|    Jun 20 Wed, 2018 2:01 am
Home   >  Editpage  >  Lead Article  >  

സ്ത്രീയല്ലേ, പെങ്ങളല്ലേ?

Published : 3rd October 2017 | Posted By: fsq

ആരും മറന്നിട്ടുണ്ടാവില്ല ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ. തന്റെ മകന്റെ മരണത്തിനു കാരണക്കാരായ സ്വാശ്രയ കോളജ് അധികൃതര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡിജിപിക്ക് നിവേദനം നല്‍കാനെത്തിയപ്പോള്‍ അവര്‍ക്കെതിരേയുണ്ടായ പോലിസ് അതിക്രമങ്ങള്‍. നടുറോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട അവര്‍ക്കു പോലിസിന്റെ ചവിട്ടേറ്റു. അന്ന് അവരുന്നയിച്ച ചോദ്യം കേരളം മുഴുവന്‍ ആളിപ്പടര്‍ന്നു- സ്ത്രീയല്ലേ ഞാന്‍, അമ്മയല്ലേ?അതിനു മുമ്പും ശേഷവും തത്തുല്യമായ എത്രയോ സംഭവങ്ങള്‍ നാം കണ്ടു. സാക്ഷരകേരളം പീഡിതരായ സ്ത്രീകളോടൊപ്പം നിലകൊണ്ടു. ഡല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടി, ട്രെയിനില്‍ നിന്നു ബലാല്‍സംഗം ചെയ്ത് പുറത്തെറിഞ്ഞ സൗമ്യക്കു വേണ്ടി, പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയ്ക്കു വേണ്ടി…എന്നിട്ടുമെന്തേ, അദ്ഭുതാവഹമെന്നോണം കണ്ണൂര്‍ക്കാരിയായ ശ്വേതാ ഹരിദാസ് എന്ന ആയുര്‍വേദ ഡോക്ടറായ യുവതിയുടെ കണ്ണീരിനോടൊപ്പം നില്‍ക്കാന്‍ പ്രബുദ്ധ കേരളത്തിനു കഴിയാതെ പോയി? ഏതാനും യുവാക്കളടക്കം 65 പേര്‍ തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തില്‍ പീഡിപ്പിക്കപ്പെട്ടതായി അവര്‍ വെളിപ്പെടുത്തിയിട്ടും കേരളം കുലുങ്ങിയില്ല. എന്നിട്ടവര്‍ ഹൈക്കോടതിയില്‍ പരാതി കൊടുത്തു. പോലിസ് പരാതി അവഗണിച്ചു. കോടതി നിര്‍ദേശിച്ചിട്ടും പോലിസ് പരാതിയെഴുതിയത് പ്രതികളെ രക്ഷപ്പെടുത്താന്‍ ഉതകുംവിധമാണെന്നു ബോധ്യപ്പെട്ട് ഹൈക്കോടതി സ്വയം മൊഴി രേഖപ്പെടുത്തി. പോലിസിനെ കോടതി ശകാരിച്ചു; നടപടിയെടുക്കുമെന്ന് താക്കീത് ചെയ്തു. എറണാകുളത്തെ പീസ് സ്‌കൂളിന്റെ പുസ്തകത്തിലെ ഏതോ പേജില്‍ എന്തോ ഉണ്ടെന്നു പറഞ്ഞ് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐക്കാര്‍ ഇപ്പോഴും ഇതറിഞ്ഞിട്ടില്ല. അവര്‍ ബാലന്‍സ് ചെയ്യുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സംഘപരിവാരത്തിന്റെ ഇടിമുറി പ്രവര്‍ത്തിക്കുന്ന വിവരം പരസ്യമായിട്ടും സന്നദ്ധ സാമൂഹിക, രാഷ്ട്രീയ സംഘടനകള്‍ക്കോ സാംസ്‌കാരിക നായകന്‍മാര്‍ക്കോ അനക്കമില്ലാത്തതിന്റെ കാരണമെന്തായിരിക്കും? ഹൈക്കോടതി നടത്തിയ ഒരൊറ്റ പരാമര്‍ശം മതി, ഗവണ്‍മെന്റിന് ശക്തമായ നടപടികളെടുക്കാന്‍. സ്ഥാപനം അടച്ചുപൂട്ടാനോ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്യാനോ അറസ്റ്റിലായവരെ വേണ്ടവിധം ചോദ്യം ചെയ്യാനോ ഒന്നും പോലിസ് ഒരുമ്പെടുന്നതായി കാണുന്നില്ല. ഒടുവില്‍ സ്ഥാപനം റെയ്ഡ് ചെയ്തത് നഗരസഭാ അധികൃതരാണ്. ചികില്‍സ കിട്ടാതെ മരിച്ച ഇതരസംസ്ഥാന തൊഴിലാളി മുരുകനോട് മാപ്പു ചോദിച്ച മുഖ്യമന്ത്രി പിണറായിയുടെ മുമ്പില്‍ ഘര്‍വാപസി പീഡനകേന്ദ്രം ഇനിയും വന്നിട്ടുപോലുമില്ലെന്നോ? ഇതേ കേന്ദ്രത്തില്‍ അകപ്പെട്ട മറ്റുള്ള പെണ്‍കുട്ടികള്‍ക്ക് എന്തു സംഭവിച്ചു? അന്വേഷിക്കേണ്ട ബാധ്യത ഇല്ലെന്നാണോ പോലിസിന്? തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തില്‍ മാസങ്ങളോളം ബലാല്‍സംഗവിധേയയായ വിധവയുടെ കാര്യത്തിലും ആരുമില്ലേ സംസാരിക്കാന്‍? ഇങ്ങനെയൊരു ഭീകരകേന്ദ്രം ഒരുപക്ഷേ, ആദ്യമായിരിക്കാം കേരളത്തില്‍. എന്നിട്ടുമെന്തേ കേരളം പരിഭ്രമിക്കാത്തതെന്ന് നാം നടുക്കം കൊള്ളുന്നു. പക്ഷേ, ഇമ്മാതിരി സംഭവങ്ങളില്‍ സാധാരണ രോഷാകുലരായി പ്രതികരിക്കുമെന്നു നാം പ്രതീക്ഷിക്കുന്ന ഇടതുപക്ഷ കക്ഷികളുടെ മഹാമൗനമാണ് യഥാര്‍ഥത്തില്‍ നമ്മെ നടുക്കുന്നത്. അവര്‍ ഇതിലേക്കു മതത്തെയും മതമൗലികവാദത്തെയും വര്‍ഗീയതയെയും വലിച്ചിഴയ്ക്കുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയായ ശ്വേതാ ഹരിദാസിനെ മൗലികാവകാശം ലംഘിച്ച് പീഡിപ്പിച്ചതില്‍ എന്തിനാണ് മതത്തെ വലിച്ചിഴയ്ക്കുന്നത്? ശ്വേതയെ പ്രണയിച്ചത് ഒരു മുസ്‌ലിം ചെറുപ്പക്കാരനല്ല; വിവാഹം കഴിച്ചത് ഷഫിന്‍ ജഹാനുമല്ല. ഇനി ഒരു കാര്യം ചെയ്യാം. നമുക്ക് തൃപ്പൂണിത്തുറ പീഡനകേന്ദ്രം പുറത്തുകൊണ്ടുവന്ന ചാനലിനെയും റിപോര്‍ട്ട് ചെയ്ത യുവതിയെയും കുരിശിലേറ്റാം; നടപടി സ്വീകരിക്കാം. അതിലുപരി കേരളത്തിലെ എന്‍എസ്എസ്, എസ്എന്‍ഡിപി, സിപിഐ, ജനതാദള്‍, സിഎംപി തുടങ്ങി എംഎല്‍എമാരും മന്ത്രിമാരുമുള്ള പാര്‍ട്ടികളൊന്നും മുദ്രാവാക്യം വിളിക്കാത്തതെന്ത്? ചേലാകര്‍മ വാര്‍ത്ത വന്നപ്പോള്‍ മുസ്‌ലിം സംഘടനകള്‍ സടകുടഞ്ഞെണീറ്റ് പ്രതിഷേധിക്കാന്‍ അണിനിരന്നു. പക്ഷേ, ഘര്‍വാപസി പീഡനകേന്ദ്രം കേരളീയ പൊതുബോധത്തിന്റെ വിഷയമായില്ല. ഭൂരിപക്ഷ വിഭാഗങ്ങളുടെ മേല്‍വിലാസമുണ്ടെങ്കില്‍ പിന്നെ ഏതു മനുഷ്യാവകാശ ലംഘനങ്ങളും പാടുണ്ടെന്നു തീരുമാനിക്കാന്‍ മാത്രമാണ് നമുക്കു കഴിയുക. പാലക്കാട്ട് വേദം പഠിച്ചതിനും പഠിപ്പിച്ചതിനും ബിജു നാരായണന്‍ എന്ന ദലിത് പൂജാരിയെ ആക്രമിച്ചിട്ട് ഒരു ആലില പോലും അനങ്ങിയില്ല. ഒരു സന്ന്യാസിയും ശബ്ദമുയര്‍ത്തിയില്ല. അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നു പാല്‍പ്പായസമുണ്ട് നടക്കുന്ന സുരേഷ് ഗോപിമാരുടെ നാടാണിത്. പീഡനത്തിനിരയായ ചലച്ചിത്രനടിയുടെ കാര്യത്തിലും കേരളം ശക്തമായി തന്നെ പ്രതികരിച്ചു. ഒരു പടികൂടി കടന്ന് ദിലീപിന് പങ്കാളിത്തമുള്ള ‘ദേ പുട്ട്’ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐക്കാര്‍ക്ക് ഹാദിയയും ശ്വേതാ ഹരിദാസും വിഷയമാവാത്തത് സിപിഎമ്മിന്റെ നയവ്യതിയാനത്തിന്റെ സൂചനയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ചര്‍ച്ചകള്‍ ഉയരേണ്ടതുണ്ട്; വിശേഷിച്ച്, ഹാദിയ വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കത്ത് വാര്‍ഡ് മെമ്പറും എംഎല്‍എയുമൊക്കെ ഇടതുപക്ഷക്കാരായിരിക്കെ. മാത്രമോ, യുക്തിവാദിയും ഇടതു പ്രവര്‍ത്തകനുമായ ഹാദിയയുടെ പിതാവ് അശോകന്‍ എങ്ങനെ സംഘപരിവാരത്തിന്റെ കൈകളില്‍ കിടന്ന് അമ്മാനമാടുന്ന പരുവത്തിലെത്തി? അപ്പോള്‍ ഫാഷിസ്റ്റ് കാലത്ത് ഇടതിനുള്ളില്‍ നടക്കുന്നതെന്തെന്ന കാതലായ ചോദ്യമുയരുന്നു. അശോകന്റെ വീട്ടില്‍ എന്തു നടക്കുന്നുവെന്ന് ആദ്യം വിവരമെത്തുന്നത് ആര്‍എസ്എസ് കാര്യാലയത്തിലാണ്. അവിടേക്ക് വേറെ ആരെയും പ്രവേശിപ്പിക്കുന്നില്ല. എവിടെയും കയറിച്ചെന്ന് അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും അധികാരമുള്ള വനിതാ കമ്മീഷന് ഹാദിയയുടെ വീട്ടില്‍ പോവാന്‍ അനുവാദം തരില്ലെന്നുറപ്പുള്ള സുപ്രിംകോടതിയുടെ സമ്മതം കിട്ടട്ടെ എന്നു പറയുമ്പോള്‍ തന്നെ രാഹുല്‍ ഈശ്വറും കുമ്മനം രാജശേഖരനും ശശികലയ്ക്കും ഇവിടെ കയറിയിറങ്ങാന്‍ യഥേഷ്ടം അനുമതി കൊടുക്കുന്ന പോലിസ് ആരുടെ കീഴിലാണ്? സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ രഹസ്യബാന്ധവമുണ്ടാക്കിയിരിക്കുന്നു എന്ന പൊതുജനധാരണ ശരിയല്ലെങ്കില്‍ മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കാന്‍ സിപിഎം മടിക്കുന്നതെന്തിന്? സിപിഎം സ്വഭാവമാറ്റത്തിന് ഫാഷിസം വന്നിട്ടില്ലെന്ന പ്രകാശ് കാരാട്ടിന്റെ ഒളിച്ചോട്ടം മാത്രമല്ല കാരണമാവുന്നത്.  കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിലെ അമിത ഭക്തിപ്രകടനങ്ങളും അതിനെ ജാഗ്രതക്കുറവ് എന്നു തള്ളിക്കളഞ്ഞ സിപിഎം നേതൃത്വത്തിന്റെ ജാഗ്രതയും പരിഗണിക്കണം. ഇതേ കടകംപള്ളിയായിരുന്നു മലപ്പുറത്തുകാരെ മുഴുവന്‍ വര്‍ഗീയവാദികള്‍ എന്നു വിളിച്ചത്. അപ്പോള്‍ സഖാവേ, ആര്‍ക്കാണ് വര്‍ഗീയത ശരിക്കും തലയ്ക്കു പിടിക്കുന്നത്? കൊടിഞ്ഞി ഫൈസല്‍, കാസര്‍കോട്ടെ റിയാസ് മൗലവി, ഫഹദ് വധങ്ങളും പറവൂരിലെ വിസ്ഡം പീഡനവും അറസ്റ്റും കേസും എം എം അക്ബറിനെതിരായ നടപടികളും ഹാദിയക്കെതിരായ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സത്യവാങ്മൂലവും ശശികലയ്‌ക്കെതിരേ നടപടിയില്ലാത്തതും എല്ലാം സഹിച്ച ജനങ്ങളെ വീണ്ടും വീണ്ടും വെല്ലുവിളിക്കുന്നതും പിന്‍വാതിലിലൂടെ സംഘപരിവാരത്തിന് കേരളത്തില്‍ ഇരിപ്പിടം കൊടുക്കുന്നതും സൂക്ഷിച്ചില്ലെങ്കില്‍ സിപിഎമ്മിന് ദുഃഖിക്കേണ്ടിവരും. പൂര്‍ണമായി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ക്കു മുമ്പില്‍ സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും വിറച്ചുനില്‍ക്കുന്നതിന് അവര്‍ മറുപടി പറഞ്ഞേ മതിയാവൂ. പോലിസിനകത്ത് ആര്‍എസ്എസുകാര്‍ സംഘടിച്ചു പ്രവര്‍ത്തിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നതും സ്‌കൂളുകളിലെ ആര്‍എസ്എസിന്റെ ആയുധപരിശീലനം വെളിച്ചത്തുകൊണ്ടുവന്നതും സ്വന്തം ചാനല്‍ ആയിരുന്നിട്ടും നടപടിയെടുക്കാന്‍ പ്രാപ്തിയില്ലാതായിപ്പോയ പിണറായി സര്‍ക്കാരിന് ജനങ്ങളുടെ മുമ്പില്‍ നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്തത് വെറുതെയല്ല. അച്ഛന്റെ സ്‌നേഹം കാണാത്തവരെന്നു പറഞ്ഞ് ഹാദിയാ വിഷയത്തില്‍ പലരും അന്യായത്തിന്റെ പക്ഷംചേരുന്നതു കാണാം. സ്വന്തം മകളെ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കലും സംഘപരിവാര പീഡനത്തിനു വിട്ടുകൊടുക്കലുമാണോ പിതൃസ്‌നേഹമെന്ന് ആലോചിക്കുന്നത് നന്നാവും. തൃപ്പൂണിത്തുറയിലെ മനോജിന്റെ കേന്ദ്രത്തില്‍ നിന്ന് ആളുകളെ ഹാദിയയുടെ വീട്ടിലേക്കു വരുത്തിച്ചത് വച്ചുനോക്കുമ്പോള്‍ ഹാദിയയുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന ആശങ്ക അടിസ്ഥാനരഹിതമല്ല എന്നു ബോധ്യപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss