|    Dec 15 Sat, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന് എന്തധികാരം?

Published : 7th December 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയിലെത്തുന്ന സ്ത്രീകളുടെ വയസ്സ് പരിശോധിക്കാന്‍ എന്തധികാരമാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉള്ളതെന്ന് ഹൈക്കോടതി. അയ്യപ്പദര്‍ശനത്തിന് എത്തിയ സ്ത്രീയെയും മകനെയും തടഞ്ഞതിനെ തുടര്‍ന്ന് സന്നിധാനം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്. ആ കേസില്‍ സുരേന്ദ്രനെ പോലിസ് പ്രതിചേര്‍ത്തത് മറ്റൊരു കേസില്‍ അറസ്റ്റിലായശേഷമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന മൃദുല്‍കുമാറിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ചെറിയ പരിക്കിനാണ് പോലിസ് വധശ്രമത്തിന് കേസെടുത്തതെന്നും സുരേന്ദ്രന്‍ വാദിച്ചു.
സുരേന്ദ്രനെതിരേ നിരവധി തെളിവുകളുണ്ടെന്ന് പോലിസിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. സുപ്രിംകോടതി വിധിക്കെതിരായ കലാപമാണ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് എന്തധികാരത്തിലാണ് സുരേന്ദ്രന്‍ സ്ത്രീകളുടെ പ്രായം പരിശോധിച്ചതെന്ന് കോടതി ചോദിച്ചത്. സുരേന്ദ്രനെ എല്ലാകാലവും തടവില്‍വയ്ക്കാന്‍ ആവില്ലെന്നും പ്രതിക്കെതിരേ എത്ര കേസുണ്ടെന്നും കോടതി ചോദിച്ചു. എട്ടു കേസുകളില്‍ പ്രതിയാണ് സുരേന്ദ്രനെന്ന് പോലിസ് അറിയിച്ചു. 23 കേസുകളുള്ള മന്ത്രിമാരുണ്ടല്ലോ എന്നായിരുന്നു ഇതിനു കോടതിയുടെ മറുപടി. സുരേന്ദ്രന്‍ ജയിലിലായശേഷം ശബരിമലയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കേസ് ഇന്നത്തേക്കു വിധിപറയാന്‍ മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss