|    Oct 20 Sat, 2018 6:03 pm
FLASH NEWS

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലാവാന്‍ സ്‌നേഹിത

Published : 6th December 2017 | Posted By: kasim kzm

കണ്ണൂര്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്‌നങ്ങളെ നേരിടുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയവും കൗണ്‍സലിങും നിയമ സഹായവും നല്‍കുന്ന സംവിധാനമായി കുടുംബശ്രീയുടെ കീഴില്‍ ‘സ്‌നേഹിത’ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ജില്ലയില്‍ യാഥാര്‍ഥ്യമാവുന്നു. ‘സ്‌നേഹിത’യുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 16ന് ഉച്ചയ്ക്കു രണ്ടിന് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിക്കും.
പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സ്ത്രീകള്‍ക്കും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും രാത്രിയില്‍ ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും താല്‍ക്കാലിക അഭയകേന്ദ്രമായിരിക്കും ‘സ്‌നേഹിത’. ഒരാഴ്ച വരെ ഇവിടെ താമസിക്കാം. ഭക്ഷണവും കൗണ്‍സലിങും നല്‍കും. ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്നവര്‍ക്ക് വൈദ്യസഹായവും മറ്റ് സേവനങ്ങളും നല്‍കും. 24 മണിക്കൂറും ഹെല്‍പ്‌ലൈന്‍ സേവനം ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിട്ടും ഫോണ്‍ വഴിയും കൗണ്‍സലിങും ലഭ്യമാക്കും. കൂടാതെ സ്‌കൂളുകള്‍, അയല്‍ക്കൂട്ടങ്ങള്‍, അങ്കണവാടികള്‍, കോളജുകള്‍ എന്നിവിടങ്ങളി ല്‍ ബോധവല്‍ക്കരണം, കൗ ണ്‍സലിങ്, സ്ത്രീ ശാക്തീകരണം, ലിംഗപദവി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍, ശില്‍പശാലകള്‍ എന്നിവ നടത്തും. അയല്‍ക്കൂട്ടത്തിലെ പ്രശ്‌ന പരിഹാര സംവിധാനമായും പ്രവര്‍ത്തിക്കും.
വാര്‍ഡ് തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍, പഞ്ചായത്ത് തലത്തില്‍ ജെന്‍ഡര്‍ കോര്‍ണറുകള്‍, ബ്ലോക്ക് തലത്തില്‍ കമ്യൂണിറ്റി കൗണ്‍സലിങ് സെന്റര്‍/ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിങ്ങനെയാണ് സംവിധാനം. ജില്ലയില്‍ അഞ്ച് കമ്യൂണിറ്റി കൗണ്‍സലിങ് സെന്ററുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. സ്‌നേഹിതയുടെ ഓഫിസിലെ എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളാണ്. അഞ്ച് സേവന ദാതാക്കളെയും രണ്ട് കൗണ്‍സിലര്‍മാരെയും നിയമിച്ചിട്ടുണ്ട്. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപം പള്ളിപ്രത്താണ് ‘സ്‌നേഹിത’യുടെ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഫോ ണ്‍: 0497 2721817.
2013ല്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലും പിന്നീട് മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘സ്‌നേഹിത’യുടെ സേവനങ്ങള്‍ 2017 ഒക്‌ടോബര്‍ 31 വരെ 8501 പേര്‍ക്ക് ഫോണിലൂടെയും നേരിട്ടായും ലഭിച്ചിട്ടുണ്ട്. 2017 ഡിസംബറില്‍ മുഴുവന്‍ ജില്ലകളിലേക്കും സ്‌നേഹിതയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.
സ്‌നേഹിത’യുടെ ജില്ലാതല കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം എഡിഎം ഇ മുഹമ്മദ് യൂസുഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, സിഡബ്ല്യുസി ജില്ലാ മെംബര്‍ അഡ്വ. ബേബി ലതിക, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ കെ രാജീവന്‍, എന്‍ സുകന്യ, ചോല കോ-ഓഡിനേറ്റര്‍ സാജിദ്, ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ജില്ലാ കോ-ഓഡിനേറ്റര്‍ കെ എന്‍ നൈല്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss