|    Jun 27 Tue, 2017 12:30 am
FLASH NEWS

സ്ഥലത്തെ ചൊല്ലി തര്‍ക്കം; ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് നിര്‍ത്തിവച്ചു

Published : 28th October 2016 | Posted By: SMR

വടകര: ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിവച്ചു. താഴെഅങ്ങാടി മനാര്‍മുക്കിലെ റോഡിന് അരികിലായി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് നാട്ടുകാരിലെ ചിലര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇത് കാരണം ഭൂമിക്കടിയില്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് കഴിഞ്ഞ് പണി നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. വടകര എംഎല്‍എ സി കെ നാണുവിന്റെ ഫണ്ടില്‍ നിന്നും നഗരസഭയില്‍ ആറ് സ്ഥലങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ഫണ്ട് പാസ്സായത്. അതില്‍ താഴെഅങ്ങാടിയില്‍ ഒന്നും മറ്റുള്ളവ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ്. സാന്റ് ബാങ്ക്‌സ്, മുഖച്ചേരി ഭാഗം തുടങ്ങിയ താഴെ അങ്ങാടിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്കെല്ലാം പോവുന്ന റോഡിന്റെ പ്രവേശന ഭാഗമാണ് മനാര്‍ മുക്ക്. ഇക്കാരണത്താലാണ് ലൈറ്റ് ഇവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ലൈറ്റ് സ്ഥാപിക്കുന്ന സമയത്ത് റോഡ് വീതി കുറവാണെന്നും കെഎസ്ആര്‍ടിസി പോലുള്ള ബസ്സുകള്‍ പോവുന്നതിനാല്‍ ലൈറ്റ് സ്ഥാപിച്ചാല്‍ ഗതാഗത തടസ്സമുണ്ടാവുമെന്നും പറഞ്ഞാണ് ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തിയത്. മാത്രമല്ല ലൈറ്റ് ഇവിടെ തന്നെയുള്ള മറ്റൊരിടത്തേക്ക് സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലൈറ്റ് സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലത്തിന്റെ എതിര്‍ വശത്തുള്ള പ്രതീക്ഷ ലൈബ്രറി പൊളിച്ചു നീക്കിയ കെട്ടിടത്തിന്റെ സ്ഥലത്ത് സ്ഥാപിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ആ സ്ഥലത്തിന്റെ ഉടമയായ അല്‍ ഇഹ്‌സാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധികൃതര്‍ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. കെട്ടിടത്തിന്റെ പണി നടക്കുന്നതിനാല്‍ ഇവിടെ സ്ഥാപിക്കാന്‍ പറ്റില്ലെന്നും പണി പൂര്‍ത്തിയായി കഴിഞ്ഞ് ചുറ്റുമതില്‍ നിര്‍മിച്ചതിന് ശേഷം സ്ഥാപിക്കാമെന്നുമാണ് അവര്‍ അറിയിച്ചത്. കൂടാതെ ലൈറ്റ് സ്ഥാപിച്ചതിന് ശേഷം പൊതുസ്ഥലമാണെന്ന് അവകാശം സ്ഥാപിക്കുമെന്നും അതിനാല്‍ അത്തരത്തിലുള്ള അവകാശവാദം പിന്നീട് ഉന്നയിക്കാതിരിക്കാന്‍ ലൈറ്റ് സ്ഥാപിക്കാനായി സ്ഥലം വേണമെന്ന കത്ത് മുനിസിപ്പാലിറ്റി നല്‍കണമെന്നും ആവശ്യപ്പെ    ട്ടു. അതേസമയം ഇവര്‍ ആവശ്യപ്പെട്ടത് പോലുള്ള കത്ത് നഗരസഭ നല്‍കിയിട്ടുണ്ടെന്നും ഇത് യോഗത്തില്‍ ചര്‍ച്ച ചെയ്ത് സ്ഥലം വിട്ടു നല്‍കാനുള്ള നടപടി ഉണ്ടാവുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പണി നിര്‍ത്തിവച്ച് ആഴ്ച പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കാന്‍ വാര്‍ഡ് മെംബര്‍ ഒരു ശ്രമവും നടത്തിയില്ലെന്ന ആക്ഷേപവും പരക്കെ ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക