|    May 26 Fri, 2017 3:43 am
FLASH NEWS

സ്ത്രീ സുരക്ഷ: മാര്‍ച്ച് വരെ റിപോര്‍ട്ട് ചെയ്തത് 3219 പീഡനക്കേസുകള്‍

Published : 14th August 2016 | Posted By: SMR

നിഷ ദിലീപ്

കൊച്ചി: സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാവണമെന്ന ആവശ്യം ശക്തമാവുന്നു. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തെ കണക്കനുസരിച്ച് 3219 പീഡനക്കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 375 സ്ത്രീകളാണ് ബലാല്‍സംഗത്തിന് ഇരയായിട്ടുള്ളത്.
ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോവല്‍, പൂവാലശല്യം, സ്ത്രീധന മരണം, ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം എന്നിവയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 1005 സ്ത്രീകള്‍ വിവിധതരം ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായി. 2015ല്‍ കേരളത്തില്‍ 12,383 സ്ത്രീ പീഡനങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ബലാല്‍സംഗത്തിന് ഇരയായത് 1263 പേര്‍. ഇതര വര്‍ഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ബലാല്‍സംഗ കേസുകളില്‍ ഗണ്യമായ വര്‍ധനവാണിത്. ദുരൂഹവും അജ്ഞാതവുമായ നിരവധി കേസുകള്‍ വേറെയുമുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴു പേര്‍ക്കാണ്. തിരുവന്തപുരം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത് 1641. തൃശൂരിനാണ് രണ്ടാം സ്ഥാനം, 1388 കേസുകള്‍. 1150 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട എറണാകുളം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 401. റെയില്‍വേയുമായി ബന്ധപ്പെട്ട് 66 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014ല്‍ റിപോര്‍ട്ട് ചെയ്തത് 13,880 സ്ത്രീ പീഡന കേസുകള്‍. 2013ലെ 13,738 കേസുകളെ അപേക്ഷിച്ച് 142 എണ്ണം കൂടുതല്‍. ആ വര്‍ഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് 19 സ്ത്രീകള്‍ മരിച്ചു. തിരുവന്തപുരത്ത് ആറു പേര്‍, പാലക്കാട്ട് അഞ്ചും. 2013ല്‍ 21 പേരുടെ ജീവനാണ് സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞത്.
സംസ്ഥാനത്ത് ഏറ്റവും അധികം ബലാല്‍സംഗകേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 2014 ല്‍ ആയിരുന്നു. 1347 കേസുകള്‍. ഇന്ത്യയില്‍ സ്ത്രീധന പീഡനം മൂലം ഓരോ മണിക്കൂറിലും ഒരു സ്ത്രീ വീതം മരിക്കുന്നുവെന്ന് നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകള്‍ പറയുന്നു. 2012ല്‍ മാത്രം സ്ത്രീധന പീഡനം മൂലം 8,233 സ്ത്രീകളാണ് മരിച്ചത്. സംസ്ഥാനത്ത് സ്ത്രീസുരക്ഷ ശക്തമാക്കുന്നതില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day