|    Nov 13 Tue, 2018 9:20 pm
FLASH NEWS

സ്ഥലംമാറ്റ വിവാദം മുറുകുന്നു; സിപിഐ കൗണ്‍സിലര്‍മാരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: നഗരസഭയിലെ സ്ഥലംമാറ്റപ്പോര് മുറുകുന്നു. കൂട്ടസ്ഥലംമാറ്റത്തിനു വിധേയരായ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് ഫെഡറേഷന്‍ നേതാക്കളെ തിരികെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 10നു സിപിഐ കൗണ്‍സിലര്‍മാര്‍ നഗരകാര്യ ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.
സിപിഐ സംഘടനാ ഭാരവാഹികളെ കൂട്ടത്തോടെ സ്ഥലം മാറ്റിയ വിവാദം കെട്ടടങ്ങുന്നതിനു മുമ്പ് മേയര്‍ പുറത്തിറക്കിയ ആഭ്യന്തര സ്ഥലംമാറ്റമാണ് വീണ്ടും വിവാദം ആളിക്കത്തിച്ചിരിക്കുന്നത്. സെക്രട്ടറി സ്ഥലത്തുണ്ടായിരിക്കേ കഴിഞ്ഞ 30ന് അഡീഷനല്‍ സെക്രട്ടറി ഒപ്പിട്ടാണ് ആഭ്യന്തര സ്ഥലംമാറ്റ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ സമരത്തിനു പദ്ധതിയിട്ടിരുന്നെങ്കിലും ചര്‍ച്ചകളിലൂടെ സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎമ്മിനു സാധിച്ചിരുന്നു. എന്നാല്‍, പുതിയ സംഭവവികാസങ്ങള്‍ വീണ്ടും സിപിഐയെ ചൊടിപ്പിച്ചിരിക്കുകയാണ്.
തന്നോട് ആലോചിക്കാതെ ഡ്രൈവറെ മാറ്റിയതില്‍ കോര്‍പറേഷന്‍ സെക്രട്ടറിയും അതൃപ്തി പ്രകടിപ്പിച്ചു. സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന എം നിസാറുദ്ദീന്റെ ഡ്രൈവര്‍ ശ്രീകുമാറിനെയാണ് മിനി ഗാരേജിലേക്ക് മാറ്റിയത്. ജനന-മരണ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിന്നു മാറ്റി യുപിഎ സെല്‍ പ്രോജക്ട് ഓഫിസറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ അംഗമായ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. അതേസമയം, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് സ്ഥലംമാറ്റിയ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെ ഡ്രൈവറെ തിരികെ നിയമിച്ചത് സിപിഐക്ക് രാഷ്ട്രീയ വിജയമായി.
സിപിഎം നേതൃത്വം നല്‍കുന്ന കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ആഭ്യന്തര സ്ഥലംമാറ്റ ലിസ്റ്റും പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആരോപണം. അതേസമയം, സ്ഥലംമാറ്റം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും മേയര്‍ക്ക് പ്രത്യേകം നോട്ടീസ് നല്‍കിയിട്ടുണ്ട്. യുഡിഎഫിലെ 21 പേരും ബിജെപിയിലെ 35 പേരും ഒപ്പിട്ട കത്താണ് മേയര്‍ക്ക് നല്‍കിയത്. മൂന്നിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ കൗണ്‍സില്‍ യോഗം വിളിക്കാതിരിക്കാന്‍ മേയര്‍ക്കാവില്ല. 15 ദിവസത്തെ സാവകാശം കിട്ടുമെന്നതാണ് ആശ്വാസം.
എന്നാല്‍, ഇരുകക്ഷികളും ചേര്‍ന്നു സ്ഥലംമാറ്റം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയാല്‍ സിപിഎം നേതൃത്വം നല്‍കുന്ന ഭരണമുന്നണിക്ക് അതു ക്ഷീണമാവും. പാസാക്കിയ പ്രമേയം സര്‍ക്കാരിലേക്ക് അയച്ചാല്‍ ഉത്തരവ് റദ്ദുചെയ്യേണ്ട സാഹചര്യവുമുണ്ടാവും.  പ്രത്യേക കൗണ്‍സില്‍ കൂടുന്നതിനു മുമ്പ് ഉത്തരവ് റദ്ദുചെയ്താല്‍ പ്രശ്‌നത്തിന് താല്‍ക്കാലികമായെങ്കിലും പരിഹാരം കാണാനാവുമെന്നത് മാത്രമാണ് സിപിഎമ്മിനു മുന്നിലുള്ള ഏക പോംവഴി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss