|    Jan 24 Tue, 2017 12:35 am

സ്ത്രീയുടെ മഹത്വം വിശദീകരിച്ചത് തെറ്റിദ്ധരിപ്പിക്കുന്നു: കാന്തപുരം

Published : 29th November 2015 | Posted By: SMR

കോഴിക്കോട്: സ്ത്രീ പ്രസവിക്കാന്‍ മാത്രമുള്ളവളായി തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത നല്‍കിയ നടപടി ശരിയല്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സമൂഹത്തിലും കുടുംബത്തിലുമുള്ള സ്ത്രീയുടെ സമുന്നതമായ സ്ഥാനത്തെയും മഹത്ത്വത്തെയും അംഗീകരിക്കുന്ന മതമാണ് ഇസ്‌ലാം. മനുഷ്യന്റെ അതിജീവനത്തിനു സ്ത്രീ നിര്‍വഹിക്കുന്ന ധര്‍മം മഹത്തരമാണ്. കുടുംബങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും ആതുര ശുശ്രൂഷാ രംഗത്തും മാലാഖമാരെപ്പോലെ സേവനം ചെയ്യുന്ന സ്ത്രീകളുണ്ട്. ഇത്തരത്തില്‍ സ്ത്രീകളെ ആദരിക്കുന്നതിനോടൊപ്പം പുരുഷനെ അപേക്ഷിച്ച് പ്രകൃതിപരമായ അനേകം പരിമിതികളുള്ള അവര്‍ക്ക് പ്രത്യേക പരിരക്ഷയും പരിഗണനയും നല്‍കേണ്ടതുണ്ട്. പ്രസവവും സന്താനപരിചരണവും സ്ത്രീ സമൂഹത്തിന് പ്രകൃതി നല്‍കിയ മനോഹരമായ സവിശേഷതകളാണ്. മനുഷ്യകര്‍മങ്ങളില്‍ ഏറ്റവും സുകൃതം നിറഞ്ഞ കര്‍മമായാണ് ഞങ്ങള്‍ ഇതിനെക്കാണുന്നത്. ഇത്തരത്തില്‍ സ്ത്രീയുടെ മഹത്വത്തെക്കുറിച്ച് പരാമര്‍ശിച്ച വിഷയങ്ങള്‍ ‘സ്ത്രീ പ്രസവിക്കാന്‍ മാത്രമുള്ള’വളായി തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത നല്‍കിയ നടപടി ശരിയല്ല.
ലിംഗ സമത്വത്തെക്കുറിച്ചുള്ള ഉപരിപ്ലവ ചര്‍ച്ചകളെ ഞങ്ങള്‍ ഗൗനിക്കുന്നില്ല. ലിംഗ നീതിയെക്കുറിച്ചും സമൂഹത്തിലെ സ്ത്രീ പുരുഷ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രത്യേകമായ കാഴ്ചപ്പാടും കര്‍മപദ്ധതികളും ഉള്ളവരാണ് ഞങ്ങള്‍. സുവ്യക്തവും സോദ്ദേശ്യാര്‍ഥവുമുള്ള പരാമര്‍ശങ്ങളെ സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുത്ത് അനാരോഗ്യകരമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഭൂഷണമല്ലെന്നും കാന്തപുരം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
എസ്എസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളന ക്യാംപില്‍ കാന്തപുരം നടത്തിയ പ്രസംഗമാണ് വിവാദമായത്. ലിംഗസമത്വം ഇസ്‌ലാമിനും സമൂഹത്തിനും മനുഷ്യത്വത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ആണും പെണ്ണും തുല്യരാണെന്ന് തെളിയിക്കാന്‍ കഴിയുമോയെന്നും അതിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷനാണ്. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ. സ്ത്രീ- പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ്. വലിയ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ പറ്റിയ വനിതാ ഡോക്ടര്‍മാരുണ്ടോ? സ്ത്രീയും പുരുഷനും ഒന്നിച്ചിരിക്കണമെന്ന് പറയുന്നത് ഇസ്‌ലാമിന് നേരേയുള്ള ഒളിയമ്പാണ്. മദ്‌റസകളില്‍ പീഡനമുണ്ടെന്ന ആരോപണത്തിന് തെളിവുണ്ടോ എന്നും കാന്തപുരം ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 159 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക