|    Jul 17 Tue, 2018 10:50 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്തണം : അന്താരാഷ്ട്ര സെമിനാര്‍

Published : 25th September 2017 | Posted By: fsq

 

കോഴിക്കോട്: സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന യഥാര്‍ഥ അവകാശാധികാരങ്ങള്‍ ഉറപ്പുവരുത്താന്‍ നേതാക്കളും പണ്ഡിതരും ഐക്യപ്പെടണമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ഷേമ സമൂഹ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് അന്താരാഷ്ട്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാം സ്ത്രീക്ക് വലിയ പദവി നല്‍കുന്നുണ്ടെങ്കിലും മുസ്‌ലിം സമൂഹങ്ങളില്‍ യഥാര്‍ഥത്തില്‍ സത്രീകളുടെ അവസ്ഥ സന്തോഷം നല്‍കുന്നതല്ല. അതുകൊണ്ട് മുസ്‌ലിം നേതാക്കളും പണ്ഡിതരും അക്കാദമിക്കുകളും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന യഥാര്‍ഥ അവകാശാധികാരങ്ങള്‍ ഉറപ്പുവരുത്താനും അവരിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനം അവസാനിപ്പിക്കാനും ഐക്യപ്പെടണം. മുസ്‌ലിം സ്ത്രീകള്‍ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലൂടെ കാലങ്ങളായി അവര്‍ നേരിടുന്ന വിവേചനവും അനീതികളും ഇല്ലായ്മചെയ്യാന്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനു മുസ്‌ലിം വനിതാ സംഘടനകള്‍ മറ്റു മത-രാഷ്ട്രീയ വിശ്വാസം പുലര്‍ത്തുന്ന സത്രീസംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കണം. വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ അഭിനന്ദനാര്‍ഹമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും ഇന്നും ധാരാളം പരിമിതികളിലാണു ജീവിക്കുന്നത്. ലോകസമൂഹത്തിന്റെ ഉന്നതിക്കു സ്ത്രീകളുടെ ശേഷിയെ ഉപയോഗിക്കുന്നതിന് ഇത്തരം പരിമിതികള്‍ തടസ്സം നില്‍ക്കുകയാണ്. സത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ആഗോള മാനവിക സമൂഹനിര്‍മിതിക്ക് ലോകത്തെ വനിതാ സംഘടനകളുമായി എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.  സത്രീ സാക്ഷരത, പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം മെച്ചപ്പെടുത്തല്‍, ജീവിത നിലവാരം വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ 1992ലെ റിയോ, 1995ലെ ബെയ്ജിങ് പ്രഖ്യാപനങ്ങളും 1325ാം ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയ നിര്‍ദേശങ്ങളും നടപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാവണം. 1,400 വര്‍ഷങ്ങള്‍ക്കു മുമ്പ് വിശുദ്ധ ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദ് നബിയും സ്ത്രീ സമൂഹത്തിനു നല്‍കിയ വലിയ പരിഗണന ലോകസമൂഹം പൊതുവെയും മുസ്‌ലിം സമൂഹങ്ങളും വലിയ ആദരവോടെയാണ് കാണുന്നതെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. ദേശീയ- അന്തര്‍ദേശീയ നീതിനിര്‍വഹണ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യമായ സര്‍ക്കാര്‍തല നയങ്ങളും നിയമനിര്‍മാണങ്ങളും ആവശ്യമാണ്. സര്‍ക്കാര്‍ വികസന പദ്ധതികളുടെ ഗുണം വേണ്ടരീതിയി മുസ്‌ലിം സ്ത്രീകളിലേക്കെത്തുന്നില്ല. അതിനാല്‍ അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും സെമിനാറില്‍ അവതരിപ്പിച്ച പ്രമേയം ആഹ്വാനംചെയ്തു. 23ന് മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്ത ദ്വിദിന സെമിനാറില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മുസ്‌ലിം സ്ത്രീകളുടെ പങ്ക്, സാമൂഹിക സാമ്പത്തിക മുന്നേറ്റത്തില്‍ മുസ്‌ലിം സ്ത്രീകളുടെ പങ്ക്, സ്ത്രീകളും മാധ്യമങ്ങളും, വിദ്യാഭ്യാസം മതപരവും മതേതരവും, മുസ്‌ലിം സ്ത്രീകളുടെ പദവി, മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലാണ് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രഗല്ഭരായ സ്ത്രീകള്‍ 36ഓളം പേപ്പറുകള്‍ അവതരിപ്പിച്ചത്. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രഫ. മൊഹ്‌സിന്‍ ഉസ്മാനി അധ്യക്ഷത വഹിച്ചു. റിയാദ് പ്രിന്‍സസ് നൗറ ബിന്‍ത് അബ്ദുറഹിമാന്‍ യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. നൗറ അല്‍ ഹാസവി, ധക്ക ഈസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ശര്‍മിന്‍ ഇസ്‌ലാം, ശ്രീനഗര്‍ ഗവ. കോളജ് ഫോര്‍ വിമന്‍ അസിസ്റ്റന്റ് പ്രഫസര്‍ സൈറ അശ്‌റഫ് ഖാന്‍, ഡല്‍ഹി ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ നജ്മൂസ് സഹര്‍, സീഷാന്‍ സാറ, എന്‍ പി സലാഹുദ്ദീന്‍, വഹീദ ജാസ്മിന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. അലിഗഡ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രഫസര്‍ അര്‍ശി ഖാന്‍, ഡോ. പര്‍വീണ്‍ അഹമ്മദ്, ടിനോജ് ജോണ്‍, വിനു കുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. ശേഷം സാമൂഹിക സാമ്പത്തിക അഭിവൃദ്ധിയില്‍ മുസ്‌ലിം സ്ത്രീകളുടെ പങ്ക് വിഷയത്തില്‍ നടന്ന സെമിനാറില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം കെ വി ജമീല അധ്യക്ഷത വഹിച്ചു. പൂനെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. മല്ലിക ബി മിസ്ത്രി, പ്രഫ. ഹസീന ഹാഷിയ, കെ ഷഹല, സലീഹ അല്‍പെറ്റ, എ ഫിദ ലുബാന, ഷീന സാദിഖ് പ്രബന്ധം അവതരിപ്പിച്ചു.സ്ത്രീകളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഇന്നലെ നടന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തക ശബ്‌ന സിയാദ് അധ്യക്ഷത വഹിച്ചു. ഡര്‍ബന്‍ ആഫ്രിക്കന്‍ വിമന്‍ ഓഫ് ഫെയ്ത് നെറ്റ്‌വര്‍ക്ക് കോ-ചെയര്‍പേഴ്‌സണ്‍ സയ്ദൂന്‍ നിസാ സഈദ്, എ ഹിബ നാബിഹ, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) ഗവേഷക മിസ്ബാഹ് റാഷിദ്, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തിയോളജി ഡിപാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. റൈഹാന്‍ അക്തര്‍ ഖാസ്മി, സി എ അര്‍ച്ചന, പി അംബിക പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസം, മതം, മതനിരപേക്ഷത വിഷയത്തില്‍ പ്രഫസര്‍ മുസാഫര്‍ ആലം, ഡോ. ആയിശ ഷഹനാസ് ഫാത്വിമ, എം എസ് സാജിദ്, നാസ് ഖൈര്‍, മുഹമ്മദ് ഷബീബ്, റോഷന്‍ ജബീന്‍, കെ ജസീന പ്രബന്ധം അവതരിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മുന്‍ തലവന്‍ കെ എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ലോക മുസ്‌ലിം സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രഫസര്‍ ഇശ്തിയാഖ് ദാനിഷ് അധ്യക്ഷത വഹിച്ചു. ഖ്വാജ അബ്ദുല്‍ മുന്‍തഖിം, പ്രഫസര്‍ മൊഹ്‌സിന്‍ ഉസ്മാനി, ഉസ്മ നഹീദ്, മുഹമ്മദ് അന്‍സാര്‍, ഡോ. ഫീസാന്‍ ഖാദിര്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് മുസ്‌ലിം നാടുകളിലെ സത്രീ സംരക്ഷണ നിയമങ്ങള്‍ വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രഫ. അഫ്‌സല്‍ വാനി അധ്യക്ഷത വഹിച്ചു. കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി റിലീജിയസ് സ്റ്റഡീസ് ഡിപാര്‍ട്ട്‌മെന്റ് തലവന്‍ പ്രഫസര്‍ ഹാമിദ് നസീം റാഫിയാബാദി, ഡോ. ഷര്‍മിന്‍ ഇസ്‌ലാം, മുഹമ്മദ് ഇര്‍ഷാദ്, അഡ്വ. സി അഹമ്മദ് ഫായിസ്, ജാസ്മിന്‍ ബഷീര്‍ പ്രബന്ധം അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss