|    Dec 12 Wed, 2018 7:52 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സോഷ്യല്‍ ഫോറം ഇടപെടല്‍; ഒമ്പത് വര്‍ഷത്തെ ദുരിതപര്‍വ്വം താണ്ടി ഫൈസല്‍ നാട്ടിലെത്തി

Published : 25th November 2018 | Posted By: AAK

ദമ്മാം: തൃശൂര്‍ വിയ്യൂര്‍ പടുകാട് സ്വദേശി കുഞ്ഞുമോന്‍ മകന്‍ ഫൈസല്‍ പ്രവാസത്തില്‍ അനുഭവിച്ചത് ദുരിതങ്ങളുടെ പെരുമഴയാണ്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സോഷ്യല്‍ ഫോറം ഇടപെടലില്‍ നാട്ടിലെത്തിയ ആശ്വാസത്തിലാണ് യുവാവ്. 2007ലാണ് ദമ്മാം അവാമിയയില്‍ കാര്‍പെന്റര്‍ ജോലിക്കായി എത്തിയത്. രണ്ടു വര്‍ഷം കഴിഞ്ഞ് അവധിക്ക് പോയി വന്നതിന് ശേഷം സ്‌പോണ്‍സറുടെ മകന്‍ സ്ഥാപനം ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. കമ്പനി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയും ജോലിക്കാരുടെ വേതനം മാസങ്ങളോളം മുടങ്ങുകയും ചെയ്തു. പിന്നീടത് രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഭക്ഷണ ചെലവിനുള്ള പണം മാത്രമായി ഒതുങ്ങി.

ജോലിയും കൂലിയും ഇല്ലാത്തതിനാല്‍ താന്‍ നാട്ടിലേക്ക് പോവാമെന്നും പാസ്‌പോര്‍ട്ട് തിരിച്ചുതരണമെന്നും ഫൈസല്‍ അധികൃതരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ജോലിക്കാരുടെ മുഴുവന്‍ പാസ്‌പോര്‍ട്ടുകളും ഇതര രേഖകളും മറ്റൊരു സ്ഥാപനത്തിലാണെന്നും അവരുമായി ഭീമമായ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ വിട്ടുകിട്ടില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇതോടെ പ്രാര്‍ഥനയോടെ കാത്തിരിക്കുകയല്ലാതെ ഫൈസലിന് മറ്റൊരു വഴിയുണ്ടായിരുന്നില്ല. ഇതിനിടയില്‍ ഫൈസലിന്റെ ഉമ്മ മരണപ്പെടുകയും നാട്ടിലേക്ക് പോകാന്‍ പറ്റാതെ മാനസികമായി ഏറെ പ്രയാസപ്പെടുകയും ചെയ്തു. തുടര്‍ച്ചയായ അഞ്ചു വര്‍ഷം നാട്ടില്‍ പോകാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ വീട്ടുകാര്‍ ഫൈസലിനെ നാട്ടിലെത്തിക്കുവാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടിയിരുന്നു. അതിന്റെ ഭാഗമായി 2015 മെയ് മാസം ഒരു പ്രമുഖ ചാനലില്‍ പ്രവാസലോകം പരിപാടിയില്‍ വിശദമായ റിപോര്‍ട്ടും വന്നിരുന്നു. തുടര്‍ന്ന് സൗദിയിലെ വിവിധ സന്നദ്ധ സംഘടനകള്‍ ഇടപെട്ടെങ്കിലും ഫൈസലിനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ എല്ലാം ശരിയാകുമെന്ന് സ്‌പോണ്‍സര്‍ ഇടയ്ക്കിടെ വ്യാജ വാഗ്ദാനങ്ങളും നല്‍കി.

കമ്പനിയിലെ മറ്റു മൂന്നു പേര്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കിയെങ്കിലും സ്‌പോണ്‍സര്‍ ഹാജരാവാത്തതിനാല്‍ അനന്തമായി നീളുകയാണ്. ഇതിനിടയിലാണ് പിതാവിന് തീരെ സുഖമില്ലെന്ന വാര്‍ത്തയെത്തുന്നത്. ഒമ്പത് വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ കഴിയാതെ ശാരീരികവും സാമ്പത്തികവും മാനസികവുമായ തകര്‍ന്ന അവസ്ഥയില്‍ ഒരു മാസം മുമ്പാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖതീഫ് നേതാക്കളായ ഷാഫി വെട്ടം, റഈസ് കടവില്‍, അന്‍സാര്‍ തിരുവനന്തപുരം എന്നിവര്‍ സഹായവുമായി എത്തുന്നത്. ഇവരുടെ നിരന്തര ഇടപെടലിലാണ് നിയമപരമായി നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. ഭാര്യ സഫിയയും പത്തും പന്ത്രണ്ടും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളുമടങ്ങുന്നതാണ് ഫൈസലിന്റെ കുടുംബം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss