|    Oct 23 Tue, 2018 3:47 pm
FLASH NEWS

സ്ത്രീകളുടെയും കുട്ടികളുടെയും കടത്ത്; സ്‌കൂള്‍തല ബോധവല്‍ക്കരണം മഞ്ചേരിയില്‍ തുടങ്ങും

Published : 5th August 2016 | Posted By: SMR

മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും കടത്ത് തടയുന്നതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ച മഞ്ചേരിയില്‍ തുടങ്ങും. മഞ്ചേരി നഗരസഭാ പരിധിയിലെ സ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ‘ഉജ്ജ്വല’ കമ്മ്യൂണിറ്റി വിജിലന്‍സ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം.  കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം മനുഷ്യകടത്ത് തടയുന്നതിനായി നിയോഗിച്ച ജില്ലയിലെ അംഗീകൃത ഏജന്‍സിയായ സരോജിനിയമ്മ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബോധവല്‍ ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍, കുടുംബങ്ങളില്‍ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ എന്നിവരെയാണ് മനുഷ്യകടത്ത് സംഘങ്ങള്‍ കൂടുതല്‍ ലക്ഷ്യമിടുന്നത്.
കൂടാതെ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും പ്രധാന കാരണങ്ങളാവുന്നുണ്ട്.  അതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ബോധവല്‍ക്കരണം നടത്തുക. ജില്ലയിലെ പട്ടികജാതി കോളനികള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലും ബോധവല്‍ക്കരണം നടത്തും. സ്ത്രീകളുടെയും കുട്ടികളുടെയും കടത്തുമായി ബന്ധപ്പെട്ട് ഓരോ മാസവും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിവരങ്ങള്‍ ജില്ലാ ക്രൈം റിക്കോഡ്‌സ് ബ്യൂറോയില്‍ നിന്നും ലഭ്യമാക്കാനും തീരുമാനിച്ചു. ജില്ലയില്‍ നിലവില്‍ വേങ്ങര, പൂക്കോട്ടൂര്‍, തവനൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് ഷോട്ട് സ്റ്റേ ഹോമുകളുള്ളത്.
അപകടകരമായ സാഹചര്യങ്ങളില്‍ കണ്ടെത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും താല്‍ക്കാലികമായി താമസിപ്പിക്കുന്നതിന് കൂടുതല്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ ജില്ലയ്ക്ക് അനുവദിക്കാനും ഒഴിഞ്ഞ് കിടക്കുന്ന വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫിസറുടെ തസ്തിക നികത്തുന്നതിന്  സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പ്രാദേശികതലത്തില്‍ ബോധവല്‍ക്കരണത്തിന് കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര എന്നിവരുടെ സഹകരണം ഉറപ്പാക്കും. കലോല്‍സവങ്ങളും മറ്റ് പരിപാടികളും നടക്കുമ്പോള്‍ വിദ്യാര്‍ഥിനികളെ അവിഹിതമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ ജാഗ്രതയോടെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനെക്കുറിച്ചും ലഹരിക്ക് അടിമകളായ കുട്ടികളെ ഡീഅഡിക്ഷന്‍ സെന്ററുകളിലെത്തിക്കാ ന്‍ രക്ഷിതാക്കള്‍ വിമുഖത കാണിക്കുന്ന പ്രവണതയും യോഗം ചര്‍ച്ച ചെയ്തു.
ജില്ലയിലെ വനിതാ ഹോസ്റ്റലുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളുമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്ന് അധ്യക്ഷന്‍ നിര്‍ദേശിച്ചു. സരോജിനി അമ്മ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പി. ഗൗരി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss