|    Mar 26 Sun, 2017 7:16 am
FLASH NEWS

സ്ത്രീ ദുര്‍ബലമാവുന്ന സമൂഹത്തില്‍ അഭിവൃദ്ധി ഉണ്ടാവില്ല: മന്ത്രി ജലീല്‍

Published : 10th July 2016 | Posted By: SMR

എടപ്പാള്‍: സ്ത്രീ ദുര്‍ബലമാവുന്ന സമൂഹത്തിന് അഭിവൃദ്ധിയോ പുരോഗതിയോ സാധ്യമാവില്ലെന്ന് തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ ടി ജലീല്‍. മലയാളിയുടെ കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുന്നതിന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ആവിഷ്‌കരിച്ച’പൊലിവ്’കാര്‍ഷിക പുനരാവിഷ്‌കരണ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കുടുംബശ്രീ സ്ത്രീ ശാക്തീകരണരംഗത്ത് ഇന്ത്യക്കു തന്നെ മാതൃകയാണ്. കുടുംബശ്രീക്ക് രാഷ്ട്രീയമില്ലെന്നും സ്ത്രീ ശാക്തീകരണമാണ് കുടുംബശ്രീയുടെ രാഷ്ട്രീയമെന്നും മന്ത്രി പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ വേര്‍തിരിവില്ലാതെ ഇത്രയധികം സ്ത്രീകളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ വേറെ ഒരു പ്രസ്ഥാനത്തിനും ആവില്ല. കുടുംബശ്രീയെ ആശ്രിതസംഘമായി നിലനിര്‍ത്താനല്ല, അവരെ സ്വയംപര്യാപ്തതയിലേക്കു വഴിനടത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നികുതി കുടിശ്ശിക പിരിവ് ശക്തിപ്പെടുത്താന്‍ കുടുംബശ്രീയെ ഉപയോഗപ്പെടുത്താമോ എന്നു പരിശോധിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ യോഗ്യരായ മക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യവും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
എടപ്പാള്‍ അയിലക്കാട് ഖദീജ കാസില്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. ശുദ്ധജലം, മാലിന്യസംസ്‌കരണം, വൃത്തിയുള്ള പരിസരം, നല്ല ജീവിതശൈലി, നല്ല ആരോഗ്യം എന്നീ പഞ്ചശീല കാര്‍ഷിക-ആരോഗ്യ സംസ്‌കാരം വളര്‍ത്തുകയാണ് കാംപയിന്റെ ലക്ഷ്യം.
മലപ്പുറം ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതി, കുടുംബശ്രീ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. രാഹുല്‍ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ദേവിക്കുട്ടി, എം—ബി ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റുമാരായ കെ ലക്ഷ്മി, പി—എം ആറ്റുണ്ണി തങ്ങള്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി—പി മുഹമ്മദ് കുഞ്ഞി, എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി—പി ബിജോയ്, കുടുംബശ്രീ മിഷന്‍ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ മുഹമ്മദ് ഇസ്മായില്‍ സംസാരിച്ചു.

(Visited 104 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക