|    Feb 19 Sun, 2017 10:24 pm
FLASH NEWS

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇടപെടും

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലും കുടുംബപ്രശ്‌നങ്ങളിലും ശക്തമായി ഇടപെടുകയെന്ന ലക്ഷ്യത്തോടെ വനിതാവിഭാഗം രൂപീകരിക്കാന്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. കൊല്‍ക്കത്തയില്‍ ഇന്നലെ സമാപിച്ച ബോര്‍ഡിന്റെ 25ാമത് ത്രിദിന സമ്മേളനത്തിലാണ് തീരുമാനം.
മുത്വലാഖ്, വിവാഹം, വിവാഹമോചനം, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ പ്രശ്‌നങ്ങളിലും വനിതാവിഭാഗം ശക്തമായ ഇടപെടലുകള്‍ നടത്തും. ദാറുല്‍ ഖദാ (പ്രാദേശിക ഒത്തുതീര്‍പ്പു സമിതി) മാതൃകയില്‍ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരാതി നല്‍കാനുമായി കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കുടുംബപ്രശ്‌നങ്ങള്‍ പരമാവധി ചര്‍ച്ചയിലൂടെ പരിഹരിക്കാനായി കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ നിന്ന് പ്രശ്‌നപരിഹാരശ്രമങ്ങളുമുണ്ടാവും. രൂപീകരിച്ചിട്ട് നാലുപതിറ്റാണ്ട് പിന്നിട്ട വ്യക്തിനിയമ ബോര്‍ഡ് ഇതാദ്യമായാണ് സ്ത്രീ വിഷയങ്ങളിലും കുടുംബപ്രശ്‌നങ്ങളിലും ഇടപെടാന്‍ തീരുമാനിക്കുന്നത്.
അതേസമയം, സിവില്‍കോഡ് വിഷയം കേന്ദ്രം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധ്രുവീകരണം ലക്ഷ്യംവച്ചാണെന്ന് ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. വിഷയത്തില്‍ ദേശീയ നിയമ കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചത് തെറ്റായ നടപടിയാണ്. പിന്‍വാതിലിലൂടെ ഏക സിവില്‍കോഡ് നടപ്പാക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിലെ സ്ത്രീകള്‍ എപ്പോഴും വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയായി കഴിയുകയാണെന്ന് സര്‍ക്കാര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ബോര്‍ഡിലെ വനിതാ അംഗം അസ്മ സുഹ്‌റ പറഞ്ഞു. മുസ്‌ലിംകളുടെ ജീവിതരീതി ശരീഅത്ത് നിയമവുമായി ബന്ധപ്പെട്ടതാണ്. ശരീഅത്ത് നിയമമാവട്ടെ ഖുര്‍ആനും പ്രവാചകചര്യയുമാണ്. അതിനാല്‍ ശരീഅത്ത് നിയമം മാറ്റുന്നത് മുസ്‌ലിംകള്‍ അനുവദിക്കില്ല. ഈ വിഷയത്തില്‍ ബോര്‍ഡിന്റെ കാഴ്ചപ്പാട് സത്യവാങ്മൂലം വഴി സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സമ്മേളനം ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരേ പ്രമേയം പാസാക്കിയാണ് അവസാനിച്ചത്. സമാപനത്തോടനുബന്ധിച്ച് ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും നടന്നു. ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ റാബിഅ് ഹസനി നദ്‌വി അധ്യക്ഷത വഹിച്ചു. കേരളത്തില്‍ നിന്ന് പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, സിറാജ് ഇബ്രാഹീം സേട്ട്, ഹുസയ്ന്‍ മടവൂര്‍, ഇ അബൂബക്കര്‍, അബ്ദുല്‍ ശുക്കൂര്‍ ഖാസിമി ഉള്‍പ്പെടെയുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക