|    Apr 23 Mon, 2018 9:38 am

സ്ത്രീ ഒരു സങ്കല്‍പമാണ്

Published : 29th November 2015 | Posted By: G.A.G

randamസ്ത്രീ എന്നുമൊരു സങ്കല്‍പമാണ്, അത് ഭാര്യയായാലും അമ്മയായാലും മകളായാലും. കവികള്‍ പാടുന്നതും എഴുത്തുകാര്‍ പ്രതിപാദിക്കുന്നതും പ്രപഞ്ചസ്‌നേഹികള്‍ ചൂണ്ടിക്കാണിക്കുന്നതും അങ്ങനെയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെടുന്നത്. സര്‍വ മേഖലകളിലും മിടുക്കികളുടെ മുഖം ഓര്‍മ വരുമ്പോള്‍ രാഷ്ട്രീയത്തിനു മാത്രം എന്തോ സംഭവിച്ചുവെന്നാണ് ഷാനിമോള്‍ പറയുന്നത്:
”കഴിഞ്ഞ 20 വര്‍ഷമായി പഞ്ചായത്ത്‌രാജ് സംവരണത്തിനു ശേഷം മികവുറ്റ പഞ്ചായത്ത് സാരഥികളായ വനിതകളെ സങ്കല്‍പിക്കാന്‍ പറഞ്ഞാല്‍, ഏതു രാഷ്ട്രീയപക്ഷത്തായാലും നാമൊന്നാലോചിക്കും. സമര്‍ഥരായ വനിതാ ഭരണാധികാരികള്‍ ഇല്ലാത്തതുകൊണ്ടല്ല. മിടുക്കിയെങ്കില്‍ രണ്ടാമത് സീറ്റു കൊടുക്കാതെ മാറ്റിനിര്‍ത്താന്‍, ഒരു മിടുക്കി താക്കോല്‍സ്ഥാനത്തെത്തുമെന്നു കണ്ടാല്‍ സ്വഭാവദൂഷ്യം ആരോപിക്കാന്‍, അതല്ലെങ്കില്‍ സീറ്റു കൊടുത്തു നിര്‍ത്തി തോല്‍പിക്കാന്‍ മല്‍സരമാണിവിടെ. അനാവശ്യമായ പുരുഷമേധാവിത്വം അടിച്ചേല്‍പിക്കുന്ന കേരളത്തിലെ ഏകമേഖല രാഷ്ട്രീയം മാത്രമാണ്. നട്ടെല്ലു വളയ്ക്കാതെ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയാല്‍ അവള്‍ ധിക്കാരിയായി കര്‍ട്ടനു പിന്നിലേക്കു തള്ളപ്പെടും. ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവച്ചു കുടുംബപ്രാരബ്ധങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വന്തം രാഷ്ട്രീയപ്രമാണങ്ങള്‍ ജീവനോളം വലുതായി കണ്ട സ്ത്രീകളെ നല്ല ഒരവസരം വരുമ്പോള്‍ തള്ളിമാറ്റുന്നു. പുതുതായി വന്നവരെ മിടുക്കികള്‍ ആയി സാക്ഷ്യപ്പെടുത്തുന്നു പ്രിയ ഗോഡ്ഫാദര്‍മാര്‍. എന്താണ് രാഷ്ട്രീയത്തില്‍ മാത്രമിങ്ങനെ?” sindu
പൊതുപ്രവര്‍ത്തകരായ വനിതകളെക്കുറിച്ച് മാത്രമെന്തേ സങ്കല്‍പമില്ലാതെ പോയതെന്നാണ് ഷാനിമോള്‍ ചോദിക്കുന്നത്. ഈ ചോദ്യം ഉന്നയിക്കാന്‍ എന്തുകൊണ്ടും ഷാനിമോള്‍ക്ക് അവകാശമുണ്ട്. കാരണം, കഴിവുള്ള സ്ത്രീകളെ തഴഞ്ഞ് മറ്റു പല താല്‍പര്യങ്ങളെയും സംരക്ഷിക്കുകയെന്നത് രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചയാണ്. അതുകൊണ്ടുതന്നെയാണ് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റാണ് ഷാനിമോള്‍ക്കു വേണ്ടി മാറ്റിവച്ചത്. യാതൊരു വിജയപ്രതീക്ഷയുമില്ലായിരുന്ന കാസര്‍കോട് മണ്ഡലം ഷാനിമോള്‍ സ്വമേധയാ വേണ്ടെന്നുവച്ചതിനെ തുടര്‍ന്നാണ് ഷാഹിദ കമാലിന് ആ സീറ്റ് നല്‍കിയത്.
സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കെഎസ്‌യു യൂനിറ്റ് സെക്രട്ടറി ആയതു മുതല്‍ പിന്നീട് കോണ്‍ഗ്രസ്സിനു വേണ്ടി മാത്രം പ്രവര്‍ത്തിച്ച ഷാനിമോള്‍ക്ക് ഇതുവരെ ഒരു വിജയപ്രതീക്ഷയുള്ള സീറ്റു പോലും പാര്‍ട്ടി നല്‍കിയിട്ടില്ല. 2006ലെ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ക്ക് പെരുമ്പാവൂരില്‍ സീറ്റ് നല്‍കിയിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പു പരാജയകാരണം വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് രൂപീകരിച്ച കമ്മിറ്റി, എറണാകുളം ജില്ലയിലെ എംഎല്‍എയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഷാനിമോള്‍ക്കെതിരേ പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി. അവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. കഴിഞ്ഞ തവണ ഷാനിമോളുടെ കാര്യം കോണ്‍ഗ്രസ് നേതൃത്വം കണ്ടതായേ ഭാവിച്ചില്ല. ഒരു സങ്കല്‍പവുമില്ലാത്ത രാഷ്ട്രീയക്കാരികള്‍!

nattellu-ucha-brurb
ഇ-മദ്‌റസകളാണ് അഭികാമ്യം!
ദീനീവിദ്യാഭ്യാസരംഗത്തെ പുതിയ ചുവടുവയ്പായി ഉസ്താദ് ഡോട്ട് ഇന്‍ ഓണ്‍ലൈന്‍ ഇസ്‌ലാമിക് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചതായി വാര്‍ത്ത കണ്ടു. അതായത്, മദ്‌റസാ വിദ്യാഭ്യാസം ഓണ്‍ലൈനായി ചെയ്യാനുള്ള പുതിയ സംവിധാനം. തിരക്കുപിടിച്ച പുതിയ കാലത്ത് ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറിവരുകയും വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുകയും വേണമെന്ന ലക്ഷ്യത്തോടെയാണ് സംഘാടകര്‍ ഓണ്‍ലൈനായി മദ്‌റസാ പഠനം യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
shanimolലൈവ് ഇന്ററാക്റ്റീവ് ക്ലാസില്‍ അധ്യാപകനും പഠിതാക്കള്‍ക്കും പരസ്പരം കണ്ടു സംവദിക്കാം എന്നതിനു പുറമേ, പെന്‍ ടാബ്‌ലറ്റ് ഉപയോഗിച്ചു എഴുതിക്കാണിക്കാവുന്ന വൈറ്റ് സ്‌ക്രീന്‍, പവര്‍ പോയിന്റ് പ്രസന്റേഷന്‍, മീഡിയ പ്ലെയര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വെര്‍ച്വല്‍ ക്ലാസ് സംവിധാനമാണ് ഇതിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.
ഈ സംവിധാനം കണ്ടപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തക അടുത്ത ദിവസങ്ങളില്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ച മദ്‌റസാനുഭവമാണ് ഓര്‍മ വന്നത്. എന്തായാലും കേരളത്തിലെ മദ്‌റസകളെല്ലാം ഇനി മുതല്‍ ഓണ്‍ലൈന്‍ ആക്കിയാലോ എന്ന് ആലോചിക്കാവുന്നതാണ്. കാരണം, ലേഖികയുടെ അനുഭവത്തിന്റെ തീവ്രതയനുസരിച്ച് ഇപ്പോഴും മദ്‌റസയിലേക്കു പോകുന്ന കുട്ടികളെ കാണുമ്പോള്‍ ഖല്‍ബില്‍ തീയാണെന്നു പറയുന്നു. ഓണ്‍ലൈന്‍ മദ്‌റസയാകുമ്പോള്‍ ഉസ്താദുമാര്‍ തോണ്ടുകയോ പിച്ചുകയോ അളവെടുക്കുകയോ ഇല്ലല്ലോ. ധൈര്യമായി നമുക്ക് കുട്ടികളെ ഇ-മദ്‌റസയില്‍ അയക്കുകയും ചെയ്യാം.
സ്‌കൂളിലെ അധ്യാപകന്‍ ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവമുണ്ടായി. അതു പക്ഷേ, മതാധ്യാപകനായിരുന്നില്ല. ഈയടുത്ത് പള്ളിവികാരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അമ്പലത്തിലെ പൂജാരി പീഡനക്കേസില്‍ അറസ്റ്റിലായതും പിതാവ് മകളെ വില്‍പന നടത്തിയതുമൊക്കെ വാര്‍ത്തകളായിരുന്നു. പിന്നെ എന്തുകൊണ്ടാണെന്നറിയില്ല, മാധ്യമപ്രവര്‍ത്തക എഴുതിയ പോസ്റ്റില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മദ്‌റസയില്‍ എന്നു പറഞ്ഞ് അവരെ പേരെടുത്ത്  ആക്ഷേപിച്ചത്. അതു ചിലപ്പോള്‍ ആത്മസാരാംശമുള്ള കുറിപ്പുകളില്‍ വ്യക്തികളും സ്ഥാപനങ്ങളും കൃത്യമായി രേഖപ്പെടുത്തണമെന്നുള്ളതുകൊണ്ടാവാം. എന്തായാലും 20 വര്‍ഷമായി മൂടിവയ്ക്കപ്പെട്ട സത്യം ഇപ്പോള്‍ പറഞ്ഞതിലൂടെ മുസ്‌ലിം സമുദായം രക്ഷപ്പെടുമായിരിക്കും.
ഈ 20 വര്‍ഷത്തെ കാലയളവില്‍ എത്രയോ കുട്ടികള്‍ മദ്‌റസയില്‍ പഠിച്ചു, എത്രയോ ഉസ്താദുമാര്‍ പഠിപ്പിച്ചു. ഇതു മുമ്പേ പറഞ്ഞിരുന്നെങ്കില്‍ എത്ര കുട്ടികള്‍ പീഡനത്തില്‍ നിന്നു രക്ഷപ്പെടുമായിരുന്നു. അതിനീ ലിംഗസമത്വ ചര്‍ച്ച വരെ കാത്തിരുന്നതാണ് കഷ്ടമായിപ്പോയത്. പിന്നെ ഒട്ടും മനസ്സിലാകാത്തത് ഈ ലിംഗസമത്വവും ഉസ്താദിന്റെ തോണ്ടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss