|    Jul 24 Mon, 2017 12:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്ത്രീകളെ കുമ്പസരിപ്പിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കുക ; ബിഷപ്‌സ്് ഹൗസിന് മുന്നില്‍ സത്യഗ്രഹം

Published : 20th March 2017 | Posted By: fsq

 

കൊച്ചി: കത്തോലിക്ക സഭയില്‍ സ്ത്രീകളെ കുമ്പസരിപ്പിക്കാനുളള അവകാശം കന്യാസ്ത്രീകള്‍ക്ക്് നല്‍കണമെന്നാവശ്യപ്പെട്ട് കേരള കത്തോലിക്ക നവീകരണപ്രസ്ഥാനം മറൈന്‍ ഡ്രൈവിലെ മേജര്‍ ആര്‍ച്ച് ബിഷപ് ഹൗസിന് മുമ്പില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. സമീപകാലത്ത് കത്തോലിക്ക സഭയിലുണ്ടായ സംഭവവികാസങ്ങളാണ് ഇത്തരമൊരു സമരത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികള്‍ പറയുന്നു. നിലവില്‍ സഭയുടെ കീഴ്‌വഴക്കമനുസരിച്ച് പുരോഹിതരോടാണ് വിശ്വാസികള്‍ കുമ്പസാരം ഏറ്റുപറയുന്നത്. എന്നാല്‍, ഈ രീതിക്ക് മാറ്റം വരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പുരോഹിതനുളള സഭയില്‍ സ്ത്രീകള്‍ എങ്ങനെ വിശ്വാസപൂര്‍വം കുമ്പസരിക്കുമെന്ന് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനത്തിന്റെ നിയമോപദേഷ്ടാവ് അഡ്വ. ഇന്ദുലേഖ ജോസഫ് ആരോപിക്കുന്നു. സഭയിലെ പുരോഹിതരില്‍ പലര്‍ക്കും ക്രിമിനല്‍ മനസ്ഥിതിയാണുളളത്. ഇവരെങ്ങനെ വിശ്വാസികളുടെ പാപം ഏറ്റുവാങ്ങുമെന്നും ഇന്ദുലേഖ ചോദിച്ചു. കന്യാസ്ത്രീകളും ബ്രഹ്മചാരിണികളാണ്. അതുകൊണ്ട് തന്നെ ഇൗ വിഭാഗത്തിനും കുമ്പസാരം കേള്‍ക്കുവാന്‍ അവകാശമുണ്ട്. ആവശ്യമുന്നയിച്ച് സഭാനേതൃത്വത്തെ കണ്ടിരുന്നു. അനുകൂലമായ നടപടികളുണ്ടായില്ലെന്നും കത്തോലിക്ക നവീകരണ പ്രസ്ഥാന പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ നിര്‍ബന്ധിത ബ്രഹ്മചര്യം ഉപേക്ഷിക്കണം. വിവാഹിതരായ പുരോഹിതര്‍ക്കും അംഗീകാരം നല്‍കുന്ന മറ്റു സഭകളുടെ പാത പിന്തുടരാന്‍ കത്തോലിക്ക സഭ തയ്യറാവണം. പുരോഹിത വസ്ത്രം ധരിക്കാനെത്തുന്നവര്‍ക്ക് വൈവാഹിതജീവിതം തിരഞ്ഞെടുക്കാനുളള അവസരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. കേരളത്തിലെ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇന്ന് താളംതെറ്റിയിരിക്കുന്നു. ക്രിമിനലുകളുടെ വിളനില—മായി സഭ മാറിയിരിക്കുന്നു. മാര്‍പാപ്പ നേരിട്ട് ഭാരതീയ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. വിശ്വാസികളില്‍നിന്ന് ലഭിക്കുന്ന നേര്‍ച്ചപ്പണമുപയോഗിച്ച് ആഡംഭര ജീവിതം നയിക്കുകയാണ് സഭാ നേതൃത്വത്തിലെ പലരും. ഇതടക്കമുളള പല ആരോപണങ്ങള്‍ക്കും മറുപടി പറയാതെ സഭാനേതൃത്വം ഒഴിഞ്ഞുമാറുകയാണെന്നും കത്തോലിക്ക നവീകരണ പ്രസ്ഥാനം ആരോപിച്ചു.സിസ്റ്റര്‍ മരിയയുടെ നേതൃത്വ ത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ ബൈബിള്‍ പാരായണം നടത്തിയായിരുന്നു പ്രതിഷേധം. ജോസഫ് വെളിവില്‍, സ്റ്റാന്‍ലി പൗലോസ് സംസാരിച്ചു.  അക്രമസാധ്യത കണക്കിലെടുത്ത് സത്യഗ്രഹ വേദി—ക്ക് അരികില്‍ പോലിസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക