|    Mar 24 Fri, 2017 3:52 am
FLASH NEWS

സ്ത്രീകളെ നോക്കിയാല്‍ പ്രശ്‌നം : ഋഷിരാജ് സിംഹിന്റെ പ്രസ്താവനയ്‌ക്കെതിരെ ജയരാജന്‍

Published : 15th August 2016 | Posted By: G.A.G

കൊച്ചി : സ്ത്രീക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധത്തില്‍ പതിനാല് സെക്കന്റിലധികം നേരം പുരുഷന്‍ നോക്കിയാല്‍ കേസെടുക്കാന്‍ നിയമമുണ്ടെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവന വിവാദമാവുന്നു. സിംഗിന്റെ പ്രസ്താവന ജനങ്ങള്‍ക്ക് അരോചകമായിത്തോന്നുമെന്നും ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.നിയമത്തിലില്ലാത്ത കാര്യം ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ അത് തിരുത്താന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ‘മനുഷ്യനല്ലേ, ചില ദൗര്‍ബല്യങ്ങള്‍ സംഭവിച്ചേക്കാമെന്നും’ ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പുരുഷന്‍ പതിനാല് സെക്കന്റിലധികം സമയം ഒരു സ്ത്രീയെ നോക്കി നില്‍ക്കുകയും സ്ത്രീക്ക് ഇതില്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ അയാള്‍ക്കെതിരേ കേസെടുക്കാന്‍ നിയമമുണ്ടെന്നും എന്നാല്‍, ഇന്നേവരെ അത്തരത്തില്‍ ഒരു കേസ് പോലും രേഖപ്പെടുത്താത്തതിനു കാരണം സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കുന്നത് കൊണ്ടാണെന്നുമാണ് ഋഷിരാജ് സിങ് കഴിഞ്ഞദിവസം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ഗ്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാംപില്‍ പറഞ്ഞത്്്.
ബസ്സിലോ സ്‌കൂളിലോ കോളജിലോ വച്ച് ആരെങ്കിലും കമന്റടിക്കുകയോ കയറിപ്പിടിക്കുകയോ ചെയ്താല്‍ സ്ത്രീകള്‍ അവിടെത്തന്നെ ബഹളമുണ്ടാക്കുകയും ആളുകളെ അറിയിക്കുകയും വേണം. ഉടനെ തന്നെ അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ അറിയിക്കാനും തയ്യാറാവണം.
കളരി ആയോധനമുറകള്‍ സ്‌കൂള്‍ സിലബസില്‍ നിര്‍ബന്ധമാക്കണം. വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും കളരിപ്പയറ്റ് പഠിക്കണം. ഇതൊക്കെ ചെയ്തു തുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു.
സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണമെന്നും  ഋഷിരാജ് സിങ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.സ്ത്രീകള്‍ തന്നെ വിചാരിച്ചാലേ ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന ഒരു കാലമുണ്ടാവൂ എന്നും  മടിച്ചുനില്‍ക്കാതെ പ്രശ്‌നങ്ങള്‍ പോലിസിനെ അറിയിച്ചാലേ അവസ്ഥയ്ക്ക് മാറ്റം വരൂ എന്നും സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു .

 

(Visited 763 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക