|    Jun 20 Wed, 2018 9:37 am
Home   >  Editpage  >  Lead Article  >  

സ്തുതിപാഠക ഭരണത്തിലേക്കോ ?

Published : 27th October 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

റഫറിയുടെ കീശയിലെ വര്‍ണക്കടലാസുകളല്ല ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന ഗവണ്മെന്റിനെ നയിക്കേണ്ടത്. നിയമപാലനവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെയോ ഏതെങ്കിലും ഒരു സ്ഥാപനത്തെയോ മാത്രം ആശ്രയിച്ചുമല്ല ജനങ്ങളോടും ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള ഗവണ്മെന്റ് പ്രവര്‍ത്തിക്കേണ്ടത്.
വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് ഇപ്പോള്‍ വിവാദ ചര്‍ച്ചകളുടെ കേന്ദ്രമാണ്. അദ്ദേഹത്തിന്റെ ആദര്‍ശനിഷ്ഠയെക്കുറിച്ചും ജനപക്ഷ നിലപാടുകളെക്കുറിച്ചും മതിപ്പു പുലര്‍ത്തുന്ന ഒരാളാണ് ഈ ലേഖകനും. എങ്കിലും പറയട്ടെ, ഒരു മരം കൊണ്ട് കാടാവില്ല. കണിശക്കാരനും കാര്യപ്രാപ്തിയുമുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നതുകൊണ്ടും അഴിമതിരഹിത ഭരണമോ സമഗ്ര വികസനമോ സാധ്യമാക്കാനാവില്ല.
വിജിലന്‍സ് ഡയറക്ടര്‍ നയിക്കുന്ന പോലിസ് സ്ഥാപനം അഴിമതിക്കും നിയമവിരുദ്ധ നടപടികള്‍ക്കും ചൂട്ടുപിടിക്കാന്‍ കൂട്ടുനില്‍ക്കുന്ന തുരുമ്പിച്ച സംവിധാനത്തിന്റെ ഭാഗം മാത്രമാണ്. സെക്രട്ടേറിയറ്റിന്റെ നെടുനായകസ്ഥാനത്ത് പിണറായി മുഖ്യമന്ത്രിയായി എത്തിയെങ്കിലും അഴിമതിയുടെയും നിയമവിരുദ്ധ-ജനവിരുദ്ധ നടപടികളുടെയും കൂത്തരങ്ങായിരുന്നു ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്. കൂട്ടില്‍ നിന്നു പുറത്തുവിട്ട ഒരു തത്തയെക്കൊണ്ടു മാത്രം എല്ലാം ശരിയാക്കാമെന്നു പാര്‍ട്ടി വ്യാമോഹിക്കരുത്.
ഗവണ്മെന്റിന്റെയും പാര്‍ട്ടിയുടെയും യശസ്സുയര്‍ത്താന്‍ രാജിവച്ചെന്ന് ആദ്യം പറഞ്ഞ ജയരാജന്‍ പിന്നീടു പറഞ്ഞത്, മാഫിയകളും വ്യവസായവകുപ്പിലെ അഴിമതിക്കാരും രാഷ്ട്രീയ ശത്രുക്കളും തന്റെ ചോരയ്ക്കു ദാഹിച്ചതുകൊണ്ടാണ് രാജിവച്ചതെന്നാണ്. തങ്ങള്‍ തത്തയെ കൂട്ടിലടച്ചതുകൊണ്ടാണ് ജനങ്ങള്‍ പ്രതിപക്ഷത്തിരുത്തിയതെന്ന് ഇപ്പോള്‍ പ്രതിപക്ഷം സമ്മതിക്കുന്നു. തത്ത മുഖ്യമന്ത്രി വസിക്കുന്ന ക്ലിഫ്ഹൗസിനു ചുറ്റും വട്ടമിട്ടു പറക്കുകയാണെന്നു പരിഹസിക്കുകയും ചെയ്യുന്നു.
വ്യക്തികേന്ദ്രിതമായ ഭരണം ജനാധിപത്യവിരുദ്ധമാണ്. മുഖ്യമന്ത്രി തൊട്ടുള്ള മന്ത്രിമാരോ വിജിലന്‍സ്-പോലിസ് മേധാവികളോ എത്ര മിടുക്കന്മാരായാലും ഒറ്റയ്ക്ക് വൃത്തിയാക്കാവുന്ന പന്നിത്തൊഴുത്തല്ല എല്‍ഡിഎഫിനു കൈമാറിക്കിട്ടിയ കേരള ഭരണം. തെറ്റായ സങ്കല്‍പങ്ങളില്‍ നിന്നുകൊണ്ടാണ് ഈ ഗവണ്മെന്റ് ചുവടുകള്‍ വയ്ക്കുന്നതെന്നു പറയാതിരിക്കാന്‍ വയ്യ.
പതിനെട്ടു മന്ത്രിമാരും ഏറെ വകുപ്പുകളുമുള്ള ഈ ഭരണത്തെ ഒറ്റയ്ക്ക് ശരിയാക്കാമെന്ന തെറ്റായ ബോധത്തിനു മുഖ്യമന്ത്രിയും കീഴ്‌പ്പെട്ടിട്ടുണ്ട്. അതിന്റെ പൊല്ലാപ്പുകളും കണ്ടുതുടങ്ങി. നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള പാര്‍ട്ടികളാണ് ഭരണത്തിന്റെ നേരവകാശി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതും ചിഹ്നം നല്‍കുന്നതും മുതല്‍ മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള അധികാരം പാര്‍ട്ടികള്‍ക്കാണ്. നിയമസഭാകക്ഷികള്‍ പാര്‍ട്ടിതീരുമാന നിര്‍വഹണത്തിനുള്ള ഇടക്കാല മാധ്യമങ്ങളാണ്; ഗവണ്മെന്റുകള്‍ പാര്‍ട്ടികളുടെ നയങ്ങള്‍ നടപ്പാക്കാനുള്ള വേദികളും. മുന്നണിഭരണകാലമായതോടെ കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമായ കൂട്ടായ്മയിലൂടെ ഭരണത്തെ ഏകോപിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമുണ്ട്.
ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ശേഷം പാര്‍ട്ടികളാണ് ഗവണ്മെന്റിലൂടെ നയപരിപാടികള്‍ നടപ്പാക്കേണ്ടത്. കോണ്‍ഗ്രസ് പോലും ആ രീതി കൈവിട്ടപ്പോള്‍ ഇടതു പാര്‍ട്ടികള്‍ വ്യത്യസ്തമായിരുന്നു. വര്‍ഗ-ബഹുജന സംഘടനകളിലും അവ നടത്തുന്ന സമരങ്ങളിലും ആര്‍ജിച്ച അനുഭവങ്ങളും മുന്‍ഗണനകളും നിര്‍ദേശങ്ങളും ഗവണ്മെന്റിനെ നയിക്കുന്നവര്‍ക്കു മുമ്പിലെത്തിച്ചാണ് അവര്‍ ഭരണദിശ രൂപപ്പെടുത്തിയത്. ഭരിക്കുന്നവരെ ബോധവാന്മാരാക്കുന്നതും നയിക്കുന്നതും പാര്‍ട്ടിനേതൃത്വമാണെന്ന സ്ഥിതിയുണ്ടായിരുന്നു.
കര്‍ഷകത്തൊഴിലാളി രംഗത്തായാലും വ്യവസായ-വിദ്യാഭ്യാസ മേഖലകളിലായാലും ക്രമസമാധാനകാര്യത്തിലായാലും എന്താണ് പ്രശ്‌നങ്ങളെന്നും എങ്ങനെയാണ് പരിഹാരം കാണേണ്ടതെന്നും കൂട്ടായി ചര്‍ച്ച ചെയ്താണ് തീരുമാനിക്കേണ്ടത്. ഇഎംഎസിനെപ്പോലുള്ളവര്‍ ഉപദേഷ്ടാക്കളില്‍ നിന്നല്ല ജനങ്ങളില്‍ നിന്നാണ് എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും പഠിച്ചതും ചെയ്തുകാട്ടിയതും.
2006ലെ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ ഊഴം വന്നതോടെ ആ കളരിയിലെ പഠനവും ശൈലിയും  മാറിത്തുടങ്ങി. അതിപ്പോള്‍ പൂര്‍ണമായി മാറ്റി പുതിയ രാഷ്ട്രീയ തിരക്കഥയിലാണ് പിണറായി ഗവണ്മെന്റ് മുന്നോട്ടുപോകുന്നത്. പഴയതേ പാടിക്കൂടൂ എന്നല്ല, മാറ്റം കൂടുതല്‍ ശരിയിലേക്കും ജനങ്ങളുടെ നന്മയ്ക്കുമായിരിക്കണം എന്നാണ്. എല്ലാവരും സ്തുതിക്കാന്‍ തുടങ്ങിയപ്പോള്‍ തനിക്കുതന്നെ സ്തുതിയായിരിക്കട്ടെയെന്ന് മുഖ്യമന്ത്രി പോലും കരുതിയെന്നു തോന്നുന്നു.   ഏകാധിപതിയെപ്പോലെ മുഖ്യമന്ത്രി പെരുമാറുന്നുവെന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ വിമര്‍ശിച്ചത്. ‘പാര്‍ട്ടിയുടെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി, ഗവണ്മെന്റിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം’ എന്നു സ്വന്തം പാര്‍ട്ടി സെക്രട്ടറിയോട് പിണറായി വിജയന്‍ തന്നെ പറഞ്ഞെന്നു കേള്‍ക്കുന്നു.
തൊഴിലാളികള്‍, കൃഷിക്കാര്‍, പൊതുമേഖാ ജീവനക്കാര്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയും അവരുടെ ഉത്തരവാദിത്തം ഓര്‍മിപ്പിച്ചും പരസ്പരം പഠിപ്പിച്ചും പഠിച്ചുമാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ഗവണ്മെന്റുകള്‍ ഭരണത്തില്‍ വേറിട്ട വഴി സ്വീകരിച്ചത്. അതോടൊപ്പം ബ്യൂറോക്രസിയിലും അക്കാദമിക തലത്തിലും ഉള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചും പരിശോധിച്ചുമാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. ആ അവസ്ഥ തള്ളിക്കളഞ്ഞ് ഒറ്റയാള്‍ ഭരണശൈലിക്കു പിന്നില്‍ ഗവണ്മെന്റിനെ കൊളുത്തിവലിച്ചാല്‍ ദുരന്തമായിരിക്കും ഫലം.
പൊതുമേഖലാ സംവിധാനങ്ങളിലേക്ക് യോഗ്യത യുള്ളവര്‍ വേണ്ടന്നല്ല. യോഗ്യത മാത്രമുള്ളവരെ നിയമിച്ചതുകൊണ്ടുമായില്ല. ഗവണ്മെന്റിന്റെ നയവും ജനപക്ഷ പ്രതിബദ്ധതയും പ്രയോഗത്തില്‍ വരുത്താന്‍ പ്രാപ്തരായ, പുരോഗതിയോട് പ്രതിബദ്ധതയുള്ള, പരിചയസമ്പത്തുള്ള ആളുകളെ കണ്ടെത്തുകയാണ് വേണ്ടത്. ഇതെല്ലാം വിജിലന്‍സ് വഴി നിര്‍വഹിക്കാമെന്ന നിലയ്ക്കു പോയാല്‍ അബദ്ധമായിരിക്കും ഫലം. സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത് അതാണല്ലോ: അന്യവര്‍ഗ ആശയത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും മുന്നണിയും അകപ്പെട്ടുകൂടെന്ന്. പാര്‍ട്ടി അംഗങ്ങളും നേതാക്കളും ജനങ്ങളെ സേവിക്കുന്നവരും സഹായിക്കുന്നവരും ആയിരിക്കണമെന്ന്.
എങ്ങനെയാണ് ഇതു സാധിക്കുക എന്നാണ് സിപിഎമ്മും മുന്നണിയും ചര്‍ച്ച ചെയ്യേണ്ടത്. ഓരോ വകുപ്പും നിര്‍വഹിക്കേണ്ട, മുന്‍ഗണന നല്‍കേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി എങ്ങനെ ചെയ്തുതുടങ്ങാനാവുമെന്നാണ് തീരുമാനിക്കേണ്ടത്. മദ്യനയം പോലും ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് വകുപ്പുമന്ത്രി പറയുന്നത്. ഇന്നലെയുടെ ഭരണമാലിന്യക്കൂമ്പാരങ്ങള്‍ക്കു ചുറ്റും ഓടിനടക്കലല്ല ഭരണം. അടിയന്തരമായി നിര്‍വഹിക്കേണ്ട മുന്‍ഗണനാ വിഷയങ്ങള്‍ നിര്‍ണയിച്ചു നടപ്പാക്കണം. കാല്‍നൂറ്റാണ്ടെങ്കിലും മുന്നോട്ടു നോക്കി ജനങ്ങളുടെ പുരോഗതിയില്‍ അധിഷ്ഠിതമായ കേരളത്തിന്റെ വികസന പാത ഒരുക്കുന്നതിന്റെ പ്രവര്‍ത്തനം ഉടനെ ആരംഭിക്കണം.
കേരളത്തെ വിഴുങ്ങാന്‍ വലിയൊരു പ്രതിസന്ധി വാ തുറന്നടുക്കുകയാണെന്ന് അറിയാത്ത മട്ടിലാണ് ഗവണ്മെന്റിന്റെ പോക്ക്. കടുത്ത വരള്‍ച്ച വരുകയാണെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ അസഹനീയമായിട്ടുള്ള വിലക്കയറ്റത്തിനു വീണ്ടും തീകൊളുത്തും ചരക്കുസേവനനികുതി ഏകീകരിക്കുന്ന ജിഎസ്ടിഎ കൗണ്‍സിലിന്റെ തീരുമാനം. റേഷന്‍ വിതരണത്തില്‍ എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള അരിയുടെ വില കേന്ദ്രം കൂട്ടുന്നു. വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകും. 2017ല്‍ കേരളം നേരിടാന്‍ പോകുന്ന ഈ അവസ്ഥകള്‍ കൈകാര്യം ചെയ്യാന്‍ മുന്നിട്ടിറങ്ങേണ്ട സമയമാണിത്.
വരാന്‍ പോകുന്ന ഭീഷണികളെപ്പറ്റി ജനങ്ങളെ പഠിപ്പിക്കാതെയും അവരുടെ കൂടി പിന്തുണയോടെ പരിഹാര നടപടികളെടുക്കാതെയും മേഖലാജാഥകള്‍ കൊഴുപ്പിച്ചതുകൊണ്ട് ഫലമുണ്ടാകില്ല. സര്‍ക്കാരിന്റെ യശസ്സുയര്‍ത്തുക മാത്രമല്ല, നിലനില്‍പും ഉറപ്പിക്കുന്നതുകൂടിയാണ് പ്രശ്‌നം. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം അതാണ് അടിയന്തരമായി ചെയ്യേണ്ടത്.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss