|    Jan 18 Wed, 2017 3:44 pm
FLASH NEWS

സ്ത്രീകളുടെ അവകാശം: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ദേശീയ പ്രചാരണത്തിനൊരുങ്ങുന്നു

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇസ്‌ലാമിലെ സ്ത്രീകളുടെ അവകാശം സംബന്ധിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് രാജ്യവ്യാപകമായി പ്രചാരണം നടത്താനൊരുങ്ങുന്നു. വ്യക്തിനിയമങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് സമൂഹം അജ്ഞരായതിനാല്‍ അവരെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് ആളുകള്‍ അജ്ഞരായതിനാല്‍ അവ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അവബോധമുണ്ടാക്കുന്നതോടെ ദുരുപയോഗം കുറയുമെന്നു പ്രതീക്ഷിക്കുന്നതായും ബോര്‍ഡ് നിര്‍വാഹകസമിതി അംഗം മൗലാന ഖാലിദ് റശീദ് ഫിറഞ്ചി മഹാലി മാധ്യമങ്ങളോട് പറഞ്ഞു.
അരശതമാനം മുസ്‌ലിം സ്ത്രീകള്‍ മാത്രമേ വിവാഹമോചനത്തിന് ഇരയാവുന്നുള്ളൂവെന്നാണ് 2011ലെ സെന്‍സസ് രേഖ പറയുന്നത്. രാജ്യത്തെ മൊത്തം മുസ്‌ലിം ജനസംഖ്യ 17 കോടിയിലധികം വരും. എന്നിരിക്കെ മൂന്നരലക്ഷം മുസ്‌ലിം സ്ത്രീകള്‍ മാത്രമാണ് വിവാഹമോചനത്തിനിരയായത്. അതില്‍ ഒരുശതമാനംപോലും മുത്വലാഖ് മുഖേന മൊഴിചൊല്ലിയതായി കാണില്ല. എന്നാല്‍, 100 കോടി ഹിന്ദുജനസംഖ്യയില്‍ 3.7 ശതമാനമാണ് വിവാഹമോചനക്കേസുകള്‍. അതായത് 37 ദശലക്ഷം വിവാഹമോചനക്കേസുകള്‍ ഹിന്ദുക്കളിലുണ്ട് എന്ന് ഇതില്‍നിന്നു വ്യക്തമാണ്.
സ്ത്രീകള്‍ക്കു മുന്‍ഗണന കൊടുക്കണമെന്നു പറയുന്ന ഏകമതം ഇസ്‌ലാമാണ്. വിവാഹത്തിനു പെണ്‍കുട്ടിയുടെ അനുമതി വാങ്ങണമെന്ന് ഇസ്‌ലാമില്‍ നിയമമുണ്ട്.
മുസ്‌ലിം സ്ത്രീക്ക് അവരുടെ ഭര്‍ത്താവിന്റെയും പിതാവിന്റെയും സ്വത്തില്‍ അവകാശമുണ്ട്. വിവാഹം, വിവാഹമോചനം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഇസ്‌ലാമില്‍ പുരുഷന് ഉള്ളതുപോലെ സ്ത്രീക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമില്‍ നാലുവിധത്തിലുള്ള വിവാഹമോചനമാണുള്ളത്. സാധാരണ ത്വലാഖും മുത്വലാഖും. ഇവ രണ്ടും സ്ത്രീയുമായുള്ള ബന്ധം ഒഴിവാക്കാന്‍ പുരുഷന്‍ ഉപയോഗിക്കുന്നതാണ്. ഇതിനു പുറമേ ഖുല്‍അ് (മഹര്‍ തിരികെ നല്‍കി ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തല്‍), ഫസ്ഖ് (സംരക്ഷിക്കാത്ത ഭര്‍ത്താവിനെ പരസ്യം നല്‍കി ബന്ധം വേര്‍പെടുത്തല്‍) എന്നീ രണ്ടു മാര്‍ഗങ്ങളുമുണ്ട്. ഇവ രണ്ടും ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സ്ത്രീക്കുള്ള അധികാരമാണ്. സാധാരണ ത്വലാഖിനുശേഷം നിശ്ചിത സമയം കഴിഞ്ഞു മാത്രമേ മറ്റൊരു വിവാഹം പാടുള്ളൂ. ഇത് ഇരുവരുടെയും മനസ്സ് മാറി വീണ്ടും ഒന്നിക്കാനുള്ള അവസരം കൂടിയാണ്.
ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുന്ന നിയമം മറ്റേതൊക്കെ മതത്തിലാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വിവാഹമോചനത്തിലൂടെ ഹിന്ദുക്കള്‍ക്ക് ബന്ധം വേര്‍പെടുത്താനുള്ള അവകാശം ഹിന്ദു കോഡ് ബില്ലില്‍ വന്നത് ഇസ്‌ലാമിക നിയമത്തില്‍നിന്ന് കടംകൊണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തമാസം 17, 18 ദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ ചേരുന്ന ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഏക സിവില്‍കോഡ് സംബന്ധിച്ച നീക്കങ്ങളെക്കുറിച്ച് ബോര്‍ഡ് വിശദമായി ചര്‍ച്ചചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 505 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക