|    Oct 16 Tue, 2018 2:39 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്ത്രീ ശാക്തീകരണത്തിന് സാമൂഹികനീതി വകുപ്പും കുടുംബശ്രീയും ഒന്നിക്കും: മന്ത്രി

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികളെ  ശക്തിപ്പെടുത്തി നിര്‍ഭയ, സ്‌നേഹിത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കണമെന്ന് മന്ത്രി കെ കെ ശൈലജ. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ ആസ്ഥാനത്ത് പുതുതായി  ആരംഭിച്ച സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഫോര്‍ വുമണ്‍ ഓഫിസ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്  സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ശകതിപ്പെടുത്താന്‍ സാമൂഹ്യനീതി  വകുപ്പും കുടുംബശ്രീയുമായി കൈകോര്‍ക്കും. വകുപ്പുകള്‍ തമ്മിലെ സംയോജനവും ഏകോപനവും ഉറപ്പുവരുത്തിയാല്‍ ഈ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കും. സാമൂഹ്യനീതി വകുപ്പു മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി  നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിമുതല്‍ കുടുംബശ്രീയുടെ സ്‌റ്റേറ്റ്  റിസോഴ്‌സ് സെന്ററിന് ഏറ്റെടുത്തു ചെയ്യാന്‍ കഴിയും.  അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളെ പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുന്ന  പരിശീലനങ്ങളും പഠനങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പം ഗ്രാമീണ  മേഖലയില്‍ റിസോഴ്‌സ് ഗ്രൂപ്പുകളെ വളര്‍ത്തിയെടുക്കാനും സെന്ററിന്  കഴിയണം. കുടുംബശ്രീ മുഖേന നടപ്പാക്കിയ വള്‍ണറബിലിറ്റി  മാപ്പിങ് തികച്ചും അഭിനന്ദനാര്‍ഹമാണ്. സ്ത്രീ ശാക്തീകരണത്തിന് തടസ്സം  നില്‍ക്കുന്ന യാഥാസ്ഥിതികതയെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കി സാമൂഹ്യനിര്‍മിതിയില്‍ പങ്കാളികളാവാന്‍ കുടുംബശ്രീ വനിതകള്‍ക്ക് കഴിയണമെന്നും മന്ത്രി  ചൂണ്ടിക്കാട്ടി. അതിക്രമങ്ങളില്‍ പെട്ട് എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ  സൗജന്യ നിയമസഹായം ലഭ്യമാക്കാന്‍ ഒരുവര്‍ഷത്തിനുള്ളില്‍  ജില്ലാതലത്തിലും മൂന്നുവര്‍ഷത്തിനുള്ളില്‍ ബ്ലോക്കുതലത്തിലും  അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് വള്‍ണറബിലിറ്റി മാപ്പിങ് റിപോര്‍ട്ടിന്റെ  പ്രകാശനകര്‍മം നിര്‍വഹിച്ച് തദ്ദേശ ഭരണ മന്ത്രി കെ ടി  ജലീല്‍ പറഞ്ഞു. ഹരിതമിഷന്‍ ഉപാധ്യക്ഷ ടി എന്‍ സീമ അധ്യക്ഷത  വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരി കിഷോര്‍, പ്ലാനിങ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss