|    Apr 20 Fri, 2018 3:00 am
FLASH NEWS

സ്ത്രീകളുടെ ഒരു സ്വകാര്യ പ്രശ്‌നം

Published : 3rd April 2016 | Posted By: sdq

ത്രിവേണി

public placeകോഴിക്കോട്ടുനിന്നാരംഭിച്ച് നവമാധ്യമങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന ശൗചാലയസമരം തിരഞ്ഞെടുപ്പു കാലത്തെ വേറിട്ട ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണിപ്പോള്‍. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടര്‍ രംഗത്തെത്തി. ഇതോടെ സാമൂഹികമാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയ്ക്കു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്. വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ ഇതര സംസ്ഥാനക്കാരിയായ ഒരു യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച വാര്‍ത്ത വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏതു വികസനത്തെക്കുറിച്ചാണ് പറയുന്നത് എന്ന ചോദ്യമാണ് നവമാധ്യമങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മകള്‍ ഉയര്‍ത്തുന്നത്.  ഇടതു മുന്നണിയുടെ ഭാവി മുഖ്യമന്ത്രിയെന്ന് പ്രതീക്ഷിക്കുന്ന പിണറായി വിജയന്‍ തന്നെ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ത് ഏറെ ശ്രദ്ധേയമായി. ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍ ശൗചാലയ നിര്‍മാണം പ്രധാന പദ്ധതിയായി ഉള്‍പ്പെടുത്തുമെന്ന് ഉറപ്പു നല്‍കിയ അദ്ദേഹം, കേരളത്തിലെ മിക്ക കോളജുകളിലും സ്‌കൂളുകളിലും ഇതൊരു പ്രധാന പ്രശ്‌നമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അഭിപ്രായപ്പെടുകയും ചെയ്തു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പൊതുഇടത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുമെന്നാണ് ചര്‍ച്ചയ്‌ക്കൊടുവില്‍ പിണറായി നല്‍കിയ വാഗ്ദാനം. മുന്‍ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തില്‍ തന്റെ പ്രതികരണം രേഖപ്പെടുത്തുകയുണ്ടായി. ‘കേരളത്തില്‍ പൊതുമൂത്രപ്പുരകള്‍ നന്നേ കുറവാണ്. ഉള്ളവ വൃത്തിഹീനവുമാണ്. ഇതിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്കുള്ള മൂത്രപ്പുര പൊതുസ്ഥലങ്ങളില്‍ ഉറപ്പുവരുത്തണമെന്ന സുനിത ദേവദാസ്, അനുപമ  മോഹനന്‍ എന്നിവരുടെ പോസ്റ്റും കിരണ്‍ തോമസിന്റെ പ്രതികരണവും ശ്രദ്ധയില്‍പ്പെട്ടു. കേരള പഠന കോണ്‍ഗ്രസ്സില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമാണിത്’ എന്നിങ്ങനെ പോവുന്നു മുന്‍മന്ത്രിയുടെ പ്രതികരണം. വൈകിയാണെങ്കിലും ഇവരൊക്കെ ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്തുവെന്നത് ശുഭസൂചനയായി വേണം കരുതാന്‍. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് വേണമെന്ന ആവശ്യവുമായി സ്ത്രീസംഘടനകള്‍ ഉള്‍പ്പെടെ നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് മൂന്നു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വനിതാ വികസന കോര്‍പറേഷന്‍ മിക്ക ജില്ലകളിലും ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.

toilet പക്ഷേ, ഈ പദ്ധതി വേണ്ടത്ര ഫലം കണ്ടില്ല. പലയിടങ്ങളിലും ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന മാര്‍ഗനിര്‍ദേശമില്ല. സുരക്ഷയുടെ കാര്യത്തിലുള്ള ആശങ്കയാണ് സ്ത്രീകളെ ഇതുപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതെന്നും കരുതപ്പെടുന്നു. പണം പിരിക്കാന്‍ ആളെ ആവശ്യമില്ല എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ടോയ്‌ലറ്റിന് മുന്നിലെ ഓട്ടോമാറ്റിക് പേയ്‌മെന്റ് കളക്ഷന്‍ പോയിന്റില്‍ ഒരു രൂപാ നാണയം നിക്ഷേപിക്കുമ്പോള്‍ വാതിലുകള്‍ തുറക്കും. ഒപ്പം ടോയ്‌ലറ്റിനുള്ളിലെ ലൈറ്റും എക്‌സോസ്റ്റും പ്രവര്‍ത്തനം തുടങ്ങും. പച്ച ലൈറ്റ് തെളിഞ്ഞാല്‍ അകത്തു കയറി ഉപയോഗിക്കാം. ആള്‍ അകത്തുണ്ടെങ്കില്‍ ചുവന്ന ലൈറ്റ് കത്തും. എന്നാല്‍, ഇതൊന്നും ഉപയോഗിക്കാന്‍ മാത്രമുള്ള ധൈര്യമൊന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് ആയിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. സര്‍ക്കാരിനാവട്ടെ മുടക്കിയ പണത്തിന്റ ഒരു ശതമാനംപോലും ഇതുവരെ ഇ-ടോയ്‌ലറ്റില്‍നിന്നു ലഭിച്ചിട്ടുമില്ല. അയ്യപ്പഭക്തന്മാര്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്നു പറഞ്ഞ് കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ നിന്നും യാത്രക്കാരായ സ്ത്രീകളെ ഇറക്കിവിട്ടതും പ്രത്യേക സാമ്പത്തിക മേഖലയായ സെസ്സില്‍ നാപ്കിന്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരികളെ ചോദ്യം ചെയ്തതുമൊക്കെ നാം കേട്ടതാണ്. നമ്മുടെ പൊതുഇടങ്ങള്‍ സ്ത്രീസൗഹര്‍ദ്ദപരമല്ലെന്നാണ് ഇതിന്റെ അര്‍ഥം. രാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌കൂളുകളില്‍ ചെലവഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന വാതിലും വൃത്തിയുമുള്ള മൂത്രപ്പുര പോലുമില്ല. സ്ത്രീകള്‍ ജോലി ചെയ്യുന്ന പല സ്ഥാപനങ്ങളിലെയും സ്ഥിതി ഇതുതന്നെ. പല സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രപ്പുരയും തേടി നടക്കേണ്ട അവസ്ഥയാണ്. പലപ്പോഴും ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നത് ഇങ്ങനെയൊരു ആവശ്യം കൂടി നടത്താനാണ്.  ഒരു വനിതാ ദിനത്തില്‍ നാഗ്പൂരിലെ ഒരു കൂട്ടം വനിതകള്‍ നഗരത്തില്‍ സ്ത്രീകള്‍ക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പുരുഷന്മാരുടെ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സമരം നടത്തി. ഈ സമരം കേരളത്തിലും നമുക്ക് പ്രതീക്ഷിക്കാം. കാരണം പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ മൂത്രശങ്ക ഭയന്ന് വെള്ളം പോലും കുടിക്കാറില്ല പല സ്ത്രീകളും. ഇത് ഇവരെ കൊണ്ടെത്തിക്കുന്നത് വിവിധതരം ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ്. പലര്‍ക്കും ജോലി തന്നെ ഉപേക്ഷിക്കേണ്ടി വരുന്നു. എന്തിന് പോലിസ് സേനയിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടെ ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന റിപോര്‍ട്ടുണ്ട്. ജോലി സമയങ്ങളില്‍ ശൗചാലയം ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മണിക്കൂറുകളോളം വെള്ളം കുടിക്കാതെ കഴിച്ചുകൂട്ടാന്‍ വനിതാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുന്നു. വികസനമെന്നത് സ്ത്രീകളുടെ ഇത്തരം അടിസ്ഥാനാവശ്യങ്ങള്‍ കൂടി പരിഹരിക്കുന്നതാവട്ടെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss