|    Nov 22 Thu, 2018 1:23 am
FLASH NEWS

സ്ഥലം ഒഴിഞ്ഞവര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയില്ല

Published : 28th August 2018 | Posted By: kasim kzm

കാസര്‍കോട്്: ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ആദ്യ ടെന്‍ഡര്‍ ഇന്ന് തുറക്കും. തലപ്പാടി മുതല്‍ പാപ്പിനിശ്ശേരി വരേയുള്ള ദേശീയപാതയില്‍ രണ്ട് റീച്ചായാണ് ടെന്‍ഡര്‍ നടത്തുന്നത്. എന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ പലരും സമ്മതപത്രത്തില്‍ ഒപ്പുവച്ചിട്ടില്ല. ഇന്ന് നടക്കുന്ന പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ പ്രഹസനമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തലപ്പാടി മുതല്‍ ചെങ്കള വരെ ഒരു റീച്ചും ചെങ്കള മുതല്‍ പാപ്പിനിശ്ശേരി വരെ മറ്റൊരു റീച്ചുമായാണ് ടെന്‍ഡര്‍.
തലപ്പാടിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് നാലുവരി ദേശീയപാത നിര്‍മിച്ച കര്‍ണാടക ഉഡുപ്പിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനി അടക്കമുള്ള വന്‍കിട കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നത്.
തലപ്പാടി മുതല്‍ കറന്തക്കാട് വരെ ഏറ്റെടുത്ത ഭൂമിക്ക് ഭാഗികമായി നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ കറന്തക്കാട് മുതല്‍ ചെര്‍ക്കള വരേയുള്ള ദേശീയപാതയോരത്തെ ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്കും ഭൂമിക്കും നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് പലരും ഭൂമി വിട്ടുകൊടുക്കുന്ന സമ്മതപത്രത്തില്‍ ഒപ്പുവച്ചിട്ടില്ല. അണങ്കൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്്ടറുടെ കാര്യാലയത്തില്‍ നിരവധി അപേക്ഷകളാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. ആദ്യം ഭൂമി കൈമാറട്ടെ പിന്നാടാവാം നഷ്ടപരിഹാരം എന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ഭൂമി നഷ്ടപ്പെടുന്നവര്‍ പറഞ്ഞു. അഞ്ച് സെന്റ് സ്ഥലത്ത് വീടുകെട്ടി താമസിക്കുന്ന നിരവധി പേര്‍ക്ക് സ്ഥലം നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് ഇതുവരെ ലഭ്യമായിട്ടില്ല.
കാസര്‍കോട് നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ഉടമകള്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. നേരത്തെ തലപ്പാടി മുതല്‍ പാപ്പിനിശ്ശേരി വരെ 100 കിലോമീറ്ററില്‍ റോഡ് നിര്‍മിക്കാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തുവന്നതോടെ തലപ്പാടി-പാപ്പിനിശ്ശേരി റൂട്ടില്‍ രണ്ട് റീച്ചായി നിര്‍മാണം നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഇതനുസരിച്ചാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തടക്കം കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളും സ്ഥലവുമാണ് പലര്‍ക്കും നഷ്ടപ്പെടുന്നത്. എന്നാല്‍ ഇതിന് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയായിട്ടില്ല. കോടതിയെ സമീപിച്ചാലും സംസ്ഥാന സര്‍ക്കാറിനെതിരെ മാത്രമേ നടപടിയുണ്ടാവുകയുള്ളു.
ദേശീയപാത അതോറിറ്റി കേന്ദ്രസര്‍ക്കാറിന്റെ കീഴിലായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടില്ല. ആവശ്യമായ ഫണ്ട് ലഭ്യമായാല്‍ മാത്രമേ ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നത്തെ പ്രീ ക്വാളിഫിക്കേഷന്‍ ടെ ന്‍ഡര്‍ ഭൂമിവിട്ടുകിട്ടാത്ത സാഹചര്യത്തില്‍ മരവിപ്പിക്കേണ്ടിവരുമെന്ന് അഭിപ്രായമുണ്ട്. അതേസമയം ഇന്ന് അയ്യങ്കാളി ദിനമായതിനാല്‍ കേന്ദ്ര അവധിയാണ്. ഈ സാഹചര്യത്തില്‍ ടെന്‍ഡര്‍ തുറക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss