|    Oct 18 Wed, 2017 7:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്ത്രീ സുരക്ഷയ്ക്കായി ഷീ ലോഡ്ജുകള്‍

Published : 3rd August 2017 | Posted By: fsq

 

എച്ച്   സുധീര്‍

തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള പരിശ്രമങ്ങളുമായി കുടുംബശ്രീയും. തദ്ദേശ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ തുറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജോലിസംബന്ധമായും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി രാത്രികാലങ്ങളില്‍ നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സുരക്ഷിതമായ വാസസ്ഥലം.നിരവധി ഹോട്ടലുകളും ഷെല്‍റ്റര്‍ ഹോമുകളും ഹോസ്റ്റലുകളുമൊക്കെ നഗരത്തിലുണ്ടെങ്കിലും ഒറ്റയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് റൂമനുവദിക്കാന്‍ ഭൂരിഭാഗം സ്ഥാപനങ്ങളും താ ല്‍പര്യം പ്രകടിപ്പിക്കാറില്ല. ഉയര്‍ന്ന തുക വാടകയിനത്തി ല്‍ നല്‍കേണ്ടിയും വരുന്നു. കൂടാതെ, സുരക്ഷയുടെ കാര്യത്തിലും വെല്ലുവിളികള്‍ ഏറെയാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് ഷീ ലോഡ്ജ് എന്ന ആശയം കുടുംബശ്രീ മുന്നോട്ടുവച്ചത്. എല്ലാജില്ലകളിലും നഗരസഭയുടെ കീഴില്‍ ഷീ ലോഡ്ജുകള്‍ തുറക്കും. മിതമായ നിരക്കില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസവും രണ്ടുനേരം മായം കലരാത്ത ഭക്ഷണവും ലഭ്യമാക്കും. കഴിവതും റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവയോടു ചേര്‍ന്നാവും ലോഡ്ജുകള്‍ സ്ഥാപിക്കുക. തുടക്കമെന്ന നിലയില്‍ 3000/4000 സ്‌ക്വയര്‍ഫീറ്റ് ഭൂമി വാടകയ്‌ക്കെടുത്ത് അധികം ചെലവില്ലാത്ത തരത്തിലാവും ലോഡ്ജ് ഒരുക്കുക. കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താല്‍ വലിയ തുക വാടകയിനത്തില്‍ ചെലവാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. പിന്നീട് ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരമുള്ള ഫണ്ടും കുടുംബശ്രീയുടെ ഫണ്ടും ഉപയോഗപ്പെടുത്തി നഗരസഭ നല്‍കുന്ന ഭൂമിയില്‍ വിപുലമായ സൗകര്യത്തോടെ ലോഡ്ജുകള്‍ നിര്‍മിക്കും.നവംബര്‍ ഒന്നിന് ഷീലോഡ്ജുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ പറഞ്ഞു. എന്നാല്‍, നഗരസഭകള്‍ നടപടികള്‍ വേഗത്തിലാക്കിയാല്‍ സപ്തംബറില്‍ തന്നെ ലോഡ്ജുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു കുടുംബശ്രീ അധികൃതര്‍. ഉന്നതനിലവാരത്തിലുള്ള സൗകര്യങ്ങളും റൂമുകളുമാവും ലോഡ്ജില്‍ ലഭ്യമാക്കുക. നിറത്തിലും രൂപത്തിലും ഉള്‍പ്പെടെ എല്ലാ ലോഡ്ജുകളും ഒരേരീതിയില്‍ ബ്രാന്‍ഡ് ചെയ്യും. ഓണ്‍ലൈന്‍ ബുക്കിങിന് സൗകര്യമൊരുക്കുന്നതിനൊപ്പം വെബ്‌സൈറ്റ് തയ്യാറാക്കും.ലോഡ്ജുകളില്‍ പുരുഷന്‍മാരുടെ സാന്നിധ്യമുണ്ടാവില്ല. സുരക്ഷയും സേവനവും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് കുടുംബശ്രീയിലെ സ്ത്രീകളാവും. എവേ ഹോമെന്ന നിലയിലാവും ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുക. ലോഡ്ജ് പ്രവര്‍ത്തിക്കാനുള്ള ഭൂമി നഗരസഭകള്‍ കണ്ടെത്തി നല്‍കണം. കഴിഞ്ഞദിവസം 17 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സാമൂഹികനീതി വകുപ്പ് എന്നിവയുടെ സംയുക്ത യോഗത്തില്‍ പദ്ധതി സമര്‍പ്പിച്ചു. വിശദമായ ചര്‍ച്ചയ്‌ക്കൊടുവില്‍ വാടകയ്ക്ക് കെട്ടിടം കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങാമെന്ന് നഗരസഭകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ നഗരസഭകള്‍ക്ക് പദ്ധതിയുടെ രൂപരേഖ നല്‍കും. അന്തിമ ഡിപിആര്‍ നഗരസഭകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് പദ്ധതി തുടങ്ങാമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക