‍, 7 ഫയര്‍മാന്‍ ഡ്രൈവര്‍, 4 ലീഡിങ് ഫയര്‍മാന്‍, 2 ഓഫിസര്‍ 12 ഹോം ഗാര്‍ഡ് എന്നീ ക്രമത്തില്‍ 48 ജീവനക്കാരാണ് ഇടുങ്ങിയ ഈ ഓഫിസുനുള്ളില്‍ ജോലി ചെയ്യുന്നത്. 48 ജീവനക്കാര്‍ രണ്ട് ടേണ്‍ ആയി ജോലി ചെയ്യുന്ന സ്‌റ്റേഷനില്‍ 23 ജീവനക്കാര്‍ എപ്പോഴും ഡ്യൂട്ടിയിലുണ്ടായിരിക്കും. ഇവര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ടി ചെറിയ ഒരു റൂം മാത്രമാണ് ഉള്ളത്. ഇതില്‍ പരമാവധി ഒമ്പത് കട്ടില്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ജീവനക്കാരുടെ വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും എല്ലാം സൂക്ഷിക്കുന്നതും ഈ റൂമിലാണ്. സ്ഥലപരിമിതി മൂലം ജീവനക്കാര്‍ ഗ്യാരേജിലും വാഹനങ്ങളിലുമാണ്  വിശ്രമിക്കുന്നത്. ഏഴു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മുന്ന് ഗ്യാരേജ് മാത്രമാണുള്ളത്. ബാക്കിയുള്ള വാഹനങ്ങള്‍ മഴയും വെയിലുമേറ്റ് കോംപൗണ്ടില്‍ കിടക്കുകയാണ്. സ്‌റ്റേഷന്റെ മറ്റ് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് റൂമുകള്‍ മാത്രമുള്ള കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ മുന്ന് റൂമുകളിലാണ് സ്‌റ്റേഷന്‍ ഓഫിസര്‍, അസി. സ്‌റ്റേഷന്‍ ഓഫിസര്‍, ഓഫിസ് റൂം, വാച്ച് റൂം, സ്‌റ്റോര്‍ റൂം, സ്റ്റാഫ് റൂം, ഫ്യുവല്‍ സ്‌റ്റോക്ക് റൂം തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത്. കനത്ത മഴയില്‍ കെട്ടിടത്തിനകത്ത്   വരെ വെള്ളം കയറാറുണ്ട്. പലപ്പോഴും അടിയന്തര ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പോലും പുറത്തേക്ക് കൊണ്ട് പോകവാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. വകുപ്പില്‍ നിന്നും ആധുനിക ഉപകരണങ്ങളും ഓഫിസ് സ്്‌റ്റേഷനറികളും ഫര്‍ണിച്ചറുകളും, മറ്റ് നിലയങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ഇല്ലാത്തതിന്റ് പേരില്‍ ഈ നിലയത്തിലേക്ക് പലപ്പോഴും ലഭിക്കാതെ വരുന്നു. 48 ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിന് രണ്ടു ബാത്ത് റൂം മാത്രമാണുള്ളത്. അതും പൊട്ടിപൊളിഞ്ഞെങ്കിലും ജീവനക്കാര്‍ സ്വന്തം നിലയില്‍ റിപ്പയര്‍ ചെയ്തു ഉപയോഗിച്ച് വരികയാണ്. കെട്ടിടത്തിനു് സീലിങ്ങ് തകര്‍ന്ന നിലയിലാണ്. ജീവനക്കാര്‍ പണം എടുത്ത് ഷീറ്റ് വിരിക്കുകയായിരുന്നു.  2004ല്‍ കെട്ടിടം നിര്‍മിച്ചതിന് ശേഷം യാതൊരു വിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ഭൂരിപക്ഷം വാതിലുകളും ജനലുകളും തകര്‍ന്ന് കിടക്കുകയാണ്. യൂനിറ്റിന്റെ കോംപൗണ്ടില്‍ നിര്‍മിച്ചിട്ടുള്ള കിണറ്റില്‍ വെള്ളമില്ലാത്തതിനാല്‍ പുഴയിലെ വെള്ളമാണ് ജീവനക്കാര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നത്. ഫയര്‍സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മിനി സിവില്‍ സ്‌റ്റേഷന് സമീപത്ത് സ്ഥലം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അനന്തര നടപടികള്‍ ഇല്ലാത്തതാണ് ജീവനക്കാര്‍ക്ക് തീരാദുരിതമായി മാറിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss