|    Jun 21 Thu, 2018 3:32 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

സോഷ്യല്‍ ഫാഷിസത്തിന്റെ പാഠങ്ങള്‍

Published : 31st May 2016 | Posted By: SMR

കെ എസ് ഹരിഹരന്‍

ജനാധിപത്യ ജീവിതവ്യവസ്ഥയെക്കുറിച്ചുള്ള ഏറ്റവും മികച്ച സങ്കല്‍പ്പം വ്യക്തിയോ സംഘടനയോ മറ്റൊരാളിനോ സമൂഹത്തിനോ മേല്‍ ആധിപത്യം ചെലുത്താത്ത ജീവിതവ്യവസ്ഥ എന്നതാണ്. കമ്മ്യൂണിസ്റ്റുകള്‍ ജനകീയ രാഷ്ട്രീയം എന്നു വിശേഷിപ്പിക്കുന്ന വിശാലമായ ജനാധിപത്യരാഷ്ട്രീയം പൗരാവകാശങ്ങളുടെയും അഭിപ്രായപ്രകടനങ്ങളുടെയും വിരുദ്ധാശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെയുമൊക്കെ വിശാലഭൂമികയെയാണ് ഉള്‍ക്കൊള്ളുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി പൊതുവായ അഭിപ്രായൈക്യത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജനാധിപത്യപ്രസ്ഥാനങ്ങള്‍, സാമൂഹികസംഘടനകളിലൂടെ പ്രചരിപ്പിക്കുന്ന വിഭിന്ന ആശയങ്ങള്‍, ന്യൂനപക്ഷത്തിനും തങ്ങള്‍ക്ക് ശരിയെന്നുതോന്നുന്ന നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനും അതിനുവേണ്ടി വാദിക്കാനുമുള്ള അവകാശം, ഭൂരിപക്ഷത്തിന്റെ സ്വാധീനത്തിനു മുന്നില്‍ അടിയറവുപറയാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇതെല്ലാം ജനാധിപത്യത്തിന്റെ പ്രാഥമിക അവകാശങ്ങളാണ്.
ബൂര്‍ഷ്വാ സമൂഹത്തിനകത്തും ദരിദ്രജനകോടികളുടെ പൗരാവകാശങ്ങള്‍ക്കും സാമ്പത്തികാവകാശങ്ങള്‍ക്കും വേണ്ടി നെഞ്ചുറപ്പോടെ പോരാടിയാണ് തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ വളര്‍ച്ചപ്രാപിച്ചത്. തൊഴിലാളിവര്‍ഗത്തെ സംബന്ധിച്ച് മൂലധനവ്യവസ്ഥയ്‌ക്കെതിരേ പോരാട്ടം വികസിപ്പിക്കണമെങ്കില്‍ ജനാധിപത്യപരമായ സംഘാടനം അനിവാര്യമാണ്. അതിനാല്‍ത്തന്നെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെ ഏറ്റവും വിപുലമായ ജനാധിപത്യവ്യവസ്ഥ എന്ന നിലയ്ക്കാണ് തൊഴിലാളിവര്‍ഗ നേതാക്കള്‍ ദര്‍ശിച്ചത്. പ്രായോഗികമായി ഈ ലക്ഷ്യം കൈവരിക്കാനാവാത്തതാണ് സോഷ്യലിസ്റ്റ് നാടുകളുടെ പ്രതിസന്ധിയുടെ കാരണമായി വളര്‍ന്നതെന്നത് പില്‍ക്കാല ചരിത്രത്തിന്റെ അനുഭവമാണ്.
സോഷ്യലിസ്റ്റ് നാടുകളിലെ പൗരാവകാശനിഷേധം സംബന്ധിച്ച പ്രചാരണങ്ങളില്‍ സത്യത്തിന്റെയും അസത്യത്തിന്റെയും അംശങ്ങളുണ്ട്. തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ സ്വാഭാവികമായും വികസിക്കേണ്ടുന്നതരത്തില്‍ ജനാധിപത്യക്രമം വളര്‍ന്നുവന്നില്ല എന്ന കാര്യത്തില്‍ സോഷ്യലിസത്തിന്റെ അനുകൂലികളും എതിരാളികളും യോജിക്കുന്നുണ്ട്. പാര്‍ട്ടിയുടെ മേധാവിത്വം ജനങ്ങളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളുടെയും മുന്‍കൈ നഷ്ടപ്പെടുത്തുകയുണ്ടായി. പടിപടിയായി ഒരു പുത്തന്‍ വര്‍ഗം പിടിമുറുക്കി. ബ്യൂറോക്രാറ്റിക് മനോഘടനയുള്ള ഈ വര്‍ഗത്തിന്റെ ഇടപെടലുകള്‍ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ മഹനീയമായ ലക്ഷ്യങ്ങളെ തകര്‍ക്കുകയും ചെയ്തു.
ഇന്ത്യയില്‍ പശ്ചിമബംഗാളിലെ ഇടതുമുന്നണി ഭരണമാണ് ഇക്കാര്യത്തിലെ മികച്ച ദൃഷ്ടാന്തം. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പും പിമ്പുമായി കോണ്‍ഗ്രസ് നേതൃത്വം സിദ്ധാര്‍ഥ് ശങ്കര്‍ റേയുടെ കാര്‍മികത്വത്തില്‍ നടപ്പാക്കിയ അര്‍ധ ഫാഷിസ്റ്റ് വാഴ്ചയ്‌ക്കെതിരേ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുത്താണ് പശ്ചിമബംഗാളില്‍ ഇടതുമുന്നണി അധികാരത്തിലേക്കു കുതിച്ചത്. പക്ഷേ, ആദ്യത്തെ ഏതാനും വര്‍ഷത്തെ ഭരണത്തിനുശേഷം ജനാധിപത്യവിരുദ്ധതയുടെ മൂര്‍ത്തിമത്ഭാവമായി സിപിഎം നേതൃത്വം അവിടെ മാറാന്‍ തുടങ്ങി. ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായതോടെ ഈ പ്രവണത പരകോടിയിലെത്തി. മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കൊപ്പം പരസ്യമായി നിലയുറപ്പിക്കുക മാത്രമല്ല, അടിസ്ഥാന ജനവിഭാഗങ്ങളുടെ പൗരാവകാശങ്ങള്‍ക്കായി സമരം ചെയ്തവരെ- കര്‍ഷകരെയും തൊഴിലാളികളെയും- വെടിവച്ചുകൊല്ലാനും ജയിലിലടയ്ക്കാനും മര്‍ദ്ദിച്ചൊതുക്കാനും ബുദ്ധദേവിനു മടിയുണ്ടായില്ല.
കൃഷിഭൂമി സംരക്ഷിക്കുന്നതിനായി തെരുവിലിറങ്ങിയ സിംഗൂരിലെയും നന്തിഗ്രാമിലെയും കര്‍ഷകരെ അതിഭീകരമായാണ് ബുദ്ധദേവ് ഭരണകൂടം നേരിട്ടത്. നന്തിഗ്രാമില്‍ സമരരംഗത്തുറച്ചുനിന്ന സ്ത്രീകളെ കൂട്ടബലാല്‍സംഗങ്ങള്‍ക്കിരയാക്കിയാണ് സിപിഎമ്മിന്റെ ക്രിമിനല്‍സേനയായ ‘ഹര്‍മത് വാഹിനി’ പോലിസിനൊപ്പം ചേര്‍ന്നത്. സോഷ്യല്‍ ഫാഷിസത്തിന്റെ ലക്ഷണയുക്തമായ അനുഭവങ്ങള്‍ പശ്ചിമബംഗാളിലെ ഇടതുമുന്നണി ഭരണകാലത്താണ് ഇന്ത്യയിലെങ്ങും അറിയപ്പെട്ടത്.
സിപിഎം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് ജനാധിപത്യപരമായ പ്രവര്‍ത്തനശൈലിയോട് എത്രമാത്രം പ്രതിബദ്ധതയുണ്ട് എന്ന് ബംഗാള്‍ അനുഭവങ്ങളും കേരളത്തിലെ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ വ്യാജമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാതൃകയായി ഉയര്‍ത്തിക്കാണിക്കപ്പെടുന്ന ‘കണ്ണൂര്‍ മോഡല്‍’ രാഷ്ട്രീയമാണ് ജനാധിപത്യവിരുദ്ധതയുടെ ഉത്തമോദാഹരണം. പാര്‍ട്ടിയുടെ അപ്രമാദിത്വം ഉറപ്പിച്ചുപറഞ്ഞുകൊണ്ടാണ് ‘കണ്ണൂര്‍ മോഡല്‍’ പ്രയോഗങ്ങള്‍ മനുഷ്യത്വവിരുദ്ധതയില്‍ ബംഗാള്‍ മോഡലിനെ പിന്തള്ളുന്നത്.
എതിരാളികളെന്നു മുദ്രകുത്തി രാഷ്ട്രീയവിയോജിപ്പുള്ളവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് വിപ്ലവകരമായ പ്രയോഗമായി കണ്ണൂരിലെ പാര്‍ട്ടി വികസിപ്പിച്ചെടുത്തത്. ചോദ്യങ്ങളുന്നയിക്കുന്നവര്‍ക്ക് ഉത്തരംകൊടുക്കാനല്ല, മര്‍ദ്ദിച്ചു നിശ്ശബ്ദരാക്കാനാണ് കണ്ണൂര്‍ നേതൃത്വത്തിനു താല്‍പര്യം. പാര്‍ട്ടിയുടെ മേധാവിത്വം സര്‍വതലങ്ങളിലും സ്ഥാപിച്ചെടുക്കാന്‍ ഏത് ഹീനമാര്‍ഗങ്ങളും അവലംബിക്കുകയാണ് കണ്ണൂര്‍ ശൈലി. എല്ലാം പാര്‍ട്ടിയെന്ന പരബ്രഹ്മത്തിനു കീഴിലാണ്. പാര്‍ട്ടിയെന്നാല്‍ പരമോന്നത പാര്‍ട്ടിനേതൃത്വമാണ്. അവിടെ ജനാധിപത്യപരമായ പ്രയോഗങ്ങളൊന്നുമില്ല. ആശയപരമായ സംവാദങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടാത്തതും സംശയങ്ങള്‍ക്ക് ഇടമില്ലാത്തതുമായ മേഖലയാണ് കണ്ണൂര്‍ പാര്‍ട്ടിയില്‍ രൂപപ്പെടുന്നത്. പ്രയോഗങ്ങളാണ് ഇവിടത്തെ മുഖമുദ്ര.
നേതൃത്വത്തിന്റെ വിശദീകരണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്ന അനുയായിവൃന്ദമാണ് ഏതൊരു ഫാഷിസ്റ്റ് സംഘടനയിലെയുംപോലെ കണ്ണൂരിലെ സിപിഎമ്മിന്റെയും ശക്തി. പാര്‍ട്ടിയെന്നാല്‍ കല്‍പ്പിക്കുന്ന നേതൃത്വവും അനുസരിക്കുന്ന അനുയായികളും എന്ന നിലയിലേക്ക് ചുരുങ്ങുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്ക് മാത്രം കാതോര്‍ക്കുന്ന, ഏതു നുണയും സത്യമാക്കി അവതരിപ്പിക്കപ്പെടുന്ന നേതൃനിര രൂപപ്പെടുകയാണ്. ഏതെങ്കിലും വിഷയത്തില്‍ ഗൗരവമേറിയ സംവാദങ്ങള്‍ക്കു ചെവിനല്‍കാനുള്ള മാനസികമായ കരുത്ത് ഇക്കൂട്ടര്‍ക്കില്ല. എതിരാളികളെ ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്താമെന്ന അമിത പ്രതീക്ഷയിലാണ് ഇവര്‍ പാര്‍ട്ടിയന്ത്രത്തെ ചലിപ്പിക്കുന്നത്. തങ്ങള്‍ കല്‍പ്പിക്കുന്നതിനൊപ്പം ജനങ്ങളാകെ ചലിക്കണമെന്നാഗ്രഹിക്കുന്ന ഈ നേതൃനിര സോഷ്യല്‍ ഫാഷിസത്തിന്റെ ലക്ഷണമൊത്ത കമാന്‍ഡര്‍മാരാണ്.
(കടപ്പാട്: മറുവാക്ക്, മെയ് 2016)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss