|    Jul 28 Fri, 2017 12:35 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സ്തനാര്‍ബുദ പരിശോധനാ ബസ് ദോഹയില്‍ പര്യടനം തുടങ്ങി

Published : 19th August 2016 | Posted By: SMR

ദോഹ: സ്ത്രീകളെ സ്തനാര്‍ബുദ പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതിനായി മൊബൈല്‍ സ്തനാര്‍ബുദ പരിശോധനാ യൂനിറ്റ് ദോഹയില്‍ പര്യടനം ആരംഭിച്ചു. സ്തനം, കുടല്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറിനെതിരേ ദേശീയ തലത്തില്‍ നടക്കുന്ന കാംപയ്‌ന്റെ ഭാഗമായാണ്  പരിശോധനാ സൗകര്യത്തോട് കൂടിയുള്ള ബസ്  നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നത്. നേരത്തേ അപ്പോയിന്‍മെന്റ് എടുത്തിട്ടുള്ള സ്ത്രീകള്‍ക്ക് മാമോഗ്രാം പരിശോധന ബസ്സില്‍ ലഭ്യമാക്കും. വനിതാ മാമാഗ്രോഫി ടെക്‌നോളജിസ്റ്റും പരിശീലനം സിദ്ധിച്ച നഴ്‌സുമാരും പൂര്‍ണ സ്വകാര്യത ഉറപ്പു വരുത്തിയാണ് പരിശോധന നടത്തുക.
ഖത്തറില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന കാന്‍സറുകളിലൊന്നാണ് സ്തനാര്‍ബുദം. സ്ത്രീകളെ ബാധിച്ചിട്ടുള്ള കാന്‍സറില്‍ 31 ശതമാനം ഇതാണ്. രാജ്യത്ത് ലക്ഷം സ്ത്രീകളില്‍ 56 പേര്‍ക്ക് സ്തനാര്‍ബുദമുണ്ടെന്നാണ് ഖത്തര്‍ കാന്‍സര്‍ രജിസ്ട്രിയിലെ കണക്കുകള്‍ പറയുന്നത്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ശരാശരിയേക്കാള്‍(ലക്ഷത്തില്‍ 43) കൂടുതലാണിത്.
നേരത്തേ കണ്ടെത്താനായാല്‍ സ്തനാര്‍ബുദത്തെ തടയാനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പുതുതായി പര്യടനം ആരംഭിച്ചിരിക്കുന്ന ബസ് ഇതിന് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമദ് മെഡിക്കല്‍ കാര്‍ഡുള്ള 45നും 69നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഈ ബസ്സില്‍ നിന്നുള്ള സൗജന്യ സേവനം ലഭിക്കുകയെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ പ്രതിനിധി അറിയിച്ചു. പിഎച്ച്‌സിസി കാന്‍സര്‍ സ്‌ക്രീനിങ് കോള്‍ സെന്റര്‍ നമ്പര്‍ 8001112 വിളിച്ച് മാമോഗ്രാമിന് അപ്പോയിന്‍മെന്റ് എടുക്കാവുന്നതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക