|    Oct 15 Mon, 2018 7:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്ത്രീധന നിരോധന നിയമം ഫലപ്രദമാക്കാന്‍ നടപടി

Published : 24th September 2017 | Posted By: fsq

 

പി എം അഹ്്മദ്

തിരുവനന്തപുരം: സംസ്ഥാനത്ത് 1961ലെ സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ശക്തമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വിവാഹം സംബന്ധിച്ച വിവരശേഖരണത്തിന് അങ്കണവാടി ജീവനക്കാരെ ചുമതലപ്പെടുത്തി സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലറും അയച്ചു. എല്ലാ വിവാഹങ്ങളും വകുപ്പിന് റിപോര്‍ട്ട് ചെയ്യാനാണ് അങ്കണവാടി ജീവനക്കാരെ അറിയിച്ചത്. ഓഡിറ്റോറിയം, കല്യാണമണ്ഡപം, ആരാധനാലയങ്ങള്‍, വധൂവരന്മാരുടെ വസതി തുടങ്ങി എവിടെ വിവാഹം നടന്നാലും വധൂവരന്മാരുടെ പേര്്, വയസ്സ്, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യണം. ശൈശവ വിവാഹം തടയാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി 65,71,000 രൂപയുടെ ഫണ്ട് അനുവദിച്ച് കഴിഞ്ഞ ജൂണ്‍ 1ന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. സാമൂഹികനീതി വകുപ്പിനു കീഴില്‍ പഞ്ചായത്ത്, ബ്ലോക്കുകളിലെ സന്നദ്ധസംഘടനാ ഭാരവാഹികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്ത്രീധന നിരോധന പ്രചാരണങ്ങള്‍ നടത്തും. പ്രചാരണങ്ങള്‍ക്കായി ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ 258 ശിശുവികസനപദ്ധതി ഓഫിസര്‍മാര്‍ക്ക് പ്രൊജക്റ്റ് ഒന്നിന് 13,000 രൂപ വീതം 3,35,400 രൂപ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ചതായും സാമൂഹികനീതി വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കൂടാതെ, സംസ്ഥാനത്തെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്ത്രീധന നിരോധന മേഖലാ ഓഫിസര്‍മാര്‍ മുഖാന്തരം പ്രചാരണങ്ങള്‍ക്കായി 32,17,000 രൂപയും അനുവദിച്ച് സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങള്‍, പഞ്ചായത്ത്, ബ്ലോക്ക്തല സന്നദ്ധസംഘടനാ ഭാരവാഹികള്‍, സാമൂഹികപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്ത്രീധന നിരോധനം സംബന്ധിച്ച വിവരങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്ററുകള്‍ പൊതുജനശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ പതിക്കുന്നതുള്‍പ്പെടെയുള്ള പ്രചാരണപരിപാടികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. കലാലയങ്ങള്‍ കേന്ദ്രീകരിച്ച് എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ്, പിടിഎ എന്നിവയുടെ സഹകരണത്തോടെ ഓരോ ജില്ലയിലും 15 കലാലയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഇതിനായി തിരുവനന്തപുരം, എറണാകുളം മേഖലകള്‍ക്ക് 3,60,000 രൂപ വീതവും കോഴിക്കോട് മേഖലയ്ക്ക് 5,40,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വിളംബരജാഥ സംഘടിപ്പിക്കുന്നതിന് തിരുവനന്തപുരം, എറണാകുളം മേഖലകള്‍ക്ക് 80,000 രൂപ വീതവും കോഴിക്കോട് മേഖലയ്ക്ക് 1,20,000 രൂപയുമാണ് ഫണ്ട്. സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ പതിക്കുന്നതിന് മൂന്നു മേഖലകള്‍ക്കും 90,000 രൂപയാണ് അനുവദിച്ചത്. സ്റ്റിക്കര്‍ പതിക്കുന്നതിന് വേതനമായി 25,000 രൂപ വീതവും അനുവദിച്ചു. പദ്ധതി നടത്തിപ്പിന് മേഖലാ ഓഫിസര്‍മാര്‍ക്ക് യാത്രാ വാഹന വാടകയിനത്തില്‍ 2,50,000 രൂപ വീതവും ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ 10 മാസത്തേ—ക്കു നിയമിക്കുന്നതിന് 1,50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. വിവിധ പരിപാടികളുടെ ചെലവിലേ—ക്കായി 35,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ഇപ്രകാരമാണ് മൂന്നു മേഖലകള്‍ക്കായി 32,17,000 രൂപ ചെലവഴിക്കേണ്ടത്. കഴിഞ്ഞ ജൂലൈ 20നാണ് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍, രണ്ടുമാസം പിന്നിട്ടിട്ടും വിവരശേഖരണംപോലും ആരംഭിച്ചിട്ടില്ല. കീഴ്ഘടകങ്ങള്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ച് അവ്യക്തതയിലാണ്. ഇതിനായി കൃത്യമായ വിവരങ്ങള്‍ നല്‍കി അങ്കണവാടി ജീവനക്കാരെ ഉള്‍പ്പെടെ ബോധവല്‍ക്കരിക്കാന്‍ വകുപ്പിനു കഴിഞ്ഞിട്ടില്ലെന്നതു പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു. ഇതുസംബന്ധിച്ച് വിശദമായ സര്‍ക്കുലര്‍ കീഴ്ഘടകങ്ങള്‍ക്ക് കൈമാറുമെന്ന് വകുപ്പധികൃതര്‍ തേജസിനോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss